ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ് ബജറ്റ് ഫാന്റസി ത്രില്ലർ ‘ഐ ആം ഗെയിം’ റിലീസിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29ന് നടക്കും. കാക്കനാട് ഇൻഫോപാർക്ക് എക്സ്പ്രസ് വേയിലെ കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ വൈകുന്നേരം 6 മണി മുതലാണ് പരിപാടി. ആരാധകർക്കും സിനിമാപ്രേമികൾക്കും പരിപാടിയിലേക്ക് പ്രവേശനം പൂർണമായും സൗജന്യമാണ്.
ചിത്രത്തിന്റെ സംഗീത സംവിധായകൻ ജേക്സ് ബിജോയ്, ഗായകരായ വേടൻ, അർമാൻ മാലിക് എന്നിവരുൾപ്പെടെയുള്ളവർ അണിനിരക്കുന്ന സംഗീത പരിപാടിയും പ്രീ റിലീസ് ഇവന്റിന്റെ പ്രധാന ആകർഷണമായിരിക്കും. ദുൽഖർ സൽമാൻ ഉൾപ്പെടെയുള്ള ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കും. റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കെ നടക്കുന്ന ഈ മെഗാ ഇവന്റ് ആരാധകരുടെ ആവേശം ഇരട്ടിയാക്കുമെന്നാണ് പ്രതീക്ഷ.
2026 സെപ്റ്റംബർ 3നാണ് ‘ഐ ആം ഗെയിം’ ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമകളിലൊന്നായാണ് ഒരുങ്ങുന്നത്. ‘ആർഡിഎക്സ്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് നിർമ്മാണം. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്ദു എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരാണ് സംഭാഷണങ്ങൾ രചിച്ചത്.
ചിത്രത്തിന്റെ സംഗീതാവകാശം സീ മ്യൂസിക് സ്വന്തമാക്കിയിട്ടുണ്ട്. ജേക്സ് ബിജോയ് സംഗീതമൊരുക്കിയ ‘മഴവില്ലായേ’ ഇതിനോടകം സോഷ്യൽ മീഡിയയിലും മ്യൂസിക് പ്ലാറ്റ്ഫോമുകളിലും ശ്രദ്ധ നേടി. ചിത്രത്തിന്റെ റിലീസ് കൗണ്ട്ഡൗണിന് തുടക്കമിട്ടുകൊണ്ടുള്ള സ്റ്റൈലിഷ് പോസ്റ്ററും അടുത്തിടെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.
മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് ‘ഐ ആം ഗെയിം’ എത്തുന്നത്. വിവിധ ഭാഷകളിൽ പുറത്തിറങ്ങിയ ട്രെയ്ലറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. വമ്പൻ ദൃശ്യാവിഷ്കാരം, സ്റ്റൈലിഷ് ആക്ഷൻ രംഗങ്ങൾ, അതിവേഗ ചേസ് സീക്വൻസുകൾ, ഫാന്റസി ഘടകങ്ങൾ എന്നിവ ചേർന്ന വലിയൊരു തിയറ്റർ അനുഭവമാണ് ചിത്രം വാഗ്ദാനം ചെയ്യുന്നതെന്ന സൂചനയാണ് ട്രെയ്ലർ നൽകിയത്.
തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരിച്ച ‘ഐ ആം ഗെയിം’ ദുൽഖർ സൽമാന്റെ നാല്പതാമത്തെ ചിത്രം കൂടിയാണ്. ഫസ്റ്റ് ലുക്ക് മുതൽ പുറത്തുവന്ന പ്രമോഷണൽ മെറ്റീരിയലുകളിലെല്ലാം വ്യത്യസ്തവും സ്റ്റൈലിഷുമായ അവതരണത്തിലാണ് ദുൽഖറിനെ അവതരിപ്പിച്ചിരിക്കുന്നത്.
🔥 KOCHI, ARE YOU GAME?
The grand #ImGame Pre-Release Event & Music Launch happens on August 29! 🎬🎶
📍 KINFRA International Exhibition Centre, Kakkanad, Kochi
⏰ 6 PM onwards
🎟️ FREE ENTRY
Featuring ⭐ #DulquerSalmaan 🎼 #JakesBejoy 🎤 #Vedan & #ArmaanMalik pic.twitter.com/ndSqgqGIlk— CinemaCafe™ Media (@cinemacafemedia) August 23, 2026
ദുൽഖർ സൽമാനൊപ്പം ആന്റണി വർഗീസ്, മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ‘ലോക’യുടെ വമ്പൻ വിജയത്തിന് ശേഷം വേഫെറർ ഫിലിംസിന്റെ ബാനറിൽ എത്തുന്ന പുതിയ ബിഗ് ബജറ്റ് ചിത്രമെന്ന പ്രത്യേകതയും ‘ഐ ആം ഗെയിമി’നുണ്ട്.
ഓഗസ്റ്റ് 29ലെ സൗജന്യ പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും കൂടി എത്തുന്നതോടെ, സെപ്റ്റംബർ 3ലെ ആഗോള റിലീസിലേക്കുള്ള ‘ഐ ആം ഗെയിം’ കൗണ്ട്ഡൗൺ കൂടുതൽ ആവേശകരമാവുകയാണ്.
I’m Game Pre-Release Event & Music Launch in Kochi on August 29; Free Entry for Fans
Dulquer Salmaan’s I’m Game pre-release event and music launch will be held in Kochi on August 29 at 6 PM with free entry. The film releases worldwide September 3.