പൃഥ്വിരാജ് സുകുമാരൻ–വൈശാഖ്–ജിനു എബ്രഹാം കൂട്ടുകെട്ടിൽ ഒരുങ്ങിയ ‘ഖലീഫ’ ബോക്സ് ഓഫീസിൽ വിജയകരമായ പ്രദർശനം തുടരുന്നു. റിലീസ് ചെയ്ത് ഏഴ് ദിവസം പിന്നിടുമ്പോൾ ചിത്രം ലോകമെമ്പാടുമായി 40 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ സ്വന്തമാക്കി. ജിനു ഇന്നോവേഷന്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിജോ സെബാസ്റ്റ്യൻ, ശ്രീലാൽ ശൂലപാണി എന്നിവരാണ് സഹനിർമ്മാതാക്കൾ.
ആദ്യ ദിനം തന്നെ 14.5 കോടി രൂപയുടെ ആഗോള ഗ്രോസ് നേടി മികച്ച തുടക്കം കുറിച്ച ചിത്രം, ഓണം അവധിക്കാലത്തും കേരള ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ മികച്ച പ്രേക്ഷക പിന്തുണയോടെ ചിത്രം പ്രദർശനം തുടരുകയാണ്. പൃഥ്വിരാജ് സുകുമാരന്റെ മാസ് അവതരണവും ആക്ഷൻ പ്രകടനവുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്.
40 കോടി പിന്നിട്ടതോടെ ചിത്രം അധികം വൈകാതെ 50 കോടി ക്ലബ്ബിലേക്കും എത്തുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകരും ആരാധകരും. മാസ് സിനിമകളെ ഇഷ്ടപ്പെടുന്ന യുവപ്രേക്ഷകർക്കൊപ്പം കുടുംബ പ്രേക്ഷകരിൽ നിന്നും ലഭിക്കുന്ന പിന്തുണയും ചിത്രത്തിന്റെ ബോക്സ് ഓഫീസ് മുന്നേറ്റത്തിന് കരുത്താകുന്നുണ്ട്.
മാമ്പറക്കൽ ആമിർ അലി എന്ന കേന്ദ്ര കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. മാമ്പറക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി മോഹൻലാലും, ഐവർ അലക്സാണ്ടർ എന്ന കഥാപാത്രമായി ടൊവിനോ തോമസും അതിഥി വേഷങ്ങളിലെത്തുന്നു. ഇരുവരുടെയും സാന്നിധ്യം ചിത്രത്തിലെ പ്രധാന സർപ്രൈസ് ഘടകങ്ങളായി മാറിയിട്ടുണ്ട്.
ബോളിവുഡ് താരം നീൽ നിതിൻ മുകേഷ്, തെലുങ്ക് താരം മാളവിക ശർമ്മ എന്നിവർക്കൊപ്പം ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മോഹിനി, സഞ്ജു ശിവറാം, ശിവജിത്, സുദീപ്, ഷമ്മി തിലകൻ, വൈഷ്ണവി, റുഷിൻ, ആനന്ദ് മന്മഥൻ, ഡോൺ മൈക്കൽ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
‘ഖലീഫ’യുടെ ആദ്യ ഭാഗം റിലീസ് ചെയ്ത ദിവസം തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗവും അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. മോഹൻലാൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന രണ്ടാം ഭാഗം, ആദ്യ ചിത്രത്തിൽ അവതരിപ്പിച്ച ലോകത്തെ കൂടുതൽ വിപുലീകരിക്കുന്ന തരത്തിലായിരിക്കും ഒരുങ്ങുകയെന്നാണ് സൂചന. സ്വർണക്കള്ളക്കടത്തിന്റെ പശ്ചാത്തലത്തിൽ വലിയ കാൻവാസിൽ ഒരുക്കുന്ന ബിഗ് ബജറ്റ് എന്റർടെയ്നറായിരിക്കും രണ്ടാം ഭാഗവും.
ആക്ഷനും മാസ് മുഹൂർത്തങ്ങളും കുടുംബബന്ധങ്ങളും ചേർത്തൊരുക്കിയ ‘ഖലീഫ’, ഏഴ് ദിവസം കൊണ്ട് 40 കോടി രൂപയുടെ ആഗോള ഗ്രോസ് പിന്നിട്ടതോടെ ഓണം റിലീസുകളിൽ ശ്രദ്ധേയമായ ബോക്സ് ഓഫീസ് സാന്നിധ്യമായി മാറിയിരിക്കുകയാണ്.
🔥 #Khalifa crosses ₹40 CRORE worldwide!
Prithviraj Sukumaran’s mass action entertainer has grossed ₹40 Cr worldwide in just 7 days, continuing its successful Onam run. 💥
The march towards the ₹50 Cr club continues! 🔥#PrithvirajSukumaran #Vyshakh #JinuAbraham #Malayalam pic.twitter.com/6VaJUADZUn
— CinemaCafe™ Media (@cinemacafemedia) August 27, 2026
അണിയറ പ്രവർത്തകർ: ഛായാഗ്രഹണം – ജോമോൻ ടി. ജോൺ; സംഗീതം – ജേക്സ് ബിജോയ്; എഡിറ്റിംഗ് – ചമൻ ചാക്കോ; പ്രൊഡക്ഷൻ ഡിസൈനർ – മോഹൻദാസ്; ആക്ഷൻ – യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ; കോ-ഡയറക്ടർ – സുരേഷ് ദിവാകർ; എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഷൈൻ വർഗീസ്; കോസ്റ്റ്യൂംസ് – മഷർ ഹംസ; കലാസംവിധാനം – വിശ്വനാഥ് അരവിന്ദ്; മേക്കപ്പ് – അമൽ ചന്ദ്രൻ; സൗണ്ട് ഡിസൈൻ – സിങ്ക് സിനിമ; അഡീഷണൽ മ്യൂസിക് – ജാബിർ സുലൈം; ഫൈനൽ മിക്സ് – എം.ആർ. രാജാകൃഷ്ണൻ; പ്രൊഡക്ഷൻ കൺട്രോളർമാർ – റെനി ദിവാകർ, വിനോഷ് കൈമൾ.
Khalifa Crosses ₹40 Crore Worldwide in 7 Days | Prithviraj Sukumaran
Prithviraj Sukumaran’s Khalifa crosses ₹40 crore worldwide gross in seven days. The Vyshakh–Jinu Abraham mass action entertainer continues its successful theatrical run.