മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. ‘ഓപ്പറേഷൻ ഗംഗ’ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. മോഹൻലാലിന്റെ L367 ആയി പ്രഖ്യാപിച്ച ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ മെഗാ ബജറ്റിലാണ് നിർമ്മിക്കുന്നത്. ബൈജു ഗോപാലൻ, വി.സി. പ്രവീൺ എന്നിവർ കോ-പ്രൊഡ്യൂസർമാരും കൃഷ്ണമൂർത്തി എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ്.
റഷ്യ–ഉക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഉക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിക്കാൻ ഇന്ത്യ നടത്തിയ രക്ഷാദൗത്യമായ **‘ഓപ്പറേഷൻ ഗംഗ’**യെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. യഥാർഥ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വലിയ കാൻവാസിൽ ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം ജോർജിയയിൽ ആരംഭിച്ചു. മോഹൻലാൽ ഉടൻ ചിത്രീകരണത്തിൽ ജോയിൻ ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
വമ്പൻ ചിത്രീകരണ പദ്ധതിയാണ് ‘ഓപ്പറേഷൻ ഗംഗ’യ്ക്കായി ഒരുക്കിയിരിക്കുന്നത്. പോളണ്ട്, ജോർജിയ, കസാക്കിസ്ഥാൻ, ഡൽഹി, ഡെറാഡൂൺ, കൊച്ചി എന്നിവിടങ്ങളിലായി ഏകദേശം 180 ദിവസത്തെ ചിത്രീകരണമാണ് പ്ലാൻ ചെയ്തിരിക്കുന്നത്. വിദേശ ലൊക്കേഷനുകൾക്കും യുദ്ധപശ്ചാത്തലത്തിനും പ്രാധാന്യം നൽകുന്ന ചിത്രം ശ്രീ ഗോകുലം മൂവീസ് ഇതുവരെ നിർമ്മിച്ച ഏറ്റവും വലിയ സിനിമകളിലൊന്നായാണ് ഒരുങ്ങുന്നത്.
മോഹൻലാലിനൊപ്പം ബോളിവുഡ് താരം അർജുൻ റാംപാൽ, ആദിൽ ഹുസൈൻ, ഭാഗ്യശ്രീ ബോഴ്സെ, പാർത്ഥിപൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇന്ത്യയ്ക്ക് പുറത്ത് നിന്നുള്ള താരങ്ങളും സാങ്കേതിക പ്രവർത്തകരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
ചിത്രത്തിന്റെ സാങ്കേതിക നിരയും ശ്രദ്ധേയമാണ്. ‘ധുരന്തർ’ എന്ന ചിത്രത്തിന് ശേഷം ശാശ്വത് സച്ച്ദേവ് സംഗീതം ഒരുക്കുന്നു. ‘പുഷ്പ’, ‘പുഷ്പ 2’ എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ മിറോസ്ലാവ് കുബ ബ്രോസെക് ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ‘ധുരന്തർ’, ‘കിൽ’ തുടങ്ങിയ സിനിമകളിൽ പ്രവർത്തിച്ച സീ യങ് ഓ ആക്ഷൻ ഡയറക്ഷൻ നിർവഹിക്കുന്നു.
‘ഗോട്ട്’, ‘മെയ്യഴകൻ’, ‘അമരൻ’, ‘കത്തനാർ’ തുടങ്ങിയ സിനിമകളിൽ പ്രവർത്തിച്ച രാജീവൻ പ്രൊഡക്ഷൻ ഡിസൈൻ നിർവഹിക്കുമ്പോൾ ഷമീർ മുഹമ്മദ് എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു. ‘ധുരന്തർ’, ‘ഉറി’, ‘3 ഇഡിയറ്റ്സ്’, ‘പദ്മാവത്’ തുടങ്ങിയ ചിത്രങ്ങളുടെ ഭാഗമായിരുന്ന ബിഷ്വദീപ് ചാറ്റർജിയാണ് സൗണ്ട് ഡിസൈനർ.
‘കാന്താര’യിൽ പ്രവർത്തിച്ച കെ.വി. സഞ്ജിത് VFX സൂപ്പർവിഷൻ നിർവഹിക്കുന്നു. സൈനിക രംഗങ്ങളുടെ ആധികാരികത ഉറപ്പാക്കുന്നതിനായി സ്ക്വാഡ്രൻ ലീഡർ വെർലിൻ പൻവർ മിലിട്ടറി അഡ്വൈസറായി ചിത്രത്തിനൊപ്പമുണ്ട്. ‘സഫേദ് സാഗർ’, ‘ബോർഡർ 2’, ‘ഫൈറ്റർ’ തുടങ്ങിയ പ്രോജക്ടുകളിൽ മിലിട്ടറി അഡ്വൈസറായി പ്രവർത്തിച്ച പരിചയവുമായാണ് അദ്ദേഹം ‘ഓപ്പറേഷൻ ഗംഗ’യുടെ ഭാഗമാകുന്നത്.
മെൽവി ജെ കോസ്റ്റ്യൂം ഡിസൈനും റോണക്സ് സേവ്യർ മേക്കപ്പും നിർവഹിക്കുന്നു. റിന്നി ദിവാകറാണ് പ്രൊഡക്ഷൻ കൺട്രോളർ. വൻ താരനിരയ്ക്കൊപ്പം ഇന്ത്യയിലും വിദേശത്തുമുള്ള സാങ്കേതിക പ്രവർത്തകരെ അണിനിരത്തിയാണ് വിഷ്ണു മോഹൻ ചിത്രം ഒരുക്കുന്നത്.
‘ഓപ്പറേഷൻ ഗംഗ’യ്ക്ക് പുറമെ സുരേഷ് ഗോപി നായകനാകുന്ന ‘ഒറ്റക്കൊമ്പൻ’, ജയസൂര്യയുടെ ‘കത്തനാർ’, എസ്.ജെ. സൂര്യ ഒരുക്കുന്ന ‘കില്ലർ’ തുടങ്ങിയ വമ്പൻ പ്രോജക്ടുകളും ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ അണിയറയിൽ ഒരുങ്ങുന്നുണ്ട്.
🔥 Mohanlal’s #L367 is titled ‘Operation Ganga’!
Directed by Vishnu Mohan and produced by Gokulam Gopalan, the mega-budget film is set against India’s Ukraine evacuation mission. Filming has begun in Georgia.#Mohanlal #OperationGanga #SreeGokulamMovies pic.twitter.com/TqHYSWYD9a
— CinemaCafe™ Media (@cinemacafemedia) September 5, 2026
അണിയറ പ്രവർത്തകർ: രചന, സംവിധാനം – വിഷ്ണു മോഹൻ; നിർമ്മാണം – ഗോകുലം ഗോപാലൻ; കോ-പ്രൊഡ്യൂസേഴ്സ് – ബൈജു ഗോപാലൻ, വി.സി. പ്രവീൺ; എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി; ബാനർ – ശ്രീ ഗോകുലം മൂവീസ്; ഛായാഗ്രഹണം – മിറോസ്ലാവ് കുബ ബ്രോസെക്; സംഗീതം – ശാശ്വത് സച്ച്ദേവ്; ആക്ഷൻ ഡയറക്ഷൻ – സീ യങ് ഓ; പ്രൊഡക്ഷൻ ഡിസൈൻ – രാജീവൻ; എഡിറ്റിംഗ് – ഷമീർ മുഹമ്മദ്; സൗണ്ട് ഡിസൈൻ – ബിഷ്വദീപ് ചാറ്റർജി; VFX സൂപ്പർവിഷൻ – കെ.വി. സഞ്ജിത്; മിലിട്ടറി അഡ്വൈസർ – സ്ക്വാഡ്രൻ ലീഡർ വെർലിൻ പൻവർ; കോസ്റ്റ്യൂം ഡിസൈൻ – മെൽവി ജെ; മേക്കപ്പ് – റോണക്സ് സേവ്യർ; പ്രൊഡക്ഷൻ കൺട്രോളർ – റിന്നി ദിവാകർ; പ്രൊമോഷൻ കൺസൾട്ടന്റ് – വിപിൻ കുമാർ; ❤️ പി.ആർ.ഒ – ശബരി, വാഴൂർ ജോസ്.
Mohanlal’s Operation Ganga Announced; Vishnu Mohan Directs Mega-Budget Film
Mohanlal’s L367 is titled Operation Ganga. Written and directed by Vishnu Mohan and produced by Gokulam Gopalan, the mega-budget film is set against India’s Ukraine evacuation mission.