സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന ‘ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ’ എന്ന ചിത്രത്തിലെ രണ്ടാം ഗാനം പുറത്തിറങ്ങി. ‘പ്രാക്ക്’ എന്ന പേരിലെത്തിയ ഗാനത്തിന് മുജീബ് മജീദ് സംഗീതം പകർന്നിരിക്കുന്നു. ബിന്ദു പങ്കജ്, നീരജ് രമേശ് എന്നിവർക്കൊപ്പം കോറസ് ഗായകരും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശ്യാം മുരളീധരൻ, നിലീൻ സാന്ദ്ര എന്നിവരാണ് വരികൾ രചിച്ചത്. ചിത്രം സെപ്റ്റംബർ 18ന് ആഗോളതലത്തിൽ തിയറ്ററുകളിലെത്തും.
ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നീ ബാനറുകളിൽ ഡോ. പോൾ വർഗീസ്, സുജിത് ജെ. നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഖില ഭാർഗവനാണ് നായിക. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് നടി നിലീൻ സാന്ദ്രയാണ്.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും ആദ്യ ഗാനവും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ‘കാതങ്ങൾ ദൂരെ’ എന്ന വരികളോടെ ആരംഭിക്കുന്ന ആദ്യ ഗാനം മെലഡി സ്വഭാവത്തിലാണ് ഒരുക്കിയതെങ്കിൽ അതിൽനിന്ന് തീർത്തും വ്യത്യസ്തമായ സംഗീതാനുഭവമാണ് ‘പ്രാക്ക്’ നൽകുന്നതെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. സിനിമയുടെ മൊത്തത്തിലുള്ള മൂഡും അസാധാരണമായ കഥാപശ്ചാത്തലവും പ്രേക്ഷകരിലേക്ക് എത്തിക്കുന്ന രീതിയിലാണ് രണ്ടാം ഗാനം അവതരിപ്പിച്ചിരിക്കുന്നത്.
കോമയിൽ നിന്ന് ഉണരുന്ന സംഗീത് പ്രതാപിന്റെ കഥാപാത്രത്തിന് അസാധാരണമായ കേൾവിശക്തി (സൂപ്പർ ഹിയറിങ്) ലഭിക്കുന്നതോടെയാണ് കഥ വികസിക്കുന്നതെന്ന സൂചനയാണ് നേരത്തെ പുറത്തിറങ്ങിയ ടീസർ നൽകിയത്. ഒരു സാധാരണക്കാരന് അപ്രതീക്ഷിതമായി ലഭിക്കുന്ന ഈ കഴിവ് അയാളുടെ ജീവിതത്തിൽ സൃഷ്ടിക്കുന്ന സംഭവവികാസങ്ങളെ നർമ്മവും ആവേശവും ചേർത്താണ് ചിത്രം അവതരിപ്പിക്കുന്നതെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന.
സംഗീത് പ്രതാപും ഷറഫുദ്ദീനും പതിവിൽനിന്ന് വ്യത്യസ്തമായ ലുക്കുകളിലാണ് ചിത്രത്തിലെത്തുന്നത്. ടീസറുകളും പോസ്റ്ററുകളും ഗാനങ്ങളും സിനിമയുടെ കഥാപാത്രങ്ങളെയും കഥാലോകത്തെയും കുറിച്ചുള്ള കൗതുകം വർധിപ്പിക്കുന്ന രീതിയിലാണ് അണിയറപ്രവർത്തകർ അവതരിപ്പിച്ചിരിക്കുന്നത്.
കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവ്വതി ആർ. കൃഷ്ണ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കഥയിൽ കേൾവിശക്തിക്ക് നിർണായക സ്ഥാനമുള്ളതിനാൽ സൗണ്ട് ഡിസൈനിനും സൗണ്ട് മിക്സിങ്ങിനും വലിയ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ശബ്ദത്തിന്റെ വ്യത്യസ്ത സാധ്യതകൾ ഉപയോഗപ്പെടുത്തി മികച്ച തിയറ്റർ അനുഭവം നൽകാനാണ് ശ്രമിച്ചിരിക്കുന്നതെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു.
ചിത്രത്തിന്റെ മ്യൂസിക് അവകാശങ്ങൾ തിങ്ക് മ്യൂസിക് സ്വന്തമാക്കിയിട്ടുണ്ട്. ഓവർസീസ് വിതരണാവകാശം ദി പ്ലോട്ട് പിക്ചേഴ്സിനാണ്. കേരളത്തിൽ ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് ഡ്രീം ബിഗ് ഫിലിംസ് ആണ്.
🎶 ‘Praakk’ is OUT NOW!
The second song from #ItsAMedicalMiracle, starring Sangeeth Prathap & Sharafudheen, is composed by Mujeeb Majeed.
🎬 Worldwide in theatres September 18!#Praakk #SangeethPrathap #Sharafudheen pic.twitter.com/1gFCMsyeTB
— CinemaCafe™ Media (@cinemacafemedia) September 6, 2026
അണിയറ പ്രവർത്തകർ: സംവിധാനം – ശ്യാമിൻ ഗിരീഷ്; കഥ, തിരക്കഥ, സംഭാഷണം – നിലീൻ സാന്ദ്ര; നിർമ്മാണം – ഡോ. പോൾ വർഗീസ്, സുജിത് ജെ. നായർ; ഛായാഗ്രഹണം – അഖിൽ സേവ്യർ; എഡിറ്റിംഗ് – രാകേഷ് ചെറുമഠം; സംഗീതം – മുജീബ് മജീദ്; സൗണ്ട് ഡിസൈൻ – നിക്സൺ ജോർജ്; മേക്കപ്പ് – റോണക്സ് സേവ്യർ; വസ്ത്രാലങ്കാരം – ആരതി ഗോപാൽ; പ്രൊഡക്ഷൻ കൺട്രോളർ – മനോജ് പൂങ്കുന്നം; കലാസംവിധാനം – അപ്പുണ്ണി സാജൻ; ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് – വിഷ്ണു ദേവ്, അജിത് ജോസ്; VFX – പ്രൊമൈസ് VFX, മാർജ്ജാര VFX; അസോസിയേറ്റ് ഡയറക്ടർ – മുബീൻ റാഫി; പ്രോജക്ട് ഡിസൈനർ – അമൃത മോഹൻ; അസോസിയേറ്റ് ക്യാമറാമാൻ – വിശോക് കളത്തിൽ; ഫിനാൻസ് കൺട്രോളർ – ബിബിൻ സേവ്യർ; സ്റ്റിൽസ് – സിനറ്റ് സേവ്യർ; അസിസ്റ്റന്റ് ഡയറക്ടേഴ്സ് – ആൽബിൻ ഷാജി, ഷഫീഖ്; ഡിസൈൻസ് – യെല്ലോ ടൂത്സ്; ഡിസ്ട്രിബ്യൂഷൻ – ഡ്രീം ബിഗ് ഫിലിംസ്; ഡിജിറ്റൽ മാർക്കറ്റിങ് – ഒബ്സ്ക്യൂറ; പി.ആർ.ഒ – ശബരി.
Praakk Video Song Out from Sangeeth Prathap–Sharafudheen’s It’s a Medical Miracle
Praakk, the second song from Sangeeth Prathap and Sharafudheen’s It’s a Medical Miracle, is out now. Composed by Mujeeb Majeed, the film releases worldwide on September 18, 2026.