ദിലീഷ് പോത്തൻ, പൗളി വത്സൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ തദ്ദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത **‘ചെവിട്ടോർമ്മ’**യുടെ ട്രെയ്ലർ പുറത്തിറങ്ങി. മെഡിറ്റേറ്റീവ് ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുക്കിയ ചിത്രം ഇതിനോടകം വിവിധ അന്താരാഷ്ട്ര ചലച്ചിത്ര വേദികളിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ജീവിതം, മരണം, മനുഷ്യബന്ധങ്ങൾ എന്നിവയുടെ വൈകാരിക തലങ്ങളിലേക്ക് കടന്നുചെല്ലുന്ന സിനിമയായിരിക്കുമെന്ന സൂചനയാണ് ട്രെയ്ലർ നൽകുന്നത്.
ദിലീഷ് പോത്തനും പൗളി വത്സനുമൊപ്പം ജോർജ് കോര, ഹരിത പറക്കോട്, ശ്രീകാന്ത് മുരളി, ജിയോ ബേബി തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നു. കഥാപാത്രങ്ങളുടെ വൈകാരിക സംഘർഷങ്ങൾക്കും ജീവിതത്തിന്റെ അവസാന നിമിഷങ്ങളിലെ മനുഷ്യാവസ്ഥകൾക്കും പ്രാധാന്യം നൽകിയാണ് സിനിമയുടെ കഥപറച്ചിൽ ഒരുക്കിയിരിക്കുന്നത്.
ലോകത്തിലെ ശ്രദ്ധേയമായ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലൊന്നായ ദക്ഷിണ കൊറിയയിലെ ബുസാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ചിത്രം ഒക്ടോബറിൽ വേൾഡ് പ്രീമിയറിന് ഒരുങ്ങുകയാണ്. അന്താരാഷ്ട്ര വേദിയിലെ പ്രദർശനത്തിന് മുന്നോടിയായാണ് ഇപ്പോൾ ചിത്രത്തിന്റെ ട്രെയ്ലറും പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.
മരണക്കിടക്കയിൽ കഴിയുന്നവർക്ക് അന്ത്യപ്രാർത്ഥനകൾ ചൊല്ലി, ജീവിതത്തിലെ കെട്ടുപാടുകളിൽ നിന്ന് അവരെ മോചിപ്പിച്ച് സമാധാനപരമായ മരണത്തിലേക്ക് നയിക്കാൻ സഹായിക്കുന്ന ത്രേസ്യ എന്ന സ്ത്രീയാണ് കഥയുടെ കേന്ദ്രം. ത്രേസ്യയും പ്രമാണിയായ പായമ്മൽ വർക്കിച്ചനും തമ്മിലുണ്ടാകുന്ന കൂടിക്കാഴ്ചയിലൂടെയാണ് ‘ചെവിട്ടോർമ്മ’യുടെ കഥ വികസിക്കുന്നത്.
നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ തന്നെ സിനിമ അന്താരാഷ്ട്ര വേദികളിൽ സാന്നിധ്യമറിയിച്ചിരുന്നു. NFDC Co-Production Market, Cannes Co-Production Day, NFDC Working Progress Lab തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ ചിത്രം അവതരിപ്പിക്കപ്പെടുകയും ശ്രദ്ധ നേടുകയും ചെയ്തതായി അണിയറപ്രവർത്തകർ അറിയിച്ചു.
അന്താരാഷ്ട്ര സാങ്കേതിക പ്രവർത്തകരുടെ സാന്നിധ്യവും ‘ചെവിട്ടോർമ്മ’യുടെ പ്രത്യേകതയാണ്. ശ്രദ്ധേയനായ എഡിറ്റർ കാർലോ ഫ്രാൻസിസ്കോ മനടാഡ്, ഇറാനിയൻ സംഗീത സംവിധായകൻ മിലാദ് മോവഹെദി എന്നിവരും ചിത്രത്തിന്റെ സാങ്കേതിക സംഘത്തിന്റെ ഭാഗമാണ്.
സ്റ്റോപ്പ് വിഞ്ചിങ് ഫിലിംസ്, ലവ്ലി ഫ്രെയിംസ്, അൺകോംബ്ഡ് ബുദ്ധ, എസ് ഫോർ സിനിമാസ് എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ക്രിയേറ്റീവ് പ്രൊഡ്യൂസർ സ്റ്റീഫൻ സക്കറിയാസിന്റെ നേതൃത്വത്തിൽ ലോകൻ രവി, സാജൻ ബാലൻ എന്നിവരാണ് നിർമ്മാതാക്കൾ.
🎬 #Chevittormma official trailer is OUT NOW!
Leo Thaddeus’ meditative family drama starring Dileesh Pothan & Pauly Valsan explores life, death and human relationships ahead of its world premiere at the Busan International Film Festival.#DileeshPothan #BIFF pic.twitter.com/gpBPhnFInz
— CinemaCafe™ Media (@cinemacafemedia) September 11, 2026
അണിയറ പ്രവർത്തകർ: തിരക്കഥ, സംവിധാനം – ലിയോ തദ്ദേവൂസ്; നിർമ്മാണം – ലോകൻ രവി, സാജൻ ബാലൻ; ക്രിയേറ്റീവ് പ്രൊഡ്യൂസർ – സ്റ്റീഫൻ സക്കറിയാസ്; ഛായാഗ്രഹണം – സ്വരൂപ് ശോഭ ശങ്കർ; എഡിറ്റിംഗ് – കാർലോ ഫ്രാൻസിസ്കോ മനടാഡ്; സംഗീതം – മിലാദ് മോവഹെദി; പ്രൊഡക്ഷൻ ഡിസൈൻ – ജോസഫ് നെല്ലിക്കൽ; മേക്കപ്പ് – റൊണക്സ് സേവ്യർ; സൗണ്ട് ഡിസൈൻ – രാജേഷ് ശശീന്ദ്രൻ; മിക്സിങ് – തപസ് നായക്; കളറിസ്റ്റ് – റോബർട്ട് ലാങ്; കലാസംവിധാനം – റോസ്മി അനുമോദ്; വസ്ത്രാലങ്കാരം – രഞ്ജിനി മേരി റെജി; എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – നോബിൻ കുര്യൻ; പി.ആർ.ഒ – ശബരി.
Chevittormma Official Trailer Out Ahead of Busan World Premiere | Dileesh Pothan, Pauly Valsan
The official trailer of Leo Thaddeus’ Chevittormma (The Soul Whisperer), starring Dileesh Pothan and Pauly Valsan, is out ahead of its world premiere at the Busan International Film Festival.