പ്രമുഖ സംവിധായകൻ പാ. രഞ്ജിത്ത് ഒരുക്കുന്ന പാൻ ഇന്ത്യൻ അപ്പോക്കലിപ്റ്റിക് ആക്ഷൻ ചിത്രം ‘വേട്ടുവം’ പ്രേക്ഷകർക്ക് മുന്നിലേക്ക്. ചിത്രത്തിന്റെ കഥാലോകത്തെ പരിചയപ്പെടുത്തുന്ന ‘വേൾഡ് ഓഫ് വേട്ടുവം’ വീഡിയോ അണിയറപ്രവർത്തകർ പുറത്തിറക്കി. ഇതിന് പിന്നാലെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇന്ന് വൈകുന്നേരം പുറത്തുവിടും.
നീലം പ്രൊഡക്ഷൻസും ലേൺ ആൻഡ് ടീച്ച് പ്രൊഡക്ഷനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തമിഴിനൊപ്പം തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലും ‘വേൾഡ് ഓഫ് വേട്ടുവം’ വീഡിയോ പുറത്തിറക്കിയിട്ടുണ്ട്. പാൻ ഇന്ത്യൻ പ്രേക്ഷകരിലേക്ക് ചിത്രത്തിന്റെ ലോകം പരിചയപ്പെടുത്താൻ ഓരോ ഭാഷയിലും ശ്രദ്ധേയ താരങ്ങളെയാണ് ശബ്ദാവതരണത്തിനായി അണിനിരത്തിയിരിക്കുന്നത്.
ഹിന്ദി പതിപ്പിന് പങ്കജ് ത്രിപാഠി, തെലുങ്കിന് റാണ ദഗ്ഗുബാട്ടി, മലയാളത്തിന് സൗബിൻ ഷാഹിർ, കന്നഡയ്ക്ക് കിച്ച സുദീപ് എന്നിവരാണ് ശബ്ദം നൽകിയിരിക്കുന്നത്. തമിഴ് പതിപ്പിന് സംവിധായകൻ പാ. രഞ്ജിത്ത് തന്നെയാണ് ശബ്ദം നൽകിയിരിക്കുന്നത്.
അപ്പോക്കലിപ്റ്റിക് പശ്ചാത്തലത്തിൽ വികസിക്കുന്ന ‘വേട്ടുവം’ വിവിധ വിഭാഗങ്ങൾക്കിടയിൽ ഉടലെടുക്കുന്ന ആധിപത്യ പോരാട്ടങ്ങളും സംഘർഷങ്ങളും അതിൽ നിന്നുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് അവതരിപ്പിക്കുന്നത്. വിശാലമായ വേൾഡ് ബിൽഡിങ്ങിനൊപ്പം വമ്പൻ ദൃശ്യവിന്യാസങ്ങളും ശക്തമായ ആക്ഷൻ രംഗങ്ങളും സിനിമയുടെ പ്രധാന സവിശേഷതകളായിരിക്കുമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന.
ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾക്കും പ്രത്യേകതയുണ്ട്. അടിമുറൈ, മൽഖംബ് ഉൾപ്പെടെയുള്ള പരമ്പരാഗത ആയോധനകലകളെ അടിസ്ഥാനമാക്കിയാണ് ആക്ഷൻ സീക്വൻസുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിനായി അഭിനേതാക്കൾ പ്രത്യേക മാർഷൽ ആർട്സ് പരിശീലനവും നേടിയിട്ടുണ്ട്. ആക്ഷൻ രംഗങ്ങൾക്ക് കൂടുതൽ സ്വാഭാവികത നൽകുന്നതിനൊപ്പം വ്യത്യസ്തമായ സിനിമാറ്റിക് അനുഭവം സൃഷ്ടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ആര്യ, ദിനേഷ്, ഷബീർ, ശോഭിത ധൂലിപാല, കലൈയരസൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അപ്പോക്കലിപ്റ്റിക് കഥാലോകം, തീവ്രമായ ആക്ഷൻ, കൊമേഴ്സ്യൽ ഘടകങ്ങൾ എന്നിവ ഒരുമിപ്പിച്ചാണ് ‘വേട്ടുവം’ ഒരുക്കുന്നത്.
തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. പാ. രഞ്ജിത്തിന്റെ പതിവ് സിനിമകളിൽ നിന്ന് വ്യത്യസ്തമായ വലിയൊരു ആക്ഷൻ ലോകമാണ് ‘വേട്ടുവം’ അവതരിപ്പിക്കുന്നതെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവന്ന വീഡിയോ നൽകുന്നത്.
ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. രൂപേഷ് ഷാജി ഛായാഗ്രഹണവും സെൽവ ആർ.കെ. എഡിറ്റിങ്ങും നിർവഹിക്കുന്നു. എസ്.എസ്. മൂർത്തി കലാസംവിധാനവും ദിലീപ് സുബ്ബരായൻ ആക്ഷൻ സംവിധാനവും കൈകാര്യം ചെയ്യുന്നു.
🔥 Welcome to the world of #Vettuvam!
Pa. Ranjith unveils the World of Vettuvam, introducing his grand apocalyptic action universe. Soubin Shahir lends his voice to the Malayalam version.
🎬 First Look arriving this evening!#PaRanjith #SoubinShahir pic.twitter.com/Y6YR0DF5na
— CinemaCafe™ Media (@cinemacafemedia) September 19, 2026
‘വേൾഡ് ഓഫ് വേട്ടുവം’ വീഡിയോയിലൂടെ സിനിമയുടെ വിശാലമായ ലോകത്തിന്റെ ആദ്യ സൂചന നൽകിയതിന് പിന്നാലെ ഇന്ന് വൈകുന്നേരം എത്തുന്ന ഫസ്റ്റ് ലുക്കിലൂടെ പ്രധാന കഥാപാത്രങ്ങളുടെ രൂപവും ചിത്രത്തിന്റെ ദൃശ്യസ്വഭാവവും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷ.
അണിയറ പ്രവർത്തകർ: സംവിധാനം – പാ. രഞ്ജിത്ത്; നിർമ്മാണം – നീലം പ്രൊഡക്ഷൻസ്, ലേൺ ആൻഡ് ടീച്ച് പ്രൊഡക്ഷൻ; പ്രധാന താരങ്ങൾ – ആര്യ, ദിനേഷ്, ഷബീർ, ശോഭിത ധൂലിപാല, കലൈയരസൻ; സംഗീതം – ജി.വി. പ്രകാശ് കുമാർ; ഛായാഗ്രഹണം – രൂപേഷ് ഷാജി; എഡിറ്റിംഗ് – സെൽവ ആർ.കെ.; കലാസംവിധാനം – എസ്.എസ്. മൂർത്തി; ആക്ഷൻ – ദിലീപ് സുബ്ബരായൻ.
World of Vettuvam Video Out: Pa. Ranjith Unveils His Grand Apocalyptic Action World
The World of Vettuvam video introduces Pa. Ranjith’s ambitious pan-Indian apocalyptic action film Vettuvam, starring Arya, Dinesh, Shabeer, Sobhita Dhulipala and Kalaiyarasan.