നിമിഷ സജയൻ, കരുണാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്കാര ജേതാവ് സജീവ് പാഴൂർ രചനയും സംവിധാനവും നിർവഹിക്കുന്ന പാൻ ഇന്ത്യൻ തമിഴ് ചിത്രം ‘എന്ന വിലൈ’ റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സംഗീത സംവിധായകനും നിർമ്മാതാവുമായ ജി.വി. പ്രകാശ് കുമാറിന്റെ മ്യൂസിക് ലേബൽ സ്വന്തമാക്കി. 2026 സെപ്റ്റംബറിൽ ആഗോള റിലീസായി എത്തുന്ന ചിത്രം കേരളത്തിലെ തിയറ്ററുകളിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ്.
കലാമയ സിനിവേഴ്സ്, റോമിയോ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ജിതേഷ് വി, അനുഗോപാൽ വേണുഗോപാലൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിയ സജീവ് പാഴൂരാണ് ‘എന്ന വിലൈ’യുടെ രചനയും സംവിധാനവും നിർവഹിക്കുന്നത്.
ജി.വി. പ്രകാശ് കുമാറിന്റെ മ്യൂസിക് ലേബലിലൂടെ പുറത്തിറങ്ങിയ ‘യൂത്ത്’ എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് പിന്നാലെയാണ് ‘എന്ന വിലൈ’യിലെ ഗാനങ്ങളും ഇതേ ലേബലിലൂടെ സംഗീതാസ്വാദകരിലേക്ക് എത്തുന്നത്. സാം സി.എസ്. സംഗീതം ഒരുക്കുന്ന ചിത്രത്തിലെ ആദ്യ ഗാനം ഉടൻ പുറത്തിറങ്ങുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
അടുത്തിടെ പുറത്തിറങ്ങിയ ‘എന്ന വിലൈ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ശ്രദ്ധ നേടിയിരുന്നു. സോഷ്യോ-പൊളിറ്റിക്കൽ ത്രില്ലർ ഘടകങ്ങൾ സമന്വയിപ്പിച്ച ഫാമിലി ഡ്രാമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വൈകാരികമായ കഥാപശ്ചാത്തലത്തിനൊപ്പം പ്രേക്ഷകരെ ആകാംക്ഷയിൽ നിലനിർത്തുന്ന ത്രില്ലർ സ്വഭാവവും സിനിമയ്ക്കുണ്ടാകുമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന.
പതിനാറാമത് ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരവും ‘എന്ന വിലൈ’ നേടിയിട്ടുണ്ട്. സാമൂഹിക പ്രസക്തിയുള്ള പ്രമേയം അവതരിപ്പിക്കുന്നതിനൊപ്പം വലിയ തിയറ്റർ അനുഭവം നൽകുന്ന രീതിയിലാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നും അണിയറപ്രവർത്തകർ പറയുന്നു.
രാമേശ്വരം പശ്ചാത്തലമാക്കിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. രാമേശ്വരം, ചെന്നൈ, പോണ്ടിച്ചേരി, കൊച്ചി എന്നിവിടങ്ങളിലെ 56 ലൊക്കേഷനുകളിലായി മൂന്ന് ഷെഡ്യൂളുകളിലൂടെയാണ് ചിത്രീകരണം പൂർത്തിയാക്കിയത്. മലയാളത്തിൽ നിന്നുള്ള ശ്രദ്ധേയരായ സാങ്കേതിക പ്രവർത്തകർ തമിഴ് സിനിമയ്ക്കായി ഒരുമിക്കുന്നതും ചിത്രത്തിന്റെ പ്രത്യേകതകളിലൊന്നാണ്.
നിമിഷ സജയനും കരുണാസിനുമൊപ്പം വൈ.ജി. മഹേന്ദ്രൻ, പൂർണ്ണിമ ഭാഗ്യരാജ്, മൊട്ട രാജേന്ദ്രൻ, വിജയലക്ഷ്മി, ഷാഷ, പ്രവീണ, കമലേഷ്, ഗോലി സോഡ പാണ്ഡി, ജെ.എസ്. കവി, മോഹൻ റാം, നിഴൽഗൽ രവി, വിവിയാന, ചേതൻ കുമാർ, കവിതാലയ കൃഷ്ണ, ടി.എസ്.ആർ. ശ്രീനിവാസ്, ലോള്ളൂ സഭ സ്വാമിനാഥൻ, കൊട്ടച്ചി, ദീപ ശങ്കർ, ചിത്ത ദർശൻ, കവി നക്കലിറ്റീസ്, കെ.പി.വൈ. കോദണ്ഡം, പശുപതി രാജ്, സൂപ്പർ ഗുഡ് സുബ്രമണി തുടങ്ങിയവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.
തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ‘എന്ന വിലൈ’ പ്രേക്ഷകരിലേക്ക് എത്തും. 2026 സെപ്റ്റംബറിൽ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം. കൃത്യമായ റിലീസ് തീയതി ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കും.
🎵 Big music update for #EnnaVilai!
The audio rights of the Nimisha Sajayan–Karunas starrer have been acquired by GV Prakash Kumar’s music label. Sam CS scores the music.
🎬 Worldwide theatrical release in September 2026.#NimishaSajayan #GVPrakashKumar pic.twitter.com/iEGH9mJSf3
— CinemaCafe™ Media (@cinemacafemedia) September 1, 2026
അണിയറ പ്രവർത്തകർ: രചന, സംവിധാനം – സജീവ് പാഴൂർ; നിർമ്മാണം – ജിതേഷ് വി, അനുഗോപാൽ വേണുഗോപാലൻ; ബാനറുകൾ – കലാമയ സിനിവേഴ്സ്, റോമിയോ പിക്ചേഴ്സ്; ഛായാഗ്രഹണം – ആൽബി ആന്റണി; സംഗീതം – സാം സി.എസ്.; എഡിറ്റിംഗ് – ശ്രീജിത്ത് സാരംഗ്; പ്രൊഡക്ഷൻ കൺട്രോളർ – എം. ശിവകുമാർ; ആർട്ട് ഡയറക്ടർ – കെ. ശിവകൃഷ്ണ; ആക്ഷൻ – പി.സി. സ്റ്റണ്ട്സ്; കോ-ഡയറക്ടർ – രതീഷ്; കോസ്റ്റ്യൂം ഡിസൈനർ – ആർ. മുരുഗാനന്ദം; മേക്കപ്പ് – വി. ദിനേഷ്കുമാർ; എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സൽമാൻ കെ.എം.; സ്റ്റിൽസ് – കാർത്തിക് എ.കെ.; പ്രൊഡക്ഷൻ മാനേജർമാർ – ആർ. രാജീവ് ഗാന്ധി, പി. കാർത്തി; പി.ആർ.ഒ – ശബരി.
Enna Vilai Audio Rights Acquired by GV Prakash Kumar’s Music Label
The audio rights of Nimisha Sajayan and Karunas-starrer Enna Vilai have been acquired by GV Prakash Kumar’s music label. Directed by Sajeev Pazhoor, the film will release worldwide in September 2026.