അന്താരാഷ്ട്ര ചലച്ചിത്ര ലോകത്ത് ശ്രദ്ധേയമായ മുന്നേറ്റവുമായി ന്യൂട്ടൻ സിനിമ കാൻ ഫിലിം മാർക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര വിപണികളിലൊന്നായ മാർഷേ ദു ഫിലിമിൽ (Marché du Film) ആദ്യമായി സാന്നിധ്യം അറിയിച്ച ന്യൂട്ടൻ സിനിമ, സംവിധായിക സെമ്മലർ അന്നം ഒരുക്കിയ ‘മയിലാ’ എന്ന ചിത്രത്തിന്റെ പ്രത്യേക സ്ക്രീനിംഗോടെയാണ് ശ്രദ്ധ നേടുന്നത്. മെയ് 12ന് കാനിലെ ലെറിന്സ് സിനിമ ക്ലബ്ബിൽ നടന്ന പ്രദർശനം അന്താരാഷ്ട്ര സിനിമാ പ്രവർത്തകരുടെയും നിരൂപകരുടെയും ശ്രദ്ധ പിടിച്ചുപറ്റി.
മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ ഭാഷകളിലായി വ്യത്യസ്ത ശൈലിയും ആഗോള പ്രസക്തിയും കൈവരിക്കുന്ന സിനിമകളുടെ നിരയുമായാണ് ന്യൂട്ടൻ സിനിമ കാനിൽ എത്തിയത്. സംവിധായകരുടെ വ്യക്തിമുദ്ര പതിഞ്ഞ സ്വതന്ത്ര സിനിമകൾക്ക് വേദിയൊരുക്കുകയാണ് ലക്ഷ്യമെന്ന് നിർമ്മാതാക്കളും സംഘാടകരും വ്യക്തമാക്കുന്നു. Palais -1, 27.03 എന്ന ബൂത്തിലൂടെയാണ് ന്യൂട്ടൻ സിനിമ കാൻ മാർക്കറ്റിൽ പങ്കെടുത്തത്.
ഇതോടൊപ്പം ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സലിം അഹമ്മദിന്റെ അഞ്ചാമത്തെ സംവിധാന ചിത്രമായ ‘ലെഫ്റ്റോവർ’ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. അർജുൻ രാധാകൃഷ്ണൻ, സറിൻ ഷിഹാബ്, തൻമയ് ധനനിയ, ശ്വേത ബസു പ്രസാദ്, റോഷൻ മാത്യു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം സലിം അഹമ്മദും പി.വി. ഷാജികുമാറും ചേർന്നാണ് രചിച്ചിരിക്കുന്നത്.
“നിശബ്ദത, ഓർമ്മ, ധാർമികമായ പ്രാധാന്യം എന്നിവയിൽ നിന്നുമാണ് ‘ലെഫ്റ്റോവർ’ രൂപം കൊണ്ടത്. അതിശയോക്തികളില്ലാതെ വേദനയെ അവതരിപ്പിക്കുകയും മനുഷ്യരുടെ പൊതുവായ അനുഭവങ്ങളെ സ്പർശിക്കുകയും ചെയ്യുന്ന സിനിമയാണ് ഇത്,” എന്ന് സലിം അഹമ്മദ് പറഞ്ഞു. അന്താരാഷ്ട്ര സിനിമാ ലോകത്തിന് മുന്നിൽ ചിത്രം അവതരിപ്പിക്കാൻ കഴിയുന്നതിൽ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സലിം അഹമ്മദിന്റെ ‘ആദാമിന്റെ മകൻ അബു’ നാല് ദേശീയ പുരസ്കാരങ്ങൾ നേടുകയും ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. ‘പത്തേമാരി’, ‘കുഞ്ഞനന്തന്റെ കട’, ‘ആൻഡ് ദി ഓസ്കാർ ഗോസ് ടു…’ എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് ശ്രദ്ധേയ ചിത്രങ്ങൾ.
#NewtonCinema makes its grand debut at the Cannes Film Market 🎬🌍
The studio officially announced #Leftover, the fifth directorial feature from National Award-winning filmmaker Salim Ahamed, alongside the international screening of #Mayilaa at Cannes. #Cannes2026 #SalimAhamed pic.twitter.com/d2NpLhFSs5— CinemaCafe™ Media (@cinemacafemedia) May 12, 2026
‘ലെഫ്റ്റോവർ’ ചിത്രത്തിന്റെ സാങ്കേതിക വിഭാഗത്തിലും പ്രമുഖരാണ് അണിനിരക്കുന്നത്. ഛായാഗ്രഹണം ശരൺ വേലായുധൻ, എഡിറ്റിംഗ് എ. ശ്രീകർ പ്രസാദ്, സംഗീതം ക്രിസ്റ്റോ സേവ്യർ, പ്രൊഡക്ഷൻ ഡിസൈൻ ആഷിക് എസ്, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, കോസ്റ്റ്യൂം ഡിസൈൻ ഗായത്രി കിഷോർ, മേക്കപ്പ് സലാം എന്നിവരാണ് നിർവഹിക്കുന്നത്.
റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ വേൾഡ് പ്രീമിയർ നേടിയ ‘മയിലാ’ ടൗളൂസ് ചലച്ചിത്രമേളയിൽ ഓഡിയൻസ് അവാർഡും നേടിയിരുന്നു. ‘ലെഫ്റ്റോവർ’ ചിത്രത്തിന്റെ വേൾഡ് പ്രീമിയർ സംബന്ധിച്ച വിവരങ്ങൾ അടുത്ത ആഴ്ചകളിൽ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.
ന്യൂട്ടൻ സിനിമയുടെ കാൻ മാർക്കറ്റ് പട്ടികയിൽ പ്രസന്ന വിത്താനഗെ സംവിധാനം ചെയ്യുന്ന ‘ദി ഗാംബ്ലർ’, സലിം അഹമ്മദിന്റെ ‘ദി സോർബോൺ കോൺസ്പിറസി’, ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ ശ്രദ്ധ നേടിയ നിതിൻ ലൂക്കോസിന്റെ ‘ദി വൈൽഡ് ഹണ്ട്’ എന്നിവയും ഉൾപ്പെടുന്നു.
ന്യൂട്ടൻ സിനിമയുടെ സ്ഥാപകനും സിഇഒയുമായ ആന്റോ ചിറ്റിലപ്പിള്ളി പറഞ്ഞു: “സ്വതന്ത്ര സിനിമാ പ്രവർത്തകർക്കും വ്യത്യസ്ത ശബ്ദങ്ങൾക്കും ഒരു അന്താരാഷ്ട്ര വേദി ഒരുക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. സമൂഹത്തിൽ പറയപ്പെടാതെ പോകുന്ന കഥകൾ ലോക സിനിമയുടെ കേന്ദ്രത്തിലേക്ക് എത്തിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.”
ലോസ് ആഞ്ചലസ്, സാൻ ഫ്രാൻസിസ്കോ, ബോസ്റ്റൺ, കൊളംബോ, കൊച്ചി എന്നിവിടങ്ങളിൽ ഓഫീസുകളുള്ള ന്യൂട്ടൻ സിനിമ, സ്വതന്ത്ര സിനിമകൾക്കും പുതിയ ചലച്ചിത്ര ശബ്ദങ്ങൾക്കും പ്രാധാന്യം നൽകുന്ന അന്താരാഷ്ട്ര നിർമ്മാണ സ്ഥാപനമായി ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്.
Newton Cinema Debuts at Cannes Market; Salim Ahamed’s Fifth Film Leftover Officially Announced
Newton Cinema made its debut at the Cannes Film Market with a special screening of Mayilaa and officially announced Leftover, the fifth directorial feature from National Award-winning filmmaker Salim Ahamed. The international slate includes auteur-driven films across multiple languages.