ഫഹദ് ഫാസിൽ നായകനാകുന്ന ഫാന്റസി ഫാമിലി എന്റർടെയ്നർ ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ കേരള പ്രീ-റിലീസ് ഇവന്റ് കൊച്ചി ലുലു മാളിൽ നടന്നു. ചിത്രം അവതരിപ്പിക്കുന്ന സംവിധായകൻ എസ്.എസ്. രാജമൗലി ചടങ്ങിൽ പങ്കെടുത്തതോടെ മണിക്കൂറുകൾക്ക് മുമ്പുതന്നെ അദ്ദേഹത്തെ കാണാൻ ആരാധകർ വേദിക്ക് സമീപം തടിച്ചുകൂടിയിരുന്നു. ഫഹദ് ഫാസിൽ ഉൾപ്പെടെയുള്ള ചിത്രത്തിന്റെ താരങ്ങളും അണിയറപ്രവർത്തകരും ചടങ്ങിന്റെ ഭാഗമായി.
സിനിമാ രംഗത്തെ തന്റെ യാത്രയുടെ 25 വർഷങ്ങൾ പിന്നിടുന്ന വേളയിലാണ് രാജമൗലി കൊച്ചിയിലെത്തിയത്. കേരളവുമായുള്ള തന്റെ ഓർമകൾ അദ്ദേഹം വേദിയിൽ പങ്കുവെച്ചു. ചിത്രത്തിന്റെ ട്രെയ്ലറിന് പിന്തുണ നൽകിയ മോഹൻലാലിനും രാജമൗലി നന്ദി അറിയിച്ചു.
ഫഹദ് ഫാസിലും തന്റെ സിനിമാ യാത്രയെക്കുറിച്ച് വേദിയിൽ സംസാരിച്ചു. ഇടവേളകൾ കൂടി കണക്കിലെടുക്കുമ്പോൾ തന്റെ സിനിമാ ജീവിതത്തിനും 25 വർഷം പൂർത്തിയാകുകയാണെന്നും അറുപതിലധികം ചിത്രങ്ങളിലൂടെ തന്നെ പിന്തുണച്ച പ്രേക്ഷകരോട് നന്ദിയുണ്ടെന്നും താരം പറഞ്ഞു. ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ മലയാളി പ്രേക്ഷകർക്ക് പൂർണമായും മലയാള സിനിമയുടെ അനുഭവത്തോടെ എത്തിക്കാനാണ് ശ്രമിച്ചിരിക്കുന്നതെന്നും കുടുംബസമേതം ചിത്രം തിയറ്ററിൽ കാണണമെന്നും ഫഹദ് അഭ്യർഥിച്ചു.
കേരളത്തിലെ പ്രേക്ഷകരുടെ സിനിമാസ്നേഹത്തെക്കുറിച്ചാണ് നിർമ്മാതാവ് എസ്.എസ്. കാർത്തികേയ സംസാരിച്ചത്. സിനിമയെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ശക്തമായ പ്രേക്ഷകസമൂഹമാണ് കേരളത്തിലുള്ളതെന്നും ഫഹദ് ഫാസിലിന്റെ പുതിയ ചിത്രത്തെയും മലയാളി പ്രേക്ഷകർ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാലതാരം സാറയും പ്രീ-റിലീസ് ചടങ്ങിൽ പങ്കെടുത്തു. സാറയുടെ സംസാരവും വേദിയിലെ നിമിഷങ്ങളും സദസ്സിന്റെ ശ്രദ്ധ നേടി.
തിരക്കഥാകൃത്ത് ശ്യാം പുഷ്കരനും ചടങ്ങിന്റെ ഭാഗമായി. ചിത്രത്തിന്റെ പ്രത്യേക പ്രദർശനം കണ്ട അനുഭവം പങ്കുവെച്ച അദ്ദേഹം കുട്ടികൾക്കൊപ്പം കുടുംബസമേതം തിയറ്ററിൽ ആസ്വദിക്കാവുന്ന സിനിമയായാണ് ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ അനുഭവപ്പെട്ടതെന്ന് അഭിപ്രായപ്പെട്ടു.
സംവിധായകൻ ഗിരീഷ് എ.ഡിയും ചടങ്ങിൽ പങ്കെടുത്തു. എസ്.എസ്. രാജമൗലിയെക്കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിന് മറുപടിയായി, സെറ്റിൽ അദ്ദേഹം വളരെ കൂളാണെങ്കിലും ഒരു സംവിധായകൻ എന്ന നിലയിൽ രാജമൗലിയോട് സംസാരിക്കുമ്പോൾ തനിക്ക് ചെറിയൊരു പേടി തോന്നാറുണ്ടെന്ന് ഗിരീഷ് പറഞ്ഞു. ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരുമിച്ച് ആസ്വദിക്കാവുന്ന ചിത്രമായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നവാഗതനായ ശശാങ്ക് യെലേട്ടി സംവിധാനം ചെയ്യുന്ന ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ ഫാന്റസി, ഹ്യൂമർ, കുടുംബബന്ധങ്ങൾ, വൈകാരിക മുഹൂർത്തങ്ങൾ എന്നിവ ചേർത്താണ് ഒരുക്കിയിരിക്കുന്നത്. ആർക്ക മീഡിയ വർക്ക്സ്, ഷോയിംഗ് ബിസിനസ് എന്നീ ബാനറുകളിൽ ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി, എസ്.എസ്. കാർത്തികേയ എന്നിവരാണ് നിർമ്മാതാക്കൾ.
ഫഹദ് ഫാസിൽ തന്റെ പതിവ് കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. ബാലതാരം സാറയുടെ കഥാപാത്രവും കഥയിൽ നിർണായകമാണ്. നേരത്തെ പുറത്തിറങ്ങിയ ടീസർ, ഗാനങ്ങൾ, ട്രെയ്ലർ എന്നിവ ചിത്രത്തിന്റെ ഫാന്റസി ലോകത്തെ പരിചയപ്പെടുത്തിയിരുന്നു. ട്രെയ്ലറിലെ മോഹൻലാലിന്റെ അവതരണവും മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു.
🔥 Kochi welcomes SS Rajamouli in style!
A huge crowd gathered at Lulu Mall for the Kerala pre-release event of Fahadh Faasil’s #DontTroubleTheTrouble.
🎬 Presented by SS Rajamouli
📅 Worldwide in theatres October 2#FahadhFaasil #SSRajamouli pic.twitter.com/QTCJ7Cdc7l— CinemaCafe™ Media (@cinemacafemedia) September 30, 2026
മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ചിത്രം ഒക്ടോബർ 2ന് ലോകവ്യാപകമായി തിയറ്ററുകളിലെത്തും. കേരളത്തിൽ ഭാവന സ്റ്റുഡിയോസിന്റെ വിതരണ വിഭാഗമായ ഭാവന റിലീസ് ആണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.
അണിയറ പ്രവർത്തകർ: അവതരണം – എസ്.എസ്. രാജമൗലി; സംവിധാനം – ശശാങ്ക് യെലേട്ടി; നിർമ്മാണം – ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി, എസ്.എസ്. കാർത്തികേയ; ബാനറുകൾ – ആർക്ക മീഡിയ വർക്ക്സ്, ഷോയിംഗ് ബിസിനസ്; സ്ക്രിപ്റ്റ് ഡെവലപ്മെന്റ് – എസ്.എസ്. കാഞ്ചി; കോ-റൈറ്റർ – ഹംസ അലി; സംഗീതം, പശ്ചാത്തല സംഗീതം – കാലഭൈരവ; ഛായാഗ്രഹണം – ബാലാജി സുബ്രഹ്മണ്യം; എഡിറ്റിങ് – പ്രവീൺ ആന്റണി; കൊറിയോഗ്രഫി – സുധൻ; കോസ്റ്റ്യൂം ഡിസൈൻ, സ്റ്റൈലിങ് – രാമ രാജമൗലി; എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – എസ്.എസ്. ശശാങ്ക്; പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഡി. സതീഷ് കുമാർ; ലൈൻ പ്രൊഡ്യൂസർ – രാഹുൽ ഷാലി; പ്രൊഡക്ഷൻ കൺട്രോളർ – ഡി. യോഗാനന്ദ്; കേരള വിതരണം – ഭാവന റിലീസ്; ❤️ പി.ആർ.ഒ – പ്രതീഷ് ശേഖർ.
Don’t Trouble the Trouble Pre-Release Event Rocks Kochi; Huge Crowd Gathers for SS Rajamouli
SS Rajamouli and Fahadh Faasil attended the Don’t Trouble the Trouble Kerala pre-release event at Lulu Mall Kochi, drawing a huge crowd ahead of the film’s October 2 worldwide release.