യുവതാരം സന്ദീപ് പ്രദീപിനെ കേന്ദ്ര കഥാപാത്രമാക്കി അഭിജിത് ജോസഫ് ഒരുക്കുന്ന ‘കോസ്മിക് സാംസൺ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഫാന്റസിയും ആക്ഷനും നിഗൂഢതയും നിറഞ്ഞ വ്യത്യസ്തമായൊരു സിനിമാനുഭവത്തിലേക്കുള്ള സൂചനകളാണ് ടീസർ നൽകുന്നത്. ഒരു സൂപ്പർഹീറോ കഥയാണോ ചിത്രം പറയുന്നതെന്ന കൗതുകവും ടീസർ ഉയർത്തുന്നുണ്ട്.
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളും, ഡി ഗ്രൂപ്പിന്റെ ബാനറിൽ മാനുവൽ ക്രൂസ് ഡാർവിനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ‘ജോൺ ലൂതർ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അഭിജിത് ജോസഫാണ് ‘കോസ്മിക് സാംസൺ’ രചിച്ച് സംവിധാനം ചെയ്യുന്നത്. അഭികേർഷ് വസന്താണ് സഹരചയിതാവ്. ബിനോ ടി. എബ്രഹാം എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാണ്. ചിത്രം ഈ വർഷം തന്നെ തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്.
കഥയുടെ പശ്ചാത്തലമോ സന്ദീപ് പ്രദീപ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വിശദാംശങ്ങളോ അണിയറപ്രവർത്തകർ ഇതുവരെ പൂർണമായി പുറത്തുവിട്ടിട്ടില്ല. എന്നാൽ അസാധാരണ സംഭവങ്ങളും ഫാന്റസി ഘടകങ്ങളും ചേർന്ന വലിയൊരു ലോകമാണ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നതെന്ന പ്രതീതി ടീസർ നൽകുന്നു. നേരത്തെ പുറത്തിറങ്ങിയ സന്ദീപ് പ്രദീപിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.
വ്യത്യസ്ത പ്രമേയങ്ങളും മികച്ച സാങ്കേതിക നിലവാരവുമുള്ള സിനിമകളിലൂടെ മലയാളത്തിൽ ശ്രദ്ധേയമായ നിർമ്മാണ സ്ഥാപനമാണ് സോഫിയ പോളിന്റെ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ്. ‘ബാംഗ്ലൂർ ഡെയ്സ്’, ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’, ‘മിന്നൽ മുരളി’, ‘ആർഡിഎക്സ്’ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങൾക്ക് ശേഷം നിർമ്മാണ കമ്പനി അവതരിപ്പിക്കുന്ന പുതിയ സിനിമയാണ് ‘കോസ്മിക് സാംസൺ’. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ പത്താമത്തെ നിർമ്മാണ സംരംഭം കൂടിയാണിത്.
സന്ദീപ് പ്രദീപിനൊപ്പം മുകേഷ്, മിയ ജോർജ്, അൽത്താഫ് സലിം, അൽഫോൻസ് പുത്രൻ, അനുരാജ് ഒ.ബി. എന്നിവരും ഏതാനും പുതുമുഖങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ‘പടക്കളം’, ‘എക്കോ’ എന്നീ ചിത്രങ്ങൾക്ക് ശേഷം സന്ദീപ് പ്രദീപ് നായകനായെത്തുന്ന സിനിമയെന്ന പ്രത്യേകതയും ‘കോസ്മിക് സാംസണിനുണ്ട്’.
ആക്ഷൻ രംഗങ്ങളിലും ചിത്രം വലിയ പ്രതീക്ഷയാണ് ഉയർത്തുന്നത്. ‘മിന്നൽ മുരളി’ക്ക് ശേഷം ഹോളിവുഡ് ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് വീണ്ടും മലയാള സിനിമയിലെത്തുകയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഒരുക്കുന്ന ആക്ഷൻ സീക്വൻസുകൾ ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാകുമെന്നാണ് സൂചന.
പാൻ ഇന്ത്യൻ പ്രേക്ഷകരെ ലക്ഷ്യമിട്ട് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് ‘കോസ്മിക് സാംസൺ’ റിലീസിന് തയ്യാറെടുക്കുന്നത്. കൃത്യമായ റിലീസ് തീയതി ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ വൈകാതെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.
🌌 The cosmic journey begins! #CosmicSamson Curtain Raiser is OUT NOW! ⚡
Starring #SandeepPradeep, the fantasy-action film is written & directed by #AbhijithJoseph and produced by Sophia Paul & Manuel Cruz Darwin under Weekend Blockbusters × D Group.#WeekendBlockbusters pic.twitter.com/MOc5P0pu8E
— CinemaCafe™ Media (@cinemacafemedia) August 23, 2026
അണിയറ പ്രവർത്തകർ: ഛായാഗ്രഹണം – ദീപക് ഡി. മേനോൻ, എഡിറ്റിംഗ് – ചമൻ ചാക്കോ, സംഗീതം – സിബി മാത്യു അലക്സ്, സൗണ്ട് ഡിസൈൻ – വിഷ്ണു ഗോവിന്ദ് (സൗണ്ട് ഫാക്ടർ), ആക്ഷൻ – വ്ലാഡ് റിംബർഗ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – അരിഷ് അസ്ലം, പ്രൊഡക്ഷൻ ഡിസൈൻ – ജോസഫ് നെല്ലിക്കൽ, വസ്ത്രാലങ്കാരം – ധന്യ ബാലകൃഷ്ണൻ, കലാസംവിധാനം – റോസ്മി അനുമോദ്, പ്രൊഡക്ഷൻ കൺട്രോളർ – ജാവേദ് ചെമ്പ്, പ്രൊഡക്ഷൻ മാനേജർമാർ – പക്കു കരീത്തറ, റോജി പി. കുര്യൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ആന്റണി കുട്ടമ്പുഴ, കണ്ടന്റ് ഹെഡ് – ലിൻസി വർഗീസ്, മേക്കപ്പ് – ഷാജി പുൽപള്ളി, VFX – എഗ് വൈറ്റ് VFX, മൈൻഡ്സ്റ്റെയിൻ സ്റ്റുഡിയോസ്, ഐ VFX, പ്രോജക്ട് ഡിസൈൻ – സെഡിന് പോൾ, കെവിൻ പോൾ, ഡിസ്ട്രിബ്യൂഷൻ ഹെഡ് – പ്രദീപ് മേനോൻ, സ്റ്റിൽസ് – അർജുൻ കല്ലിങ്കൽ, ഡിസൈൻ – യെല്ലോ ടൂത്സ്, അനിമേഷൻസ് – യൂനോഇയൻസ്, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ, ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്റ്സ്, ❤️ പി.ആർ.ഒ – ശബരി.
Cosmic Samson Teaser Out: Sandeep Pradeep Enters a Fantasy World
Sandeep Pradeep’s Cosmic Samson teaser is out. Directed by Abhijith Joseph and produced by Weekend Blockbusters and D Group, the film promises a fantasy action spectacle.