തെലുങ്ക് സൂപ്പർതാരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല രചനയും സംവിധാനവും നിർവഹിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസ്’ സെപ്റ്റംബർ 24ന് ആഗോളതലത്തിൽ തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ റിലീസിനെക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങൾ തള്ളി, നിശ്ചയിച്ച തീയതിയിൽ തന്നെ സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള അവസാനഘട്ട ജോലികളിലാണ് അണിയറപ്രവർത്തകർ. റിലീസ് ഉറപ്പാക്കുന്നതിനായി ടീം 24 മണിക്കൂറും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് നാനിയും നിർമ്മാതാവ് സുധാകർ ചെറുകുറിയും വ്യക്തമാക്കി.
‘ദ പാരഡൈസ്’ ടീസർ കണ്ടതിന് പിന്നാലെ ചിത്രം വലിയ തോതിലുള്ള വയലൻസിനെ കേന്ദ്രീകരിച്ചായിരിക്കുമെന്ന ധാരണ പലർക്കുമുണ്ടായിട്ടുണ്ടെന്ന് നാനി പറഞ്ഞു. എന്നാൽ സിനിമയുടെ യഥാർത്ഥ വൈകാരിക അടിത്തറ അമ്മയും മകനും തമ്മിലുള്ള ബന്ധമാണെന്നാണ് താരത്തിന്റെ വാക്കുകൾ. സ്ക്രീനിൽ കാണുന്ന വയലൻസിനേക്കാൾ അതിന് പിന്നിലുള്ള വികാരമാണ് സിനിമയിൽ കൂടുതൽ ശക്തമായി അനുഭവപ്പെടുകയെന്നും നാനി വ്യക്തമാക്കി.
‘ദസറ’യ്ക്ക് ശേഷം നാനിയും ശ്രീകാന്ത് ഒഡേലയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ദ പാരഡൈസ്’. ‘ദസറ’യുടെ നിർമ്മാതാവായ സുധാകർ ചെറുകുറി തന്നെയാണ് എസ്.എൽ.വി സിനിമാസിന്റെ ബാനറിൽ പുതിയ ചിത്രവും നിർമ്മിക്കുന്നത്. രണ്ട് തവണ റിലീസ് മാറ്റിവയ്ക്കേണ്ടി വന്നെങ്കിലും സെപ്റ്റംബർ 24 എന്ന പുതിയ തീയതിയിൽ ഇനി മാറ്റമുണ്ടാകില്ലെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
ഒരു അമ്മ–മകൻ ബന്ധത്തിന്റെ കഥയിൽ മാത്രം ഒതുങ്ങുന്നതല്ല സിനിമയെന്ന് സംവിധായകൻ ശ്രീകാന്ത് ഒഡേല പറയുന്നു. പാർശ്വവൽക്കരിക്കപ്പെട്ട ഒരു സമൂഹത്തിന്റെ അതിജീവനവും അവകാശത്തിനായുള്ള പോരാട്ടവും കഥയുടെ പ്രധാന ഭാഗമാണ്. സ്വന്തം രാജ്യത്തിനായി പോരാടിയവർക്ക് അതേ രാജ്യത്ത് തങ്ങൾക്ക് ഇടമില്ലെന്ന തിരിച്ചറിവുണ്ടാകുന്നതും അതിനെതിരെ അവർ നടത്തുന്ന പോരാട്ടവുമാണ് ചിത്രത്തിന്റെ പ്രമേയത്തിന്റെ മറ്റൊരു തലമെന്നും സംവിധായകൻ വിശദീകരിച്ചു.
ചിത്രത്തിന് ട്രെയിലർ പുറത്തിറക്കില്ല എന്ന തീരുമാനവും അണിയറപ്രവർത്തകർ സ്ഥിരീകരിച്ചിട്ടുണ്ട്. സിനിമയുടെ കഥയും ലോകവും കൂടുതൽ വെളിപ്പെടുത്താതെ നേരിട്ട് തിയറ്ററിൽ അനുഭവിക്കാൻ പ്രേക്ഷകർക്ക് അവസരം നൽകുകയാണ് ലക്ഷ്യമെന്ന് ശ്രീകാന്ത് ഒഡേല പറഞ്ഞു. സമയപരിമിതിയും ഈ തീരുമാനത്തിന് കാരണമായതായി നാനി വ്യക്തമാക്കി. 2 മണിക്കൂർ 49 മിനിറ്റാണ് ചിത്രത്തിന്റെ ഫൈനൽ കട്ട്.
വലിയ പ്രതീക്ഷയോടെ തിയറ്ററിലെത്തുന്ന പ്രേക്ഷകർക്ക് ശക്തമായ ത്രില്ലും അഡ്രിനലിൻ റഷും നൽകുന്ന അനുഭവമാക്കി സിനിമയെ മാറ്റാനാണ് ശ്രമിച്ചതെന്ന് നാനി പറയുന്നു. ശ്രീകാന്ത് ഒഡേല മനസ്സിൽ കണ്ട ലോകം അതിന്റെ പൂർണതയിൽ സ്ക്രീനിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുഴുവൻ സംഘവും പ്രവർത്തിച്ചതെന്നും താരം വ്യക്തമാക്കി.
ആദ്യം കണക്കാക്കിയതിലും കൂടുതൽ സമയം ‘ദ പാരഡൈസ്’ പൂർത്തിയാക്കാൻ വേണ്ടിവന്നതായും നാനി തുറന്നുപറഞ്ഞു. പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ വിട്ടുവീഴ്ചയില്ലാതെ സിനിമയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞെങ്കിലും സമയക്രമത്തിൽ ചില വെല്ലുവിളികൾ നേരിട്ടു. തെലങ്കാന പശ്ചാത്തലത്തെ ആധികാരികമായി അവതരിപ്പിക്കുന്നതും സങ്കീർണമായ ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണവും വലിയ വെല്ലുവിളിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നീണ്ട ജടകളോടെയുള്ള ഗെറ്റപ്പിൽ ആക്ഷൻ രംഗങ്ങൾ ചിത്രീകരിച്ചത് ശാരീരികമായി ഏറെ പ്രയാസകരമായിരുന്നുവെന്നും ഷൂട്ടിനിടെ തനിക്കും സമ്പൂർണേഷ് ബാബു ഉൾപ്പെടെ സംഘത്തിലെ പലർക്കും പരിക്കേറ്റതായും നാനി വെളിപ്പെടുത്തി. തന്റെ കരിയറിൽ ശാരീരികമായും മാനസികമായും ഏറ്റവും കൂടുതൽ ക്ഷീണിപ്പിച്ച ചിത്രങ്ങളിലൊന്നാണ് ‘ദ പാരഡൈസ്’ എന്നും താരം പറഞ്ഞു.
ചിത്രത്തിൽ നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന മോഹൻ ബാബുവിനെക്കുറിച്ചും നാനി സംസാരിച്ചു. അദ്ദേഹത്തെക്കുറിച്ച് പുറത്തുള്ള ധാരണകളിൽ നിന്ന് വ്യത്യസ്തമായി അടുത്തറിയുമ്പോൾ നിഷ്കളങ്കവും കുട്ടിയെപ്പോലെയുള്ള മനസ്സുമുള്ള വ്യക്തിയെയാണ് കാണാനാകുന്നതെന്നാണ് നാനിയുടെ പ്രതികരണം.
സംഗീതത്തിലും വലിയ പ്രതീക്ഷയാണ് അണിയറപ്രവർത്തകർ പങ്കുവയ്ക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഓരോ ഗാനത്തിനും അനുയോജ്യമായ ശബ്ദവും ഗായകനെയും കണ്ടെത്തുന്നതിൽ ശ്രീകാന്ത് ഒഡേല പ്രത്യേകം ശ്രദ്ധ പുലർത്തുന്നുണ്ടെന്ന് നാനി പറഞ്ഞു. ഗാനങ്ങൾ തിയറ്ററിൽ എത്തുമ്പോൾ സൃഷ്ടിക്കുന്ന അനുഭവത്തെക്കുറിച്ച് തനിക്കും വലിയ ആകാംക്ഷയുണ്ടെന്നും താരം വ്യക്തമാക്കി.
‘ജേഴ്സി’, ‘ഗാങ് ലീഡർ’ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ‘ദ പാരഡൈസ്’. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങൾക്കും മികച്ച പ്രതികരണം ലഭിച്ചതായി അണിയറപ്രവർത്തകർ അറിയിച്ചു.
ജദാൽ എന്ന കഥാപാത്രമായാണ് നാനി ചിത്രത്തിലെത്തുന്നത്. താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ മാസ് അവതാരങ്ങളിലൊന്നായാണ് ജദാലിനെ അണിയറപ്രവർത്തകർ അവതരിപ്പിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ടീസറിലെ ആക്ഷൻ രംഗങ്ങളും മാസ് ഡയലോഗുകളും നാനിയുടെ ഉഗ്രമായ നിലവിളി രംഗവും ശ്രദ്ധ നേടിയിരുന്നു. എന്നാൽ ആ രംഗത്തിന്റെ യഥാർത്ഥ വൈകാരിക തീവ്രത സിനിമയുടെ കഥയ്ക്കൊപ്പം കാണുമ്പോഴാണ് പൂർണമായി മനസ്സിലാകുകയെന്ന് നാനി പറയുന്നു.
ബോളിവുഡ് താരം രാഘവ് ജൂയൽ ആണ് ചിത്രത്തിലെ പ്രതിനായകൻ. വിക്രം മാലിക് എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ വിക്രം മാലിക്കിന്റെ ഗ്ലിമ്പ്സ് വീഡിയോയും ശ്രദ്ധ നേടിയിരുന്നു.
🔥 #TheParadise arrives worldwide September 24!
Nani says the film goes beyond its intense violence, with a powerful mother-son relationship at its emotional core. The Srikanth Odela directorial will hit theatres without a trailer.#Nani #TheParadiseMovie pic.twitter.com/FVina6EqfP
— CinemaCafe™ Media (@cinemacafemedia) September 12, 2026
നാനിക്കും രാഘവ് ജൂയലിനുമൊപ്പം സമ്പൂർണേഷ് ബാബു, മോഹൻ ബാബു, സോണാലി കുൽക്കർണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം.എസ്. ചൗധരി, രാം ജഗൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് എന്നീ എട്ട് ഭാഷകളിലായാണ് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്.
അണിയറ പ്രവർത്തകർ: രചന, സംവിധാനം – ശ്രീകാന്ത് ഒഡേല; നിർമ്മാണം – സുധാകർ ചെറുകുറി; ബാനർ – എസ്.എൽ.വി സിനിമാസ്; ഛായാഗ്രഹണം – സി.എച്ച്. സായ്; സംഗീതം – അനിരുദ്ധ് രവിചന്ദർ; എഡിറ്റിംഗ് – നവീൻ നൂലി; പ്രൊഡക്ഷൻ ഡിസൈൻ – അവിനാഷ് കൊല്ല; ഓഡിയോ – സരിഗമ മ്യൂസിക്; മാർക്കറ്റിംഗ് – ഫസ്റ്റ് ഷോ; പി.ആർ.ഒ – ശബരി.
Nani’s The Paradise Releases September 24; Emotional Mother-Son Story Beyond the Violence
Nani’s The Paradise will release worldwide on September 24, 2026. Director Srikanth Odela says the film goes beyond violence to explore a powerful mother-son bond and a marginalized community’s struggle.