മഹാഭാരതത്തിലെ ഏറ്റവും ശക്തവും വൈകാരികവുമായ കഥാപാത്രങ്ങളിലൊന്നായ കർണ്ണന്റെ കഥ ബ്രഹ്മാണ്ഡ സിനിമാറ്റിക് അനുഭവമായി പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ‘മഹാവീർ കർണ്ണ’ 2026 ഡിസംബർ 4ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. ആർവി സ്റ്റുഡിയോസുമായി സഹകരിച്ച് പെൻ മൂവീസും ശ്രീ നീലാദ്രി പ്രൊഡക്ഷൻസും ചേർന്നാണ് ഈ വമ്പൻ ചിത്രം നിർമ്മിക്കുന്നത്. റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള ചിത്രത്തിന്റെ ടീസറും അണിയറ പ്രവർത്തകർ പുറത്തുവിട്ടു.
‘രാക്ഷസുഡു’, ‘ഖിലാഡി’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രമേഷ് വർമ്മയാണ് ‘മഹാവീർ കർണ്ണ’ സംവിധാനം ചെയ്യുന്നത്. ജയന്തിലാൽ ഗാഡ അവതരിപ്പിക്കുന്ന ചിത്രം ഇന്ത്യൻ സിനിമയിൽ അധികം പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത ഹൈബ്രിഡ് ലൈവ് ആക്ഷൻ ഫോർമാറ്റിലാണ് ഒരുക്കുന്നത്. ലൈവ് ആക്ഷൻ പ്രകടനങ്ങളുടെ വൈകാരികതയും അത്യാധുനിക വിഷ്വൽ ഇഫക്റ്റുകളുടെ സാധ്യതകളും സമന്വയിപ്പിച്ചാണ് കർണ്ണന്റെ ഇതിഹാസ ലോകം സ്ക്രീനിലെത്തിക്കുന്നത്.
ആക്ഷൻ, ത്രില്ലർ, മാസ് കൊമേഴ്സ്യൽ സിനിമകളിലൂടെ ശ്രദ്ധ നേടിയ രമേഷ് വർമ്മ, ‘മഹാവീർ കർണ്ണ’യിലൂടെ തികച്ചും വ്യത്യസ്തമായ സിനിമാ മേഖലയിലേക്കാണ് കടക്കുന്നത്. വമ്പൻ യുദ്ധരംഗങ്ങളിലോ ദൃശ്യവിസ്മയങ്ങളിലോ മാത്രം ഒതുങ്ങാതെ കർണ്ണൻ എന്ന മനുഷ്യന്റെ വൈകാരിക സംഘർഷങ്ങൾക്കും ജീവിതത്തിലെ തിരഞ്ഞെടുപ്പുകൾക്കുമാണ് ചിത്രം പ്രാധാന്യം നൽകുന്നത്.
കുന്തിയുടെ മകനായി ജനിച്ചിട്ടും രാജകീയ അംഗീകാരത്തിൽ നിന്ന് അകന്ന് വളർന്ന കർണ്ണന്റെ ജീവിതം തിരസ്കരണത്തിന്റെയും സ്വത്വത്തിന്റെയും സൗഹൃദത്തിന്റെയും വിശ്വസ്തതയുടെയും വിധിയുടെയും കഥ കൂടിയാണ്. എന്തു വില കൊടുക്കേണ്ടിവന്നാലും നൽകിയ വാക്കിൽ ഉറച്ചുനിൽക്കുന്ന കർണ്ണന്റെ സ്വഭാവവും ഐതിഹാസികമായ ഔദാര്യവും അദ്ദേഹത്തെ മഹാഭാരതത്തിലെ ഏറ്റവും സങ്കീർണവും ദാരുണവുമായ കഥാപാത്രങ്ങളിലൊന്നാക്കി മാറ്റുന്നു. ഈ മാനുഷിക തലമാണ് ‘മഹാവീർ കർണ്ണ’യുടെ വൈകാരിക അടിത്തറയാകുന്നത്.
ഇപ്പോൾ പുറത്തിറങ്ങിയ ടീസറും കർണ്ണന്റെ ഈ വ്യക്തിത്വത്തിനാണ് ഊന്നൽ നൽകുന്നത്. യോദ്ധാക്കളുടെയും രാജ്യങ്ങളുടെയും ആയുധങ്ങളുടെയും വമ്പൻ ദൃശ്യലോകത്തിനപ്പുറം, സ്വന്തം വാക്കിനും വിശ്വാസത്തിനും വേണ്ടി നിലകൊള്ളുന്ന ഒരു മനുഷ്യനെയാണ് ടീസർ മുന്നോട്ടുവയ്ക്കുന്നത്. ബഹുമാനം, വിശ്വസ്തത, സൗഹൃദം, വഞ്ചന, വിധി, നൽകിയ വാക്ക് പാലിക്കേണ്ടിവരുന്നതിന്റെ വില എന്നിവയെ ആസ്പദമാക്കിയുള്ള മാനുഷിക ഇതിഹാസമായാണ് കർണ്ണന്റെ കഥയെ ചിത്രം സമീപിക്കുന്നതെന്ന സൂചനയും ടീസർ നൽകുന്നു.
🏹 #MahaveerKarna arrives worldwide on December 4, 2026!
Director Ramesh Varma brings Karna’s legendary journey to the big screen as a grand hybrid live-action epic. ⚔️
The teaser is out now!#Karna #RameshVarma #Mahabharata #IndianCinema #PanIndianMovie pic.twitter.com/wduHC6DyOC
— CinemaCafe™ Media (@cinemacafemedia) August 22, 2026
ഹൈബ്രിഡ് ലൈവ് ആക്ഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലൂടെ വലിയ കാൻവാസിലുള്ള ലോകനിർമ്മാണത്തിനും അതിശയിപ്പിക്കുന്ന ദൃശ്യാവിഷ്കാരങ്ങൾക്കും കൂടുതൽ സാധ്യതകളാണ് ചിത്രം തുറക്കുന്നത്. ഇന്ത്യൻ ഇതിഹാസത്തിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊരാളായ കർണ്ണനെ പുതിയ തലമുറയ്ക്കായി അത്യാധുനിക സിനിമാറ്റിക് ഭാഷയിൽ അവതരിപ്പിക്കാനാണ് അണിയറ പ്രവർത്തകരുടെ ശ്രമം.
റാംജി ഡോട്ട് ഹൈബ്രിഡ് ക്രിയേറ്ററും ഛായാഗ്രാഹകനുമായെത്തുന്നു. പ്രവീൺ പുഡി എഡിറ്റിംഗും ഗ്യാനി സംഗീതവും നിർവഹിക്കുന്നു. ശ്രീമാനിയാണ് സംഭാഷണങ്ങൾ ഒരുക്കുന്നത്. ഗാന്ധി നാടികുടികർ പ്രൊഡക്ഷൻ ഡിസൈൻ നിർവഹിക്കുന്നു. സംവിധാനത്തിനൊപ്പം ചിത്രത്തിന്റെ VFX ചുമതലയും രമേഷ് വർമ്മ നിർവഹിക്കുന്നു.
വമ്പൻ ദൃശ്യവിസ്മയവും കർണ്ണന്റെ ജീവിതത്തിലെ ശക്തമായ വൈകാരിക മുഹൂർത്തങ്ങളും ഒരുമിപ്പിക്കുന്ന ‘മഹാവീർ കർണ്ണ’ 2026 ഡിസംബർ 4ന് പാൻ ഇന്ത്യൻ റിലീസായി തിയേറ്ററുകളിലെത്തും.
അണിയറ പ്രവർത്തകർ: സംവിധാനം, VFX – രമേഷ് വർമ്മ; സംഭാഷണം – ശ്രീമാനി; സംഗീതം – ഗ്യാനി; ഛായാഗ്രഹണം / ഹൈബ്രിഡ് ക്രിയേറ്റർ – റാംജി ഡോട്ട്; എഡിറ്റർ – പ്രവീൺ പുഡി; പ്രൊഡക്ഷൻ ഡിസൈനർ – ഗാന്ധി നാടികുടികർ; ബാനറുകൾ – പെൻ സ്റ്റുഡിയോസ്, ശ്രീ നീലാദ്രി പ്രൊഡക്ഷൻസ്, ആർവി സ്റ്റുഡിയോസ്; പി.ആർ.ഒ – ശബരി.
Mahaveer Karna: Ramesh Varma’s Hybrid Live-Action Epic to Release Worldwide on December 4
Ramesh Varma’s epic hybrid live-action film Mahaveer Karna will release worldwide on December 4, 2026. The teaser promises a grand retelling of Karna’s Mahabharata story.