തെലുങ്ക് സൂപ്പർതാരം നന്ദമുരി ബാലകൃഷ്ണയുടെ മകൻ നന്ദമുരി മോക്ഷജ്ഞ തേജ നായകനായി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. മോക്ഷജ്ഞയുടെ ഏറെക്കാലമായി കാത്തിരുന്ന അരങ്ങേറ്റ ചിത്രം രചനയും സംവിധാനവും നിർവഹിക്കുന്നത് വസിഷ്ഠയാണ്. പ്രമുഖ നിർമ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സ് നിർമ്മിക്കുന്ന ചിത്രം മോക്ഷജ്ഞയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യേർനേനി, വൈ. രവി ശങ്കർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നന്ദമുരി കുടുംബത്തിൽ നിന്ന് പുതിയൊരു നായകൻ കൂടി തെലുങ്ക് സിനിമയിലേക്ക് എത്തുന്നുവെന്ന പ്രത്യേകതയുള്ള പ്രഖ്യാപനം പുറത്തുവന്നതോടെ ആരാധകർക്കിടയിലും സിനിമാപ്രേമികൾക്കിടയിലും ചിത്രം ശ്രദ്ധ നേടുകയാണ്.
തന്റെ സിനിമാ അരങ്ങേറ്റത്തിന് അനുയോജ്യമായ തിരക്കഥ തിരഞ്ഞെടുക്കാൻ മോക്ഷജ്ഞ ഏറെ സമയം ചെലവഴിച്ചതായാണ് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നത്. നിരവധി കഥകൾ കേട്ട ശേഷമാണ് വസിഷ്ഠ ഒരുക്കിയ തിരക്കഥയിൽ താരം എത്തിയത്. ആദ്യ ചിത്രത്തിലൂടെ മോക്ഷജ്ഞയെ ശക്തമായ രീതിയിൽ അവതരിപ്പിക്കാൻ കഴിയുന്ന കഥയാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന.
മെഗാസ്റ്റാർ ചിരഞ്ജീവി നായകനാകുന്ന ബിഗ് ബജറ്റ് സോഷ്യോ-ഫാന്റസി ചിത്രം ‘വിശ്വംഭര’ ഒരുക്കിയ വസിഷ്ഠയാണ് മോക്ഷജ്ഞയുടെ അരങ്ങേറ്റ ചിത്രത്തിന് പിന്നിലും എത്തുന്നത്. വലിയ ആശയങ്ങളെയും വിശാലമായ കഥാലോകത്തെയും കൊമേഴ്സ്യൽ സിനിമയുടെ സ്വഭാവത്തിൽ അവതരിപ്പിക്കുന്ന വസിഷ്ഠയും മോക്ഷജ്ഞയും ആദ്യമായി ഒന്നിക്കുന്നതും പുതിയ പ്രോജക്ടിന് മേലുള്ള പ്രതീക്ഷ വർധിപ്പിക്കുന്നു.
വസിഷ്ഠയ്ക്കൊപ്പം മൈത്രി മൂവി മേക്കേഴ്സ് കൂടി കൈകോർക്കുന്നതോടെ വലിയ നിർമ്മാണ നിലവാരത്തിലും വിശാലമായ കാൻവാസിലുമായിരിക്കും ചിത്രം ഒരുങ്ങുകയെന്നാണ് സൂചന. മോക്ഷജ്ഞയുടെ ആദ്യ സിനിമ എന്ന നിലയിൽ താരത്തിന്റെ സ്ക്രീൻ പ്രസൻസിനും പ്രകടനത്തിനും അനുയോജ്യമായ രീതിയിലാണ് പ്രോജക്ട് രൂപകൽപ്പന ചെയ്യുന്നതെന്നാണ് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നത്.
പുതിയ ചിത്രത്തിന്റെ പ്രഖ്യാപനത്തിനൊപ്പം നന്ദമുരി ബാലകൃഷ്ണയെയും മോക്ഷജ്ഞ തേജയെയും അണിയറപ്രവർത്തകർ നേരിൽ കണ്ട് ആശംസകൾ അറിയിക്കുന്ന ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ചിത്രങ്ങളിൽ മോക്ഷജ്ഞയുടെ സ്റ്റൈലിഷ് ലുക്കും ഫിറ്റ്നസും ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നുണ്ട്.
നായകനായുള്ള അരങ്ങേറ്റത്തിന് മുന്നോടിയായി മോക്ഷജ്ഞ വിവിധ മേഖലകളിൽ പരിശീലനം നടത്തിയതായും അണിയറപ്രവർത്തകർ പറയുന്നു. ശാരീരികക്ഷമതയ്ക്കൊപ്പം അഭിനയം, സ്ക്രീൻ പ്രസൻസ് തുടങ്ങി ഒരു കൊമേഴ്സ്യൽ നായകന് ആവശ്യമായ ഘടകങ്ങളിൽ പ്രത്യേക പരിശീലനവും താരം നേടിയിട്ടുണ്ട്.
🔥 A new hero from the Nandamuri family!
Nandamuri Balakrishna’s son Mokshagna Teja is making his acting debut in a film written and directed by Vassishta, backed by Mythri Movie Makers.#MokshagnaTeja #Vassishta #MythriMovieMakers pic.twitter.com/nAf072NWvB
— CinemaCafe™ Media (@cinemacafemedia) September 7, 2026
ചിത്രത്തിന്റെ ടൈറ്റിൽ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നായികയും മറ്റ് താരങ്ങളും ഉൾപ്പെടെയുള്ള കാസ്റ്റിങ് വിവരങ്ങളും സംഗീതം, ഛായാഗ്രഹണം തുടങ്ങിയ സാങ്കേതിക വിഭാഗങ്ങളിലെ പ്രഖ്യാപനങ്ങളും ചിത്രീകരണം സംബന്ധിച്ച കൂടുതൽ വിവരങ്ങളും വരും ദിവസങ്ങളിൽ പുറത്തുവിടും.
അണിയറ പ്രവർത്തകർ: രചന, സംവിധാനം – വസിഷ്ഠ; നിർമ്മാണം – നവീൻ യേർനേനി, വൈ. രവി ശങ്കർ; ബാനർ – മൈത്രി മൂവി മേക്കേഴ്സ്; മാർക്കറ്റിംഗ് – ഫസ്റ്റ്ഷോ; ❤️ പി.ആർ.ഒ – ശബരി.
Nandamuri Mokshagna Teja to Make Acting Debut with Vassishta and Mythri Movie Makers
Nandamuri Balakrishna’s son Mokshagna Teja is set to make his acting debut with writer-director Vassishta. Mythri Movie Makers will produce the yet-untitled big-scale Telugu film.