മലയാളത്തിലെ ജനപ്രിയ ഡിജിറ്റൽ കണ്ടന്റ് പ്ലാറ്റ്ഫോമുകളിലൊന്നായ ‘കരിക്ക്’ ആദ്യമായി സിനിമാ നിർമ്മാണ രംഗത്തേക്ക്. കരിക്ക് ടീം ഒരുക്കുന്ന ആദ്യ ചിത്രത്തിന് ‘ഗുഡ് ലക്ക് ചിക്കോ’ എന്നാണ് പേര് നൽകിയിരിക്കുന്നത്. തിരുവോണം പ്രമാണിച്ചാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്.
നിഖിൽ ജി. പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം കരിക്ക് സ്റ്റുഡിയോയ്ക്കൊപ്പം ഡോ. അനന്തു പ്രൊഡക്ഷൻസ് ബാനറിൽ ഡോ. അനന്തുവാണ് നിർമ്മിക്കുന്നത്. ഡോ. അനന്തുവും നിഖിൽ ജി. പ്രസാദും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. ഡോ. അനന്തു പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് ‘ഗുഡ് ലക്ക് ചിക്കോ’.
കരിക്ക് ടീം ബിഗ് സ്ക്രീനിലേക്ക് എത്തുന്നുവെന്ന വാർത്ത പുറത്തുവന്നത് മുതൽ ആരാധകർക്കിടയിൽ വലിയ ആകാംക്ഷയാണ് പ്രോജക്ടിനെ ചുറ്റിപ്പറ്റി ഉയർന്നത്. വർഷങ്ങളായി ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ വ്യത്യസ്തമായ ഹാസ്യവും കഥപറച്ചിലും കഥാപാത്രങ്ങളും സമ്മാനിച്ച ടീം സിനിമയിലേക്ക് എത്തുമ്പോൾ എങ്ങനെയായിരിക്കും അവരുടെ പുതിയ അവതരണമെന്നതാണ് പ്രേക്ഷകരുടെ പ്രധാന കൗതുകം.
‘കരിക്ക്’ വെബ് സീരീസുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരങ്ങൾക്കൊപ്പം മലയാള സിനിമയിലെ ശ്രദ്ധേയരായ അഭിനേതാക്കളും ‘ഗുഡ് ലക്ക് ചിക്കോ’യുടെ ഭാഗമാകും. ആനന്ദ് മാത്യൂസ്, അനു കെ. അനിയൻ, അർജുൻ രത്തൻ, ബിനോയ് ജോൺ, ജീവൻ സ്റ്റീഫൻ, കിരൺ വിയ്യത്ത്, കൃഷ്ണ ചന്ദ്രൻ, ശബരീഷ് സജ്ജിൻ, ഉണ്ണി മാത്യൂസ് തുടങ്ങിയവരാണ് കരിക്കിന്റെ വിവിധ സീരീസുകളിലൂടെ ശ്രദ്ധേയരായ പ്രധാന അഭിനേതാക്കൾ.
2018ൽ നിഖിൽ പ്രസാദ് ആരംഭിച്ച കരിക്ക്, ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ചെറുതും വലുതുമായ വെബ് സീരീസുകളിലൂടെയാണ് വലിയൊരു പ്രേക്ഷക സമൂഹത്തെ സ്വന്തമാക്കിയത്. യൂട്യൂബിൽ 10 മില്യണിനടുത്ത് സബ്സ്ക്രൈബേഴ്സുള്ള ഡിജിറ്റൽ കണ്ടന്റ് പ്ലാറ്റ്ഫോമിന്റെ സിനിമാ അരങ്ങേറ്റം എന്ന നിലയിൽ ‘ഗുഡ് ലക്ക് ചിക്കോ’ ഇതിനോടകം ശ്രദ്ധ നേടുകയാണ്.
ഡിജിറ്റൽ ലോകത്ത് കരിക്ക് രൂപപ്പെടുത്തിയ തനതായ കഥപറച്ചിൽ ശൈലി സിൽവർ സ്ക്രീനിലേക്കെത്തുമ്പോൾ എന്തൊക്കെയാകും ടീം ഒരുക്കിയിട്ടുണ്ടാകുകയെന്ന ആകാംക്ഷയും ടൈറ്റിൽ പ്രഖ്യാപനത്തോടെ വർധിച്ചിട്ടുണ്ട്. കരിക്ക് ടീമിനൊപ്പം ഡോ. അനന്തു പ്രൊഡക്ഷൻസും കൈകോർക്കുന്നതോടെ വലിയ കാൻവാസിലുള്ള സിനിമാനുഭവമാണ് ‘ഗുഡ് ലക്ക് ചിക്കോ’ ലക്ഷ്യമിടുന്നത്.
അഖിൽ സേവ്യറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. യാക്സൻ ഗാരി പെരേര, നേഹ നായർ എന്നിവർ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കുന്നു. സ്റ്റീവൻ കുമാർ, ഫെലിക്സ് ഫുകുയോഷി എന്നിവരാണ് ആക്ഷൻ രംഗങ്ങൾക്ക് പിന്നിൽ.
🎬 Karikku is heading to the BIG SCREEN! 🔥
Popular digital content team #Karikku announces its first movie, ‘Good Luck Chico’, directed by Nikhil G Prasad. The official title poster is out now!#GoodLuckChico #KarikkuStudios #MalayalamCinema pic.twitter.com/v9TcPmCQdj
— CinemaCafe™ Media (@cinemacafemedia) August 28, 2026
അണിയറ പ്രവർത്തകർ: ഛായാഗ്രഹണം – അഖിൽ സേവ്യർ; ഗാനങ്ങൾ, പശ്ചാത്തല സംഗീതം – യാക്സൻ ഗാരി പെരേര, നേഹ നായർ; സൗണ്ട് ഡിസൈൻ – നിക്സൺ ജോർജ്; പ്രൊഡക്ഷൻ ഡിസൈനർ – അനീറ്റ അബ്രഹാം; ചീഫ് അസോസിയേറ്റ് ഡയറക്ടർ – സിദ്ധാർഥ് കെ.ടി.; എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – അമൽ സേവ്യർ മനക്കത്തറയിൽ; കോസ്റ്റ്യൂം ഡിസൈനർ – ഗായത്രി കിഷോർ; ആക്ഷൻ – സ്റ്റീവൻ കുമാർ, ഫെലിക്സ് ഫുകുയോഷി; മേക്കപ്പ് – അർഷാദ് വർക്കല; അഡീഷണൽ സ്റ്റണ്ട് – റോബിൻ ടോം; VFX – മൈൻഡ്സ്റ്റെയിൻ സ്റ്റുഡിയോ; പ്രൊഡക്ഷൻ കൺട്രോളർ – ജീബു ഗോപാൽ; പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – നിഖിൽ ജോർജ്; പോസ്റ്റർ ഡിസൈൻ – ബിനോയ് ജോൺ; പി.ആർ.ഒ – വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.
Karikku Announces First Movie ‘Good Luck Chico’; Title Poster Out
Karikku makes its big-screen debut with Good Luck Chico, directed by Nikhil G Prasad. The title poster of Karikku’s first movie has been officially unveiled.