തെലുങ്ക് സൂപ്പർതാരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല രചനയും സംവിധാനവും നിർവഹിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസ്’ കേരളത്തിലെ തിയറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്. 2026 സെപ്റ്റംബർ 24ന് ചിത്രം ആഗോളതലത്തിൽ തിയറ്ററുകളിലെത്തും.
എസ്.എൽ.വി സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുറിയാണ് ചിത്രം നിർമ്മിക്കുന്നത്. ‘ദസറ’യ്ക്ക് ശേഷം നാനിയും ശ്രീകാന്ത് ഒഡേലയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ദ പാരഡൈസ്’. ‘ദസറ’യുടെ നിർമ്മാതാവായ സുധാകർ ചെറുകുറി തന്നെയാണ് പുതിയ ചിത്രത്തിന്റെയും നിർമ്മാണം നിർവഹിക്കുന്നത്.
വമ്പൻ കാൻവാസിൽ ആക്ഷന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രം അതിനൊപ്പം ശക്തമായ അമ്മ–മകൻ ബന്ധത്തിന്റെ വൈകാരിക കഥയും പറയുന്നതായി നാനി നേരത്തെ വ്യക്തമാക്കിയിരുന്നു. ടീസറിൽ കാണുന്ന വയലൻസിനും ആക്ഷനും പിന്നിൽ കഥാപാത്രങ്ങളുടെ ശക്തമായ വൈകാരിക പശ്ചാത്തലമുണ്ടെന്ന സൂചനയും താരം നൽകിയിരുന്നു.
നാനി അവതരിപ്പിക്കുന്ന ‘ജദാൽ’ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായി അവതരിപ്പിച്ചിരിക്കുന്നത്. താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ മാസ് അവതാരങ്ങളിലൊന്നായാണ് ജദാലിനെ അണിയറപ്രവർത്തകർ വിശേഷിപ്പിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ടീസറിൽ ആക്ഷൻ രംഗങ്ങൾ, മാസ് ഡയലോഗുകൾ, വലിയ ദൃശ്യവിന്യാസങ്ങൾ എന്നിവയ്ക്കാണ് പ്രാധാന്യം നൽകിയിരുന്നത്.
അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ‘ജേഴ്സി’, ‘ഗാങ് ലീഡർ’ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും അനിരുദ്ധും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഇതിനകം പുറത്തിറങ്ങിയ ‘ആയാ ഷേർ’, ‘യേഷാ നഗുല’ എന്നീ ഗാനങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുണ്ട്.
‘കിൽ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ബോളിവുഡ് താരം രാഘവ് ജൂയൽ ആണ് ചിത്രത്തിലെ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിക്രം മാലിക് എന്ന കഥാപാത്രമായാണ് രാഘവ് എത്തുന്നത്. നേരത്തെ പുറത്തുവിട്ട വിക്രം മാലിക്കിന്റെ ഗ്ലിമ്പ്സ് വീഡിയോയും ശ്രദ്ധ നേടിയിരുന്നു.
നാനിക്കും രാഘവ് ജൂയലിനുമൊപ്പം കായദു ലോഹർ, സമ്പൂർണേഷ് ബാബു, മോഹൻ ബാബു, സോണാലി കുൽക്കർണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം.എസ്. ചൗധരി, രാം ജഗൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
🔥 #TheParadise gets a grand Kerala release!
Dulquer Salmaan’s Wayfarer Films will bring Nani & Srikanth Odela’s action drama to theatres across Kerala.
🎬 Worldwide release: September 24, 2026#Nani #SrikanthOdela #WayfarerFilms pic.twitter.com/C0DoJvW245
— CinemaCafe™ Media (@cinemacafemedia) September 19, 2026
പാൻ ഇന്ത്യൻ പരിധിക്ക് പുറത്തേക്കും റിലീസ് വ്യാപിപ്പിച്ചുകൊണ്ട് തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് തുടങ്ങി എട്ട് ഭാഷകളിലാണ് ‘ദ പാരഡൈസ്’ ആഗോളതലത്തിൽ പ്രദർശനത്തിനെത്തുന്നത്. കേരളത്തിൽ വേഫെറർ ഫിലിംസ് വിതരണത്തിനെത്തിക്കുന്ന ചിത്രം സെപ്റ്റംബർ 24ന് പ്രേക്ഷകർക്ക് മുന്നിലെത്തും.
അണിയറ പ്രവർത്തകർ: രചന, സംവിധാനം – ശ്രീകാന്ത് ഒഡേല; നിർമ്മാണം – സുധാകർ ചെറുകുറി; ബാനർ – എസ്.എൽ.വി സിനിമാസ്; ഛായാഗ്രഹണം – സി.എച്ച്. സായ്; സംഗീതം – അനിരുദ്ധ് രവിചന്ദർ; എഡിറ്റിംഗ് – നവീൻ നൂലി; പ്രൊഡക്ഷൻ ഡിസൈൻ – അവിനാഷ് കൊല്ല; ഓഡിയോ – സരിഗമ മ്യൂസിക്; കേരള വിതരണം – വേഫെറർ ഫിലിംസ്; മാർക്കറ്റിംഗ് – ഫസ്റ്റ് ഷോ; ❤️ പി.ആർ.ഒ – ശബരി.
Nani’s The Paradise Gets Grand Kerala Release; Wayfarer Films to Distribute Srikanth Odela Film
Dulquer Salmaan’s Wayfarer Films will distribute Nani and Srikanth Odela’s The Paradise in Kerala. The pan-Indian action drama releases worldwide on September 24, 2026.