കാട്ടാളൻ റിലീസിന് മുൻപേ തന്നെ ദേശീയ തലത്തിൽ വമ്പൻ ശ്രദ്ധ നേടിയിരിക്കുകയാണ്. ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ആക്ഷൻ ത്രില്ലർ, 2026ൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഇന്ത്യൻ ചിത്രങ്ങളുടെ ഐഎംഡിബി ലിസ്റ്റിൽ ഒന്നാം സ്ഥാനത്തെത്തി. ഈ പട്ടികയിലെ ടോപ് 10ൽ ഇടം നേടിയ ഏക മലയാള ചിത്രം കൂടിയാണ് ‘കാട്ടാളൻ’ എന്നത് ശ്രദ്ധേയമാണ്. പ്രേക്ഷകരുടെ റിയൽ ടൈം പോപ്പുലാരിറ്റിയും ഓൺലൈൻ എൻഗേജ്മെന്റും അടിസ്ഥാനമാക്കിയാണ് ഐഎംഡിബി ഈ ലിസ്റ്റ് തയ്യാറാക്കുന്നത്.
2026 മെയ് 28ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തുന്ന ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റിലീസുകളിലൊന്നായി ഒരുങ്ങുകയാണ്. നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രം, പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ മാർക്കോയ്ക്ക് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന പുതിയ വമ്പൻ ആക്ഷൻ പ്രോജക്ട് കൂടിയാണ്.
ആൻ്റണി വർഗീസ് നായകനായി എത്തുന്ന ചിത്രത്തിൽ അദ്ദേഹത്തിനൊപ്പം വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. നായികയായി തമിഴ് താരം ദുഷാര വിജയൻ മലയാളത്തിലേക്ക് എത്തുമ്പോൾ, തെലുങ്ക് താരം സുനിൽ, കബീർ ദുഹാൻ സിംഗ്, രാജ് തിരാണ്ടുസു, ബോളിവുഡ് താരം പാർഥ് തിവാരി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാളത്തിൽ നിന്ന് ജഗദീഷ്, സിദ്ദിഖ്, ഹനാൻ ഷാ, ഹിപ്സ്റ്റർ എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.
ചിത്രത്തിന്റെ ട്രെയ്ലർ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. പ്രേക്ഷകരെ ഒരേസമയം ഞെട്ടിക്കുകയും ആവേശത്തിലാഴ്ത്തുകയും ചെയ്യുന്ന ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ് എന്നാണ് ട്രെയ്ലർ നൽകുന്ന സൂചന. ഇതിനോടകം പുറത്തിറങ്ങിയ “ഹണ്ടർ ആന്തം” ഉൾപ്പെടെയുള്ള പ്രൊമോ ഗാനങ്ങളും വൻ പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്.
മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത വമ്പൻ കാൻവാസിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ലോകപ്രശസ്ത ആക്ഷൻ കൊറിയോഗ്രാഫറായ കെച്ച കെംബാക്ഡിയും അദ്ദേഹത്തിന്റെ സംഘവും ചേർന്നാണ് തായ്ലൻഡിൽ ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ ഒരുക്കിയത്. ഓങ് ബാക്ക് സീരിസിലൂടെ ശ്രദ്ധ നേടിയ “പോങ്” എന്ന ആനയും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ആക്ഷൻ സീക്വൻസുകളും ദൃശ്യാവിഷ്കാരവും ‘കാട്ടാളനെ’ ഒരു പാൻ ഇന്ത്യൻ ആക്ഷൻ വിസ്മയമാക്കുമെന്നാണ് റിപ്പോർട്ടുകൾ.
രവി ബസ്റൂർ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. കെജിഎഫ്, സലാർ തുടങ്ങിയ വമ്പൻ ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയിൽ തരംഗം സൃഷ്ടിച്ച രവി ബസ്റൂർ വീണ്ടും മലയാളത്തിലേക്ക് എത്തുന്നു എന്നതും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.
#Kattalan becomes the No.1 most anticipated Indian movie of 2026 on IMDb 🔥
Anthony Varghese’s massive pan-Indian action thriller is the only Malayalam film in IMDb’s Top 10 anticipation list. Releasing worldwide on May 28! 🎬⚡#AnthonyVarghese #Pepe #MalayalamCinema #PanIndian pic.twitter.com/V9JeSr09iA— CinemaCafe™ Media (@cinemacafemedia) May 14, 2026
ജോബി വർഗീസ്, പോൾ ജോർജ്, ജെറോ ജേക്കബ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. സംഭാഷണം രചിച്ചിരിക്കുന്നത് ഉണ്ണി ആർ ആണ്. ഹോംബാലെ ഫിലിംസ് കർണാടകയിലെ വിതരണാവകാശം സ്വന്തമാക്കിയപ്പോൾ, ഹിന്ദി വിതരണാവകാശം ജെ വേൽ ഏറ്റെടുത്തു. തമിഴ്നാട്ടിൽ ജിഎസ് സിനിമ ഇന്റർനാഷണലും ആർപി ബാല ഫിലിംസും ചേർന്നാണ് ചിത്രം വിതരണം ചെയ്യുന്നത്. ടി-സീരീസ് ചിത്രത്തിന്റെ മ്യൂസിക് അവകാശവും ഷെമാറൂ ഡിജിറ്റൽ-സാറ്റലൈറ്റ് അവകാശവും സ്വന്തമാക്കിയിട്ടുണ്ട്. ഫാർസ് ഫിലിംസുമായി സഹകരിച്ചാണ് ചിത്രം വിദേശ റിലീസിനൊരുങ്ങുന്നത്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ചിത്രം പ്രദർശനത്തിനെത്തും. റിലീസിന് മുമ്പേ തന്നെ ദേശീയ തലത്തിൽ വമ്പൻ ഹൈപ്പ് സൃഷ്ടിച്ചിരിക്കുന്ന ‘കാട്ടാളൻ’, മലയാള സിനിമയുടെ പാൻ ഇന്ത്യൻ സാധ്യതകൾ വീണ്ടും ഉയർത്തിക്കാട്ടുന്ന ചിത്രമായി മാറുമെന്നാണ് സിനിമാ ലോകത്തിന്റെ വിലയിരുത്തൽ.
Kattalan Tops IMDb’s Most Anticipated Indian Movies of 2026 List
Anthony Varghese starrer Kattalan has become the No.1 most anticipated Indian movie of 2026 on IMDb. Directed by Paul George, the pan-Indian action thriller releases worldwide on May 28 and is the only Malayalam film in IMDb’s Top 10 list.