ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ഫാന്റസി ത്രില്ലർ ‘ഐ ആം ഗെയിം’ മ്യൂസിക് റൈറ്റ്സ് വിൽപ്പനയിലൂടെ മലയാള സിനിമയിൽ പുതിയ റെക്കോർഡ് കുറിച്ചതായി റിപ്പോർട്ട്. ചിത്രത്തിന്റെ സംഗീതാവകാശം 12.5 കോടി രൂപയ്ക്ക് സീ മ്യൂസിക് സ്വന്തമാക്കിയതായാണ് പുറത്തുവരുന്ന വിവരം. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മ്യൂസിക് റൈറ്റ്സ് ഡീലായാണ് ഇത് ശ്രദ്ധ നേടുന്നത്.
ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ചിത്രം സെപ്റ്റംബർ 3ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ മെഗാ റിലീസായി എത്തും. ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ പ്രോജക്ടുകളിലൊന്നായി ഒരുങ്ങുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് പാൻ ഇന്ത്യൻ റിലീസായി പ്രേക്ഷകരിലേക്ക് എത്തുന്നത്.
വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്ദു എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരാണ് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ പ്രീ റിലീസ്, മ്യൂസിക് ലോഞ്ച് ഇവന്റ് കഴിഞ്ഞ ദിവസം കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ വൻ ജനപങ്കാളിത്തത്തോടെ നടന്നു. ഗായകൻ വേടൻ, ബോളിവുഡ് ഗായകൻ അർമാൻ മാലിക്, സംഗീത സംവിധായകൻ ജേക്സ് ബിജോയ് എന്നിവരുടെ സംഗീത പ്രകടനങ്ങൾ ചടങ്ങിന് ആവേശം പകർന്നു. ദുൽഖർ സൽമാനും വേദിയിലെത്തിയതോടെ പരിപാടി ആരാധകരുടെ ആഘോഷമായി മാറി.
ജേക്സ് ബിജോയ് സംഗീതം ഒരുക്കിയ ചിത്രത്തിലെ ‘മഴവില്ലായേ’, ‘ലൂസർ’ എന്നീ ഗാനങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്. മ്യൂസിക് ലോഞ്ച് വേദിയിൽ ദുൽഖർ സൽമാൻ ‘ലൂസർ’ ഗാനം ലൈവായി ആലപിച്ചതും ആരാധകരിൽ നിന്ന് വലിയ കയ്യടി നേടി. ദുൽഖർ തന്നെ ആലപിച്ച ‘ലൂസർ’ പുറത്തിറങ്ങിയതിന് പിന്നാലെ ഗാനത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.
ദുൽഖർ സൽമാന്റെ 40-ാമത്തെ ചിത്രം കൂടിയാണ് ‘ഐ ആം ഗെയിം’. ദുൽഖറിനൊപ്പം ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. നേരത്തെ പുറത്തിറങ്ങിയ ട്രെയ്ലറും വലിയ ശ്രദ്ധ നേടിയിരുന്നു. വമ്പൻ ദൃശ്യങ്ങളും ത്രസിപ്പിക്കുന്ന ആക്ഷൻ, ചേസ് രംഗങ്ങളും ഫാന്റസി ഘടകങ്ങളും ഉൾപ്പെടുത്തിയ ട്രെയ്ലർ വലിയൊരു തിയറ്റർ അനുഭവമാണ് ചിത്രം ലക്ഷ്യമിടുന്നതെന്ന സൂചന നൽകിയിരുന്നു.
🔥 Record music rights deal for #ImGame!
Zee Music has reportedly acquired the music rights of Dulquer Salmaan’s I’m Game for ₹12.5 crore, marking a new record for Malayalam cinema. 🎶
🎬 Worldwide release: September 3, 2026#DulquerSalmaan #ZeeMusic #WayfarerFilms pic.twitter.com/BxwVhojhEV
— CinemaCafe™ Media (@cinemacafemedia) August 30, 2026
‘ആർഡിഎക്സ്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം എന്നതും ‘ഐ ആം ഗെയിമി’ന്റെ പ്രത്യേകതയാണ്. ‘ലോക’യ്ക്ക് ശേഷം വേഫെറർ ഫിലിംസ് നിർമ്മിച്ച് തിയറ്ററുകളിലെത്തിക്കുന്ന ചിത്രം കൂടിയാണിത്. റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മ്യൂസിക് റൈറ്റ്സ് സംബന്ധിച്ച റെക്കോർഡ് ഡീൽ റിപ്പോർട്ടുകളും ഗാനങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യതയും ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ കൂടുതൽ ഉയർത്തുകയാണ്.
I’m Game Sets Malayalam Cinema Record with ₹12.5 Crore Music Rights Deal
Dulquer Salmaan’s I’m Game has reportedly set a Malayalam cinema record as Zee Music acquires its music rights for ₹12.5 crore. The film releases worldwide on September 3, 2026.