ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലർ ‘ഐ ആം ഗെയിം’ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം 2026 സെപ്റ്റംബർ 3ന് ആഗോളതലത്തിൽ വമ്പൻ റിലീസായി തിയേറ്ററുകളിലെത്തും. നേരത്തെ ഓണം റിലീസായി ഓഗസ്റ്റ് 20ന് ചിത്രം എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, കൂടുതൽ വിപുലമായ ആഗോള റിലീസ് ഒരുക്കുന്നതിനായി റിലീസ് രണ്ടാഴ്ച കൂടി നീട്ടുകയായിരുന്നു.
ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ‘ഐ ആം ഗെയിം’, താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ഒരുങ്ങുന്നത്. ‘ആർഡിഎക്സ്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്നാണ് നിർമ്മാണം. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്ദു എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ് സംഭാഷണങ്ങൾ ഒരുക്കിയത്.
കൂടുതൽ വലിയ റിലീസുമായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുകയെന്ന് ദുൽഖർ സൽമാൻ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ആഗോളതലത്തിൽ കൂടുതൽ മാർക്കറ്റുകളിലേക്കും കൂടുതൽ പ്രേക്ഷകരിലേക്കും ചിത്രം എത്തിക്കുന്നതിനായാണ് റിലീസ് സെപ്റ്റംബർ 3ലേക്ക് മാറ്റിയിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം പാൻ ഇന്ത്യൻ റിലീസായി എത്തും. മെഗാ കാൻവാസിൽ ഒരുക്കിയ ഈ തിയേറ്റർ അനുഭവത്തിന് അതിന്റെ വലിപ്പത്തിന് അനുയോജ്യമായ റിലീസ് ഉറപ്പാക്കുകയാണ് പുതിയ തീയതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് വേഫെറർ ഫിലിംസും വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനോടകം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്ലറിനും ആദ്യ ഗാനത്തിനും മികച്ച സ്വീകരണമാണ് ലഭിച്ചത്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും പുറത്തിറങ്ങിയ ട്രെയ്ലർ പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധ നേടി. അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും ത്രസിപ്പിക്കുന്ന ആക്ഷൻ, ചേസ് രംഗങ്ങളും നിറഞ്ഞ ട്രെയ്ലർ വലിയൊരു തിയേറ്റർ അനുഭവമാണ് ചിത്രം സമ്മാനിക്കുകയെന്ന പ്രതീക്ഷ ഉയർത്തിയിട്ടുണ്ട്.
സ്റ്റൈലിഷ് ഫാന്റസി ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ ഇതുവരെ കാണാത്ത തരത്തിലുള്ള മെഗാ സ്റ്റൈലിഷ് മാസ് ലുക്കിലാണ് ദുൽഖർ സൽമാൻ എത്തുന്നത്. തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയാക്കിയ ‘ഐ ആം ഗെയിം’, മലയാള സിനിമയിലെ ഏറ്റവും വലിയ റിലീസുകളിലൊന്നായി മാറാനുള്ള ഒരുക്കത്തിലാണ്.
ദുൽഖർ സൽമാന്റെ നാല്പതാം ചിത്രമായി എത്തുന്ന ‘ഐ ആം ഗെയിം’ വമ്പൻ താരനിര കൊണ്ടും ശ്രദ്ധേയമാണ്. ദുൽഖറിനൊപ്പം ആന്റണി വർഗീസ്, മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രത്തിന്റെ സംഗീതാവകാശം സീ മ്യൂസിക് സ്വന്തമാക്കിയിട്ടുണ്ട്. ജേക്സ് ബിജോയ് ഒരുക്കുന്ന സംഗീതവും പശ്ചാത്തല സംഗീതവും, ജിംഷി ഖാലിദിന്റെ ഛായാഗ്രഹണവും, അൻപറിവ് മാസ്റ്റേഴ്സിന്റെ ആക്ഷൻ രംഗങ്ങളും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളാണ്. ഇതിനോടകം പുറത്തിറങ്ങിയ ട്രെയ്ലറും ഗാനവും ചിത്രത്തിന്റെ സാങ്കേതിക മികവിനെക്കുറിച്ചുള്ള പ്രതീക്ഷകൾ വർധിപ്പിച്ചിട്ടുണ്ട്.
🎬 The game gets bigger, the release gets wider! 🔥#DulquerSalmaan’s much-awaited #ImGame will now hit theatres worldwide on September 3, 2026, moving from its earlier August 20 release date.
The #NahasHidayath directorial is gearing up for a wider theatrical release across… pic.twitter.com/IwUA6481ZD
— CinemaCafe™ Media (@cinemacafemedia) August 13, 2026
മെഗാ ബ്ലോക്ക്ബസ്റ്റർ വിജയമായ ‘ലോക’യ്ക്ക് ശേഷം വേഫെറർ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച് പുറത്തിറങ്ങുന്ന ചിത്രം കൂടിയാണ് ‘ഐ ആം ഗെയിം’. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി സെപ്റ്റംബർ 3ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും.
അണിയറ പ്രവർത്തകർ: ലൈൻ പ്രൊഡ്യൂസർ – ബിബിൻ പെരുമ്പിള്ളി, ഛായാഗ്രഹണം – ജിംഷി ഖാലിദ്, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റിംഗ് – ചമൻ ചാക്കോ, ആക്ഷൻ – അൻപറിവ് മാസ്റ്റേഴ്സ്, പ്രൊഡക്ഷൻ ഹെഡ് – സുജോയ് ജെയിംസ്, ദേവദേവൻ, പ്രൊഡക്ഷൻ ഡിസൈനർ – അജയൻ ചാലിശ്ശേരി, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റ്യൂം – മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ – രോഹിത് ചന്ദ്രശേഖർ, ഗാനരചന – മനു മഞ്ജിത്ത്, വിനായക് ശശികുമാർ, VFX – തൗഫീഖ് – എഗ്വൈറ്റ്, പോസ്റ്റർ ഡിസൈൻ – ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ – സിങ്ക് സിനിമ, സൗണ്ട് മിക്സ് – കണ്ണൻ ഗണപത്, സ്റ്റിൽസ് – എസ്.ബി.കെ, മാർക്കറ്റിംഗ് ഹെഡ് – വിജിത് വിശ്വനാഥൻ, ❤️പി.ആർ.ഒ – ശബരി.
Dulquer Salmaan’s I’m Game Gets New Release Date; Pan-India Film to Hit Theatres on September 3, 2026
Dulquer Salmaan’s I’m Game will now release worldwide on September 3, 2026, instead of August 20. The Nahas Hidayath directorial is gearing up for a wider pan-India theatrical release.