ദേശീയ അവാർഡ് ജേതാവായ തിരക്കഥാകൃത്തും സംവിധായകനുമായ സജീവ് പാഴൂർ ഒരുക്കുന്ന തമിഴ് ചിത്രം ‘എന്ന വിലൈ’ റിലീസിനൊരുങ്ങുന്നു. നിമിഷ സജയനും കരുണാസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഈ പാൻ-ഇന്ത്യൻ ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ദുൽഖർ സൽമാന്റെ നിർമ്മാണ-വിതരണ സ്ഥാപനമായ വേഫെറർ ഫിലിംസ് സ്വന്തമാക്കി.
കലാമയ സിനിവേഴ്സും റോമിയോ പിക്ചേഴ്സും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ നിർമാതാക്കൾ മലയാളികളായ ജിതേഷ് വി, അനുഗോപാൽ വേണുഗോപാലൻ എന്നിവരാണ്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന് മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്കാരവും കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിയ സജീവ് പാഴൂർ തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.
അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സിനിമാപ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കുടുംബ പശ്ചാത്തലത്തിൽ വികസിക്കുന്ന കഥയെ സാമൂഹിക-രാഷ്ട്രീയ തലങ്ങളുമായി ബന്ധിപ്പിച്ച് അവതരിപ്പിക്കുന്ന ഒരു സോഷ്യോ-പൊളിറ്റിക്കൽ ത്രില്ലർ ശൈലിയിലുള്ള ഫാമിലി ഡ്രാമയായാണ് ചിത്രം ഒരുങ്ങുന്നത്.
പതിനാറാമത് ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കിയ ‘എന്ന വിലൈ’, ശക്തമായ വികാരങ്ങളും സസ്പെൻസും ചേർത്ത് പ്രേക്ഷകരെ ആകർഷിക്കുന്ന കഥയാണ് അവതരിപ്പിക്കുന്നതെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു. സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളെ കൈകാര്യം ചെയ്യുന്ന ചിത്രം, വലിയ സ്ക്രീനിൽ മികച്ച അനുഭവം നൽകുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
രാമേശ്വരത്തെ പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം രാമേശ്വരം, ചെന്നൈ, പോണ്ടിച്ചേരി, കൊച്ചി എന്നിവിടങ്ങളിലായി 56-ലധികം ലൊക്കേഷനുകളിൽ മൂന്ന് ഷെഡ്യൂളുകളിലായി പൂർത്തിയാക്കി.
നിമിഷ സജയനും കരുണാസിനും പുറമെ വൈ.ജി. മഹേന്ദ്രൻ, പൂർണിമ ഭാഗ്യരാജ്, മൊട്ട രാജേന്ദ്രൻ, വിജയലക്ഷ്മി, ഷാഷ, പ്രവീണ, കമലേഷ്, ഗോലി സോഡ പാണ്ഡി, ജെ.എസ്. കവി, മോഹൻ റാം, നിഴൽഗൽ രവി, വിവിയാന, ചേതൻ കുമാർ, കവിതാലയ കൃഷ്ണ, ടി.എസ്.ആർ. ശ്രീനിവാസ്, ലോള്ളൂ സഭ സ്വാമിനാഥൻ, കൊട്ടച്ചി, ദീപ ശങ്കർ, ചിത്ത ദർശൻ, കവി നക്കലിറ്റീസ്, കെ.പി.വൈ. കോദണ്ഡം, പശുപതി രാജ്, സൂപ്പർ ഗുഡ് സുബ്രമണി തുടങ്ങിയവരും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നു.
തമിഴ് സിനിമയ്ക്കായി നിരവധി പ്രമുഖ മലയാളി സാങ്കേതിക പ്രവർത്തകർ ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ആൽബി ആന്റണിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം ഒരുക്കുന്നത് സാം സി.എസ്. ആണ്. ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും കെ. ശിവകൃഷ്ണ കലാസംവിധാനവും കൈകാര്യം ചെയ്യുന്നു. ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത് പി.സി. സ്റ്റണ്ട്സാണ്.
🎬 Dulquer Salmaan's Wayfarer Films has acquired the Kerala theatrical rights of #EnnaVilai.
Starring #NimishaSajayan and #Karunas, the socio-political family drama is written and directed by National Award-winning filmmaker #SajeevPazhoor.
🎥 Releasing in Tamil, Malayalam,… pic.twitter.com/zNNr0LKhQc
— CinemaCafe™ Media (@cinemacafemedia) July 12, 2026
എം. ശിവകുമാർ പ്രൊഡക്ഷൻ കൺട്രോളറായും രതീഷ് സഹസംവിധായകനായും പ്രവർത്തിക്കുന്നു. ആർ. മുരുഗാനന്ദം കോസ്റ്റ്യൂം ഡിസൈനും വി. ദിനേഷ് കുമാർ മേക്കപ്പും നിർവഹിക്കുന്നു. സൽമാൻ കെ.എം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാണ്. കാർത്തിക് എ.കെ. സ്റ്റിൽ ഫോട്ടോഗ്രാഫിയും ആർ. രാജീവ് ഗാന്ധി, പി. കാർത്തി എന്നിവർ പ്രൊഡക്ഷൻ മാനേജ്മെന്റും കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ പി.ആർ.ഒ ശബരിയാണ്.
തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി റിലീസ് ചെയ്യാനൊരുങ്ങുന്ന *’എന്ന വിലൈ’*യുടെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.
Enna Vilai Kerala Release: Wayfarer Films Acquires Distribution Rights for Nimisha Sajayan–Karunas Starrer
Dulquer Salmaan’s Wayfarer Films acquires the Kerala distribution rights of Enna Vilai, directed by National Award-winning filmmaker Sajeev Pazhoor and starring Nimisha Sajayan and Karunas. The pan-Indian socio-political family drama will release in Tamil, Malayalam, Telugu, Kannada, and Hindi.