നിവിൻ പോളി, അഞ്ജലി, സൂരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത തമിഴ് സംവിധായകൻ റാം രചനയും സംവിധാനവും നിർവഹിച്ച ‘യേഴു കടൽ യേഴു മലൈ’ ഇന്ന്, ഒക്ടോബർ 1 മുതൽ ആഗോളതലത്തിൽ തിയറ്ററുകളിൽ. റിലീസിന് മുന്നോടിയായി നടന്ന പ്രിവ്യൂ ഷോയ്ക്ക് പിന്നാലെ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. കേരളത്തിൽ ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.
മനസ്സുകളെ സ്പർശിക്കുന്ന മനോഹരമായ സിനിമയെന്നാണ് പ്രിവ്യൂ പ്രദർശനത്തിന് ശേഷം ചിത്രം കണ്ടവരിൽ പലരും അഭിപ്രായപ്പെട്ടത്. വ്യത്യസ്തമായ പ്രമേയം, റാമിന്റെ വേറിട്ട ആഖ്യാനശൈലി, നിവിൻ പോളി, സൂരി, അഞ്ജലി എന്നിവരുടെ പ്രകടനങ്ങൾ എന്നിവയാണ് പ്രേക്ഷക പ്രതികരണങ്ങളിൽ പ്രധാനമായും എടുത്തുപറയപ്പെടുന്നത്. വി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് കാമാച്ചിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
നിവിൻ പോളി, സൂരി, അഞ്ജലി എന്നിവർ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കൊപ്പം പ്രിവ്യൂ ഷോയിൽ പങ്കെടുത്തു. സംവിധായകൻ വിഘ്നേഷ് ശിവൻ, നടൻ അജു വർഗീസ് എന്നിവരുൾപ്പെടെ സിനിമാ മേഖലയിലെ നിരവധി പേരും പ്രദർശനത്തിനെത്തി.
ത്രില്ലർ, മിസ്റ്ററി, ഫാന്റസി, പ്രണയം, നർമം, ആക്ഷൻ, വൈകാരികത തുടങ്ങി വിവിധ ഘടകങ്ങളെ ഒരുമിപ്പിച്ചാണ് ‘യേഴു കടൽ യേഴു മലൈ’ ഒരുക്കിയിരിക്കുന്നത്. പതിവ് കഥാപശ്ചാത്തലങ്ങളിൽ നിന്ന് വ്യത്യസ്തമായൊരു സിനിമാലോകമാണ് റാം ചിത്രത്തിലൂടെ അവതരിപ്പിക്കുന്നതെന്നാണ് പ്രിവ്യൂവിന് ശേഷമുള്ള പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. കഥയുടെ പശ്ചാത്തലവും കഥാപാത്രങ്ങളുടെ സ്വഭാവവും അവതരണരീതിയും സിനിമയ്ക്ക് വേറിട്ട അനുഭവം നൽകുന്നതായും അഭിപ്രായങ്ങളുണ്ട്.
8000ത്തിലധികം വർഷങ്ങളായി മരണമില്ലാതെ ജീവിക്കുന്ന ഒരു അമരനായ കഥാപാത്രത്തെയാണ് നിവിൻ പോളി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന്റെ വിവിധ കാലഘട്ടങ്ങളിലൂടെയുള്ള യാത്രയും വ്യത്യസ്ത ഭാവങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന സവിശേഷതകളിലൊന്ന്. നിവിൻ പോളിയും സൂരിയും ഒന്നിച്ചെത്തുന്ന രംഗങ്ങളിലെ നർമവും വൈകാരികതയും ശ്രദ്ധ നേടുന്നതായാണ് പ്രിവ്യൂ പ്രതികരണങ്ങൾ. അഞ്ജലിയുടെ കഥാപാത്രവും കഥാഗതിയിൽ നിർണായക സാന്നിധ്യമാണ്.
‘റിച്ചി’ക്ക് ശേഷം നിവിൻ പോളി നായകനാകുന്ന തമിഴ് ചിത്രം കൂടിയാണ് ‘യേഴു കടൽ യേഴു മലൈ’. റാമും നിവിൻ പോളിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. നേരത്തെ പുറത്തിറങ്ങിയ ട്രെയ്ലർ സിനിമയുടെ ഫാന്റസി ലോകത്തെയും കഥാപാത്രങ്ങളിലെ വ്യത്യസ്തതകളെയും പരിചയപ്പെടുത്തിയിരുന്നു.
തിയറ്റർ റിലീസിന് മുമ്പുതന്നെ അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും ‘യേഴു കടൽ യേഴു മലൈ’ സാന്നിധ്യമറിയിച്ചിരുന്നു. 53-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ റോട്ടർഡാമിൽ ചിത്രം പ്രീമിയർ ചെയ്തിരുന്നു. VPRO Big Screen Award മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 12 ചിത്രങ്ങളിൽ ഒന്നുമായിരുന്നു ചിത്രം. രവി മരിയ, എൻ. അഴഗം പെരുമാൾ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
‘യേഴു കടൽ യേഴു മലൈ’ ഇന്ന് മുതൽ ആഗോളതലത്തിൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിക്കും. കേരളത്തിലെ റിലീസ് വേഫെറർ ഫിലിംസാണ് നിർവഹിക്കുന്നത്.
🌊 #YezhuKadalYezhuMalai is NOW PLAYING!
Preview audiences are calling Nivin Pauly–Ram’s film a touching cinematic experience, with praise for Nivin, Soori & Anjali’s performances, according to the makers.
🎬 Kerala release by Wayfarer Films.#NivinPauly #DirectorRam pic.twitter.com/8rAmOCygyN— CinemaCafe™ Media (@cinemacafemedia) October 1, 2026
അണിയറ പ്രവർത്തകർ: രചന, സംവിധാനം – റാം; നിർമ്മാണം – സുരേഷ് കാമാച്ചി; ബാനർ – വി ഹൗസ് പ്രൊഡക്ഷൻസ്; സംഗീതം – യുവൻ ശങ്കർ രാജ; അഡീഷണൽ മ്യൂസിക് – സന്തോഷ് ധയാനിധി; ഛായാഗ്രഹണം – എൻ.കെ. ഏകാംബരം; എഡിറ്റിങ് – മതി വി.എസ്.; പ്രൊഡക്ഷൻ ഡിസൈൻ – ഉമേഷ് ജെ. കുമാർ; വരികൾ – മദൻ കാർക്കി, മതി പുകഴേന്തി; ആക്ഷൻ – സ്റ്റണ്ട് സിൽവ; നൃത്തസംവിധാനം – സാൻഡി മാസ്റ്റർ; വസ്ത്രാലങ്കാരം – ചന്ദ്രകാന്ത് സോനവാനെ; മേക്കപ്പ് – പട്ടണം റഷീദ്; സൗണ്ട് ഡിസൈൻ & മിക്സ് – ടി. ഉദയകുമാർ; സൗണ്ട് ഡിസൈൻ – രഞ്ജിത്ത് വെങ്കിട്ടഗോപാൽ, ശരവണ കുമാർ; സൗണ്ട് എഫക്റ്റ്സ് – രാജശേഖർ; VFX – ബീ സ്റ്റുഡിയോ; VFX ഹെഡ് – സി. ഗജേന്ദ്രൻ; VFX സൂപ്പർവൈസർ – കാർത്തിക് കംബെട്ടൻ; നിശ്ചല ഛായാഗ്രഹണം – ജയകുമാർ വൈരവൻ; കളറിസ്റ്റ് – രാജശേഖർ; പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – ജഗദീഷ് കെ.എച്ച്., അമീർരാജ്, പ്രവീൺ കുമാർ ജി., മാലിക് ഐ.; കേരള വിതരണം – വേഫെറർ ഫിലിംസ്.
Yezhu Kadal Yezhu Malai Gets Heartwarming Preview Response; Nivin Pauly–Ram Film in Theatres Now
Nivin Pauly and director Ram’s Yezhu Kadal Yezhu Malai is now in theatres worldwide. Preview audiences praised its emotional storytelling and performances, according to the makers.