നിമിഷ സജയൻ, കരുണാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്കാര ജേതാവ് സജീവ് പാഴൂർ ഒരുക്കുന്ന പാൻ ഇന്ത്യൻ തമിഴ് ചിത്രം **‘എന്ന വിലൈ’**യിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘കടലാടും സീമയിലെ’ എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിന്റെ വീഡിയോയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. സാം സി.എസ്. സംഗീതം ഒരുക്കിയ ഗാനം ആന്റണി ദാസൻ ആലപിച്ചപ്പോൾ കാർത്തിക് നേതയാണ് വരികൾ രചിച്ചിരിക്കുന്നത്.
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളുടെ ജീവിതവും അവരുടെ വൈകാരിക മുഹൂർത്തങ്ങളും കോർത്തിണക്കിയാണ് ‘കടലാടും സീമയിലെ’ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ കഥാപശ്ചാത്തലത്തിലേക്കുള്ള സൂചനകളും ഗാനത്തിന്റെ ദൃശ്യങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മെലഡി സ്വഭാവത്തിൽ ഒരുക്കിയ ഗാനരംഗത്തിൽ കരുണാസ്, നിമിഷ സജയൻ എന്നിവരുൾപ്പെടെ ചിത്രത്തിലെ പ്രധാന താരങ്ങളും പ്രത്യക്ഷപ്പെടുന്നു. വൈകാരികതയ്ക്ക് പ്രാധാന്യം നൽകുന്ന കഥയായിരിക്കും ‘എന്ന വിലൈ’യുടേതെന്ന സൂചനയും ഗാനം നൽകുന്നു.
2026 സെപ്റ്റംബറിൽ ആഗോള റിലീസിന് ഒരുങ്ങുന്ന ചിത്രം കേരളത്തിലെ തിയറ്ററുകളിൽ എത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ്. കലാമയ സിനിവേഴ്സ്, റോമിയോ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ജിതേഷ് വി, അനുഗോപാൽ വേണുഗോപാലൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിയ സജീവ് പാഴൂർ തന്നെയാണ് ‘എന്ന വിലൈ’യുടെ രചനയും സംവിധാനവും നിർവഹിക്കുന്നത്.
ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സംഗീത സംവിധായകനും നിർമ്മാതാവുമായ ജി.വി. പ്രകാശ് കുമാറിന്റെ മ്യൂസിക് ലേബലാണ് സ്വന്തമാക്കിയിരിക്കുന്നത്. ‘യൂത്ത്’ എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് പിന്നാലെയാണ് ‘എന്ന വിലൈ’യിലെ ഗാനങ്ങളും ജി.വി. പ്രകാശ് കുമാറിന്റെ മ്യൂസിക് ലേബലിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്.
സോഷ്യോ-പൊളിറ്റിക്കൽ ത്രില്ലർ ഘടകങ്ങൾ സമന്വയിപ്പിച്ച ഫാമിലി ഡ്രാമയായാണ് ‘എന്ന വിലൈ’ ഒരുക്കിയിരിക്കുന്നത്. സാമൂഹിക പ്രസക്തിയുള്ള പ്രമേയത്തിനൊപ്പം കുടുംബബന്ധങ്ങളും വൈകാരിക മുഹൂർത്തങ്ങളും ത്രില്ലർ സ്വഭാവവും ചേർന്ന സിനിമാനുഭവമാണ് ചിത്രം ലക്ഷ്യമിടുന്നതെന്ന് അണിയറപ്രവർത്തകർ പറയുന്നു.
പതിനാറാമത് ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ചിത്രം നേടിയിട്ടുണ്ട്. പ്രേക്ഷകരെ വൈകാരികമായി സ്വാധീനിക്കുന്നതിനൊപ്പം ആകാംക്ഷ നിലനിർത്തുന്ന കഥപറച്ചിലാണ് സിനിമയുടേതെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന.
രാമേശ്വരം പശ്ചാത്തലമാക്കിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. രാമേശ്വരം, ചെന്നൈ, പോണ്ടിച്ചേരി, കൊച്ചി എന്നിവിടങ്ങളിലെ 56 ലൊക്കേഷനുകളിലായി മൂന്ന് ഷെഡ്യൂളുകളിലൂടെയാണ് ചിത്രീകരണം പൂർത്തിയാക്കിയത്. മലയാളത്തിൽ നിന്നുള്ള ശ്രദ്ധേയരായ സാങ്കേതിക പ്രവർത്തകർ തമിഴ് സിനിമയ്ക്കായി ഒരുമിക്കുന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.
നിമിഷ സജയനും കരുണാസിനുമൊപ്പം വൈ.ജി. മഹേന്ദ്രൻ, പൂർണ്ണിമ ഭാഗ്യരാജ്, മൊട്ട രാജേന്ദ്രൻ, വിജയലക്ഷ്മി, ഷാഷ, പ്രവീണ, കമലേഷ്, ഗോലി സോഡ പാണ്ഡി, ജെ.എസ്. കവി, മോഹൻ റാം, നിഴൽഗൽ രവി, വിവിയാന, ചേതൻ കുമാർ, കവിതാലയ കൃഷ്ണ, ടി.എസ്.ആർ. ശ്രീനിവാസ്, ലോള്ളൂ സഭ സ്വാമിനാഥൻ, കൊട്ടച്ചി, ദീപ ശങ്കർ, ചിത്ത ദർശൻ, കവി നക്കലിറ്റീസ്, കെ.പി.വൈ. കോദണ്ഡം, പശുപതി രാജ്, സൂപ്പർ ഗുഡ് സുബ്രമണി തുടങ്ങിയവരും ചിത്രത്തിലെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും. സെപ്റ്റംബറിൽ ലോകമെമ്പാടുമുള്ള തിയറ്ററുകളിലേക്ക് എത്തുന്ന ‘എന്ന വിലൈ’യുടെ കൃത്യമായ റിലീസ് തീയതി ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കും.
🎶 ‘Kadalaadum Seemayile’ is OUT NOW!
The first song from #EnnaVilai, starring Nimisha Sajayan & Karunas, is composed by Sam CS and sung by Anthony Daasan.
🎬 The film hits theatres worldwide this September.#NimishaSajayan #Karunas #SamCS pic.twitter.com/wEbKWXsZDX
— CinemaCafe™ Media (@cinemacafemedia) September 3, 2026
അണിയറ പ്രവർത്തകർ: രചന, സംവിധാനം – സജീവ് പാഴൂർ; നിർമ്മാണം – ജിതേഷ് വി, അനുഗോപാൽ വേണുഗോപാലൻ; ബാനറുകൾ – കലാമയ സിനിവേഴ്സ്, റോമിയോ പിക്ചേഴ്സ്; ഛായാഗ്രഹണം – ആൽബി ആന്റണി; സംഗീതം – സാം സി.എസ്.; എഡിറ്റിംഗ് – ശ്രീജിത്ത് സാരംഗ്; പ്രൊഡക്ഷൻ കൺട്രോളർ – എം. ശിവകുമാർ; ആർട്ട് ഡയറക്ടർ – കെ. ശിവകൃഷ്ണ; ആക്ഷൻ – പി.സി. സ്റ്റണ്ട്സ്; കോ-ഡയറക്ടർ – രതീഷ്; കോസ്റ്റ്യൂം ഡിസൈനർ – ആർ. മുരുഗാനന്ദം; മേക്കപ്പ് – വി. ദിനേഷ്കുമാർ; എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സൽമാൻ കെ.എം.; സ്റ്റിൽസ് – കാർത്തിക് എ.കെ.; പ്രൊഡക്ഷൻ മാനേജർമാർ – ആർ. രാജീവ് ഗാന്ധി, പി. കാർത്തി; പി.ആർ.ഒ – ശബരി.
Kadalaadum Seemayile Song Out from Nimisha Sajayan–Karunas’ Enna Vilai
Kadalaadum Seemayile, the first song from Nimisha Sajayan and Karunas-starrer Enna Vilai, is out now. Composed by Sam CS, the song is sung by Anthony Daasan with lyrics by Karthik Netha.