‘പന്ത്രണ്ട്’, ‘ലോനപ്പന്റെ മാമ്മോദീസാ’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ എഴുത്തുകാരനും സംവിധായകനുമായ ലിയോ തദ്ദേവൂസിന്റെ പുതിയ ചിത്രം ‘ചെവിട്ടോർമ്മ’ കൊറിയയിൽ ഒക്ടോബറിൽ നടക്കുന്ന ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു. മേളയിലെ ‘വിൻഡോ ടു ഏഷ്യൻ സിനിമ’ വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.
ദിലീഷ് പോത്തനും പൗളി വത്സനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഓസ്ട്രേലിയൻ കമ്പനിയായ സ്റ്റോപ്പ് വിഞ്ചിങ് ഫിലിംസ്, ലവ്ലി ഫ്രെയിംസ്, അൺകോംബ്ഡ് ബുദ്ധ, എസ് ഫോർ സിനിമാസ് എന്നീ ബാനറുകൾ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ക്രിയേറ്റീവ് പ്രൊഡ്യൂസർ സ്റ്റീഫൻ സക്കറിയാസിന്റെ നേതൃത്വത്തിൽ ലോകൻ രവി, സാജൻ ബാലൻ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
മനുഷ്യജീവിതത്തിന്റെ അവസാന നിമിഷങ്ങളെയും മരണത്തോടുള്ള സമീപനത്തെയും വൈകാരികമായി അവതരിപ്പിക്കുന്ന പ്രമേയമാണ് ‘ചെവിട്ടോർമ്മ’യുടേത്. മരണകിടക്കയിൽ കഴിയുന്നവർക്ക് അന്ത്യപ്രാർത്ഥനകൾ ചൊല്ലി, ജീവിതത്തിലെ കെട്ടുപാടുകളിൽ നിന്ന് അവരെ വിടുവിച്ച് സമാധാനപരമായ മരണത്തിലേക്ക് യാത്രയാക്കാൻ സഹായിക്കുന്ന ത്രേസ്യയും, പ്രമാണിയായ പായമ്മൽ വർക്കിച്ചനും തമ്മിലുള്ള കൂടിക്കാഴ്ചയെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ വികസിക്കുന്നത്.
അന്താരാഷ്ട്ര സിനിമാ രംഗത്ത് ശ്രദ്ധ നേടിയ സാങ്കേതിക പ്രവർത്തകരും ചിത്രത്തിന്റെ ഭാഗമാണ്. ദേശീയ-അന്തർദേശീയ തലങ്ങളിൽ ശ്രദ്ധ നേടിയ എഡിറ്റർ കാർലോ ഫ്രാൻസിസ്കോ മനടാഡ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നു. ഇറാനിൽ നിന്നുള്ള സംഗീത സംവിധായകൻ മിലാദ് മോവഹെദിയാണ് സംഗീതം ഒരുക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സാങ്കേതിക പ്രവർത്തകരുടെ പങ്കാളിത്തവും ‘ചെവിട്ടോർമ്മ’യ്ക്ക് അന്താരാഷ്ട്ര സ്വഭാവം നൽകുന്നു.
ബുസാൻ ചലച്ചിത്ര മേളയിലേക്കുള്ള തിരഞ്ഞെടുപ്പിന് മുമ്പും ചിത്രം വിവിധ സിനിമാ വേദികളിൽ ശ്രദ്ധ നേടിയിരുന്നു. NFDC കോ-പ്രൊഡക്ഷൻ മാർക്കറ്റ്, കാൻസ് കോ-പ്രൊഡക്ഷൻ ഡേ, NFDC വർക്കിങ് പ്രോഗ്രസ് ലാബ് എന്നിവയിലും ‘ചെവിട്ടോർമ്മ’ അവതരിപ്പിക്കപ്പെട്ടിരുന്നു.
ഏഷ്യൻ സിനിമകൾക്ക് ആഗോളതലത്തിൽ ശ്രദ്ധ നേടിക്കൊടുക്കുന്ന പ്രധാന ചലച്ചിത്ര മേളകളിലൊന്നായ ബുസാനിലെ ‘വിൻഡോ ടു ഏഷ്യൻ സിനിമ’ വിഭാഗത്തിലേക്കുള്ള ഔദ്യോഗിക തിരഞ്ഞെടുപ്പ് ‘ചെവിട്ടോർമ്മ’യുടെ അന്താരാഷ്ട്ര യാത്രയിലെ ശ്രദ്ധേയ നേട്ടമായി മാറുകയാണ്.
🎬 ‘Chevittorma’ heads to Busan!
Leo Thaddeus’ film starring Dileesh Pothan & Pauly Valsan has been officially selected for the Busan International Film Festival under Window on Asian Cinema.#Chevittorma #BIFF #DileeshPothan #MalayalamCinema pic.twitter.com/DxWPgptYTf
— CinemaCafe™ Media (@cinemacafemedia) September 1, 2026
അണിയറ പ്രവർത്തകർ: സംവിധാനം – ലിയോ തദ്ദേവൂസ്; നിർമ്മാണം – ലോകൻ രവി, സാജൻ ബാലൻ; ക്രിയേറ്റീവ് പ്രൊഡ്യൂസർ – സ്റ്റീഫൻ സക്കറിയാസ്; ബാനറുകൾ – സ്റ്റോപ്പ് വിഞ്ചിങ് ഫിലിംസ്, ലവ്ലി ഫ്രെയിംസ്, അൺകോംബ്ഡ് ബുദ്ധ, എസ് ഫോർ സിനിമാസ്; ഛായാഗ്രഹണം – സ്വരൂപ് ശോഭ ശങ്കർ; എഡിറ്റിംഗ് – കാർലോ ഫ്രാൻസിസ്കോ മനടാഡ്; സംഗീതം – മിലാദ് മോവഹെദി; പ്രൊഡക്ഷൻ ഡിസൈനർ – ജോസഫ് നെല്ലിക്കൽ; മേക്കപ്പ് – റൊണക്സ് സേവ്യർ; സൗണ്ട് ഡിസൈൻ – രാജേഷ് ശശീന്ദ്രൻ; മിക്സിങ് – തപസ് നായക്; കളറിസ്റ്റ് – റോബർട്ട് ലാങ്; കലാസംവിധാനം – റോസ്മി അനുമോദ്; വസ്ത്രാലങ്കാരം – രഞ്ജിനി മേരി റെജി; എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – നോബിൻ കുര്യൻ; ❤️ പി.ആർ.ഒ – ശബരി.
Leo Thaddeus’ Chevittorma Selected for Busan International Film Festival
Leo Thaddeus’ Chevittorma, starring Dileesh Pothan and Pauly Valsan, has been officially selected for the Busan International Film Festival under the Window on Asian Cinema section.