ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ് ബജറ്റ് ഫാന്റസി ത്രില്ലർ ‘ഐ ആം ഗെയിം’ പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29ന് നടക്കും. വൈകുന്നേരം 6 മണിക്ക് കാക്കനാട് ഇൻഫോപാർക്ക് എക്സ്പ്രസ് വേയിലുള്ള കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിലാണ് പരിപാടി. 2026 സെപ്റ്റംബർ 3ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ മെഗാ റിലീസായി എത്തും.
പ്രീ റിലീസ് ഇവന്റിലേക്കും മ്യൂസിക് ലോഞ്ചിലേക്കും പ്രവേശനം സൗജന്യമാണെങ്കിലും മുൻകൂർ ബുക്കിംഗ് നിർബന്ധമാണ്. സൗജന്യ പാസുകൾ ബുക്ക് മൈ ഷോ വഴി മാത്രമാണ് ബുക്ക് ചെയ്യാൻ സാധിക്കുക. വേദിയിലേക്കുള്ള പ്രവേശനത്തിനായി ബുക്ക് മൈ ഷോ ബുക്കിംഗ് കൺഫർമേഷനോ QR കോഡോ പരിശോധനയ്ക്കായി ഹാജരാക്കണം. സാധുവായ ബുക്കിംഗ് ഉള്ളവർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക.
ഓരോ പാസും ബുക്ക് മൈ ഷോയിൽ രേഖപ്പെടുത്തിയിരിക്കുന്ന ബുക്കിംഗ് വിവരങ്ങൾക്കനുസരിച്ചായിരിക്കും സാധുവാകുക. പാസുകളുടെ ലഭ്യത വേദിയുടെ അനുവദനീയമായ കപ്പാസിറ്റിക്ക് വിധേയമായിരിക്കും. സുരക്ഷാ പരിശോധനകളും പ്രവേശന നടപടിക്രമങ്ങളും സുഗമമായി പൂർത്തിയാക്കുന്നതിനായി പ്രേക്ഷകർ നേരത്തെ വേദിയിലെത്തണമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്. വേദി അനുവദനീയമായ കപ്പാസിറ്റിയിലെത്തിയാൽ പ്രവേശനം നിയന്ത്രിക്കാനും ഇതുസംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളാനുമുള്ള അവകാശം സംഘാടകർക്കായിരിക്കും.
ചിത്രത്തിന്റെ സംഗീത സംവിധായകൻ ജേക്സ് ബിജോയ്, വേടൻ, അർമാൻ മാലിക് തുടങ്ങിയവർ പങ്കെടുക്കുന്ന സംഗീത പരിപാടിയും പ്രീ റിലീസ് ഇവന്റിന്റെ പ്രധാന ആകർഷണമായിരിക്കും. ദുൽഖർ സൽമാൻ ഉൾപ്പെടെയുള്ള ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കും.
ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ‘ഐ ആം ഗെയിം’, താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ഒരുങ്ങുന്നത്. ‘ആർഡിഎക്സ്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് നിർമ്മിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്ദു എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരാണ് സംഭാഷണങ്ങൾ രചിച്ചത്.
ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സീ മ്യൂസിക് സ്വന്തമാക്കിയിട്ടുണ്ട്. ജേക്സ് ബിജോയ് സംഗീതം നൽകിയ ‘മഴവില്ലായേ’ എന്ന പ്രണയഗാനം ഇതിനോടകം പുറത്തിറങ്ങി മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിട്ടുണ്ട്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം പാൻ ഇന്ത്യൻ റിലീസായി പ്രേക്ഷകരിലേക്ക് എത്തും.
നേരത്തെ പുറത്തിറങ്ങിയ ‘ഐ ആം ഗെയിം’ ട്രെയ്ലറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. അഞ്ച് ഭാഷകളിലായി എത്തിയ ട്രെയ്ലർ പാൻ ഇന്ത്യൻ തലത്തിലും ശ്രദ്ധ നേടി. വമ്പൻ ദൃശ്യവിസ്മയം, സ്റ്റൈലിഷ് ആക്ഷൻ രംഗങ്ങൾ, ആവേശകരമായ ചേസ് സീക്വൻസുകൾ എന്നിവയിലൂടെ വലിയൊരു തിയറ്റർ അനുഭവമാണ് ചിത്രം ഒരുക്കുന്നതെന്ന സൂചനയാണ് ട്രെയ്ലർ നൽകിയത്.
🔥 #ImGame Pre-Release Event & Music Launch on August 29!
📍 KINFRA International Exhibition Centre, Kakkanad, Kochi
⏰ 6 PM
🎟️ FREE ENTRY — advance booking via BookMyShow is mandatory
Featuring #DulquerSalmaan, #JakesBejoy, #Vedan, #ArmaanMalik & the team. pic.twitter.com/9CRPWuYSfP— CinemaCafe™ Media (@cinemacafemedia) August 26, 2026
ഫാന്റസിയും ആക്ഷനും സ്റ്റൈലിഷ് അവതരണവും സമന്വയിപ്പിച്ച വമ്പൻ സിനിമാറ്റിക് അനുഭവമായാണ് ‘ഐ ആം ഗെയിം’ ഒരുങ്ങുന്നത്. തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം ദുൽഖർ സൽമാന്റെ 40-ാമത്തെ സിനിമ കൂടിയാണ്. സെപ്റ്റംബർ 3ലെ ആഗോള റിലീസിന് മുന്നോടിയായി നടക്കുന്ന ഓഗസ്റ്റ് 29ലെ പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ആരാധകർക്ക് വലിയ ആഘോഷവേദിയാകുമെന്നാണ് പ്രതീക്ഷ.
Book Now: https://in.bookmyshow.com/events/i-m-game-music-launch-pre-release-event/ET00514007
I’m Game Pre-Release Event on August 29; Free Entry with BookMyShow Booking
Dulquer Salmaan’s I’m Game pre-release event and music launch will be held in Kochi on August 29. Entry is free with mandatory advance booking through BookMyShow.