പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ സയൻസ് ഫിക്ഷൻ ചിത്രം ‘കൽക്കി 2898 എഡി’ 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ നേടിയ രണ്ട് അംഗീകാരങ്ങൾ ഏറ്റുവാങ്ങി. മികച്ച ജനപ്രിയ ചിത്രത്തിനും മികച്ച പ്രൊഡക്ഷൻ ഡിസൈനിനുമാണ് ചിത്രം ദേശീയ പുരസ്കാരം സ്വന്തമാക്കിയത്.
മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം സംവിധായകൻ നാഗ് അശ്വിനും നിർമ്മാതാവും വൈജയന്തി മൂവീസ് മേധാവിയുമായ സി. അശ്വിനി ദത്തും ഏറ്റുവാങ്ങി. ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനിന് നിതിൻ സിഹാനി ചൗധരിയും ദേശീയ പുരസ്കാരം നേടി.
2024ൽ പുറത്തിറങ്ങിയ സിനിമകളെ പരിഗണിച്ചുള്ള 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളുടെ പുരസ്കാരദാന ചടങ്ങിലാണ് ‘കൽക്കി 2898 എഡി’യുടെ അണിയറപ്രവർത്തകർ അംഗീകാരങ്ങൾ ഏറ്റുവാങ്ങിയത്.
2024 ജൂൺ 27ന് തിയറ്ററുകളിലെത്തിയ ‘കൽക്കി 2898 എഡി’ ഇന്ത്യൻ പുരാണസങ്കൽപ്പങ്ങളെയും ഫ്യൂച്ചറിസ്റ്റിക് സയൻസ് ഫിക്ഷൻ ലോകത്തെയും ഒരുമിപ്പിച്ചാണ് നാഗ് അശ്വിൻ ഒരുക്കിയത്. വമ്പൻ കാൻവാസും സാങ്കൽപ്പിക ലോകസൃഷ്ടിയും വിഷ്വൽ ട്രീറ്റ്മെന്റും ചിത്രത്തിന്റെ പ്രധാന സവിശേഷതകളായിരുന്നു.
പ്രഭാസ്, അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുക്കോൺ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ ദുൽഖർ സൽമാനും ശ്രദ്ധേയമായ അതിഥിവേഷത്തിലെത്തിയിരുന്നു. കേരളത്തിൽ ചിത്രം തിയറ്ററുകളിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആയിരുന്നു.
ചിത്രത്തിനായി ഒരുക്കിയ ഭാവികാല ലോകവും സാങ്കൽപ്പിക നഗരങ്ങളും പുരാണ പശ്ചാത്തലവുമായി ബന്ധിപ്പിച്ച ദൃശ്യലോകവുമാണ് പ്രൊഡക്ഷൻ ഡിസൈനിലെ പ്രധാന ഘടകങ്ങൾ. ഈ വിഭാഗത്തിലെ പ്രവർത്തനത്തിനാണ് നിതിൻ സിഹാനി ചൗധരിക്ക് ദേശീയ പുരസ്കാരം ലഭിച്ചത്.
🏆 Double National Award glory for #Kalki2898AD!
The Nag Ashwin directorial received honours for Best Popular Film and Best Production Design at the 72nd National Film Awards.
✨ Nag Ashwin, C. Ashwini Dutt & Nitin Zihani Choudhary accepted the honours#Prabhas #NationalAwards pic.twitter.com/VEUB8asgLN
— CinemaCafe™ Media (@cinemacafemedia) September 23, 2026
വൈജയന്തി മൂവീസിന്റെ ബാനറിൽ സി. അശ്വിനി ദത്ത് നിർമ്മിച്ച ‘കൽക്കി 2898 എഡി’ വലിയ ബജറ്റിൽ ഒരുക്കിയ ഇന്ത്യൻ സയൻസ് ഫിക്ഷൻ ചിത്രങ്ങളിലൊന്നായിരുന്നു. ആഗോള ബോക്സ് ഓഫീസിൽ ചിത്രം 1000 കോടി രൂപയിലധികം ഗ്രോസ് നേടിയതായി നിർമ്മാതാക്കൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
‘കൽക്കി 2898 എഡി’യുടെ കഥാലോകം തുടരുന്ന രണ്ടാം ഭാഗവും അണിയറയിൽ ഒരുങ്ങുകയാണ്. ആദ്യഭാഗത്തിന് ലഭിച്ച ദേശീയ അംഗീകാരങ്ങൾക്കു പിന്നാലെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
Kalki 2898 AD Wins Two National Film Awards; Nag Ashwin, Ashwini Dutt & Nitin Zihani Choudhary Receive Honours
Kalki 2898 AD received two honours at the 72nd National Film Awards, winning Best Popular Film and Best Production Design. Nag Ashwin, C. Ashwini Dutt and Nitin Zihani Choudhary accepted the awards.