മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര ചലച്ചിത്രമേളാ വേദികളിൽ പുതിയ നേട്ടവുമായി സംജാദ് സംവിധാനം ചെയ്ത ‘ഹാഫ്’. ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ (TIFF) ശ്രദ്ധേയമായ മിഡ്നൈറ്റ് മാഡ്നസ് വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാള ചിത്രമായാണ് ‘ഹാഫ്’ എത്തുന്നതെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ചിത്രത്തിന്റെ വേൾഡ് പ്രീമിയർ സെപ്റ്റംബർ 18ന് ടൊറന്റോയിൽ നടക്കും.
ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ സജീവ്, പി.കെ. സജീവ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തിയറ്റർ റിലീസിന് മുന്നോടിയായി ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേള, ഫന്റാസ്റ്റിക് ഫെസ്റ്റ്, ബിയോണ്ട് ഫെസ്റ്റ്, സിറ്റ്ജസ് – ഇന്റർനാഷണൽ ഫന്റാസ്റ്റിക് ഫിലിം ഫെസ്റ്റിവൽ ഓഫ് കാറ്റലോണിയ എന്നീ നാല് അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
ടൊറന്റോയിലെ മിഡ്നൈറ്റ് മാഡ്നസ് വിഭാഗത്തിൽ സെപ്റ്റംബർ 18ന് നടക്കുന്ന വേൾഡ് പ്രീമിയറിന് പുറമെ സെപ്റ്റംബർ 19, 20 തീയതികളിലും ‘ഹാഫ്’ പ്രദർശിപ്പിക്കും. മൂന്ന് പ്രദർശനങ്ങളുടെയും ടിക്കറ്റുകൾ വിറ്റുതീർന്നതായി അണിയറപ്രവർത്തകർ അറിയിച്ചു. ഹൊറർ, ആക്ഷൻ, ത്രില്ലർ, ഫാന്റസി സ്വഭാവമുള്ള സിനിമകൾക്ക് പ്രാധാന്യം നൽകുന്ന വിഭാഗമാണ് മിഡ്നൈറ്റ് മാഡ്നസ്.
ടൊറന്റോയ്ക്ക് പിന്നാലെ അമേരിക്കയിലെ ടെക്സസിലെ ഓസ്റ്റിനിൽ നടക്കുന്ന ഫന്റാസ്റ്റിക് ഫെസ്റ്റിൽ ചിത്രത്തിന്റെ ഇന്റർനാഷണൽ പ്രീമിയർ നടക്കും. സെപ്റ്റംബർ 19, 22 തീയതികളിൽ അലാമോ ഡ്രാഫ്റ്റ്ഹൗസ് സൗത്ത് ലാമറിലാണ് പ്രദർശനങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.
തുടർന്ന് ലോസ് ആഞ്ചലസിലെ ബിയോണ്ട് ഫെസ്റ്റിൽ ‘ഹാഫ്’ വെസ്റ്റ് കോസ്റ്റ് പ്രീമിയറിനെത്തും. സെപ്റ്റംബർ 23ന് എയ്റോ തിയേറ്ററിലാണ് പ്രദർശനം. ഇതോടെ ടൊറന്റോയിൽ നിന്ന് ഓസ്റ്റിനിലേക്കും അവിടെ നിന്ന് ലോസ് ആഞ്ചലസിലേക്കും നീളുന്ന അന്താരാഷ്ട്ര ഫെസ്റ്റിവൽ യാത്രയാണ് ചിത്രത്തിനായി ഒരുങ്ങുന്നത്.
സ്പെയിനിൽ നടക്കുന്ന സിറ്റ്ജസ് – ഇന്റർനാഷണൽ ഫന്റാസ്റ്റിക് ഫിലിം ഫെസ്റ്റിവൽ ഓഫ് കാറ്റലോണിയയുടെ 2026 പതിപ്പിലും ‘ഹാഫ്’ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സിറ്റ്ജസ് കളക്ഷൻ വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുക. ചിത്രത്തിന്റെ യൂറോപ്യൻ പ്രീമിയറും ഇവിടെ നടക്കും. രണ്ട് ഹാഫ്-ബ്ലഡ് വാംപയർ ഇരട്ടകളുടെ പ്രതികാരകഥയായാണ് സിറ്റ്ജസിലെ ചിത്രത്തിന്റെ ഔദ്യോഗിക പരിചയപ്പെടുത്തലെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു.
വാംപയർ മിത്തോളജിക്കൊപ്പം റോഡ് ആക്ഷൻ, ഹൊറർ, പ്രതികാരം എന്നിവ സമന്വയിപ്പിച്ചാണ് ‘ഹാഫ്’ ഒരുക്കിയിരിക്കുന്നത്. മലയാള സിനിമയിൽ അധികം പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത കഥാപശ്ചാത്തലത്തെ അന്താരാഷ്ട്ര പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ചിത്രത്തിൽ രഞ്ജിത്ത് സജീവ്, ഐശ്വര്യ രാജ്, അബ്ബാസ്, അമല പോൾ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
🔥 #Half makes Malayalam cinema history!
Samjad’s vampire action-horror becomes the first Malayalam film selected for TIFF Midnight Madness, according to the makers.
🎬 World Premiere in Toronto: September 18#TIFF #MalayalamCinema #RanjithSajeev pic.twitter.com/6bqlwA8naJ
— CinemaCafe™ Media (@cinemacafemedia) September 17, 2026
പ്രവീൺ വിശ്വനാഥും സംജാദും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പാപ്പിനു ഛായാഗ്രഹണം നിർവഹിക്കുമ്പോൾ മഹേഷ് ഭുവനേന്ദ് എഡിറ്റിങ്ങും മിഥുൻ മുകുന്ദൻ സംഗീതവും ഒരുക്കുന്നു. വിഷ്ണു ഗോവിന്ദാണ് ശബ്ദസംവിധാനം. വെരി ട്രി യുലിസ്മാൻ ആക്ഷൻ രംഗങ്ങളും മോഹൻദാസ് പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു.
‘പ്രണയം’, ‘ഖൽബ്’, ‘ഗോളം’ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നാലെയാണ് ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസ് ‘ഹാഫ്’ നിർമ്മിക്കുന്നത്. പുതിയ കഥാപരിസരങ്ങൾക്കും വ്യത്യസ്തമായ സിനിമാറ്റിക് പരീക്ഷണങ്ങൾക്കും പ്രാധാന്യം നൽകുന്ന നിർമ്മാണ സ്ഥാപനത്തിന്റെ മറ്റൊരു ചിത്രമായാണ് ‘ഹാഫ്’ എത്തുന്നത്.
ടൊറന്റോയിലെ വേൾഡ് പ്രീമിയറിൽ ആരംഭിച്ച് ഫന്റാസ്റ്റിക് ഫെസ്റ്റ്, ബിയോണ്ട് ഫെസ്റ്റ്, സിറ്റ്ജസ് എന്നിവയിലേക്ക് നീളുന്ന നാല് അന്താരാഷ്ട്ര വേദികളിലെ പ്രദർശനങ്ങളാണ് റിലീസിന് മുമ്പുതന്നെ ‘ഹാഫി’നെ ശ്രദ്ധേയമാക്കുന്നത്.
അണിയറ പ്രവർത്തകർ: സംവിധാനം – സംജാദ്; നിർമ്മാണം – ആൻ സജീവ്, പി.കെ. സജീവ്; ബാനർ – ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസ്; തിരക്കഥ – പ്രവീൺ വിശ്വനാഥ്, സംജാദ്; ഛായാഗ്രഹണം – പാപ്പിനു; എഡിറ്റിംഗ് – മഹേഷ് ഭുവനേന്ദ്; സംഗീതം – മിഥുൻ മുകുന്ദൻ; ശബ്ദസംവിധാനം – വിഷ്ണു ഗോവിന്ദ്; ആക്ഷൻ – വെരി ട്രി യുലിസ്മാൻ; പ്രൊഡക്ഷൻ ഡിസൈൻ – മോഹൻദാസ്.
Half Makes History as First Malayalam Film Selected for TIFF Midnight Madness; World Premiere September 18
Samjad’s Half becomes the first Malayalam film selected for TIFF Midnight Madness, according to the makers. Starring Ranjith Sajeev, Aishwarya Raj, Abbas and Amala Paul, it premieres in Toronto on September 18, 2026.