ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (TIFF) ശ്രദ്ധേയമായ സാന്നിധ്യമായി സംജാദ് സംവിധാനം ചെയ്ത മലയാള ചിത്രം ‘ഹാഫ്’. മേളയിലെ പ്രശസ്തമായ മിഡ്നൈറ്റ് മാഡ്നസ് വിഭാഗത്തിൽ പ്രദർശിപ്പിച്ച ആദ്യ മലയാള ചിത്രമായ ‘ഹാഫി’ന്റെ വേൾഡ് പ്രീമിയർ സെപ്റ്റംബർ 18ന് നടന്നു. പ്രദർശനത്തിനും തുടർന്ന് നടന്ന ചോദ്യോത്തര സെഷനും പ്രേക്ഷകരിൽ നിന്ന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചതെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ സജീവ്, സജീവ് പി.കെ. എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വേൾഡ് പ്രീമിയറിന് പിന്നാലെ നടന്ന സംവാദത്തിൽ സിനിമയുടെ പ്രമേയം മുതൽ സാങ്കേതിക മികവ് വരെയുള്ള വിവിധ വിഷയങ്ങളിൽ പ്രേക്ഷകർ അണിയറപ്രവർത്തകരുമായി ആശയവിനിമയം നടത്തി.
സംവിധായകൻ സംജാദ്, നിർമ്മാതാക്കളായ ആൻ സജീവ്, സജീവ് പി.കെ., പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച രഞ്ജിത്ത് സജീവ്, ഐശ്വര്യ രാജ്, സംഗീത സംവിധായകൻ മിഥുൻ മുകുന്ദൻ, സൗണ്ട് ഡിസൈനർ വിഷ്ണു ഗോവിന്ദ് എന്നിവർ ചോദ്യോത്തര സെഷനിൽ പങ്കെടുത്തു. ചിത്രത്തിന്റെ കഥാപശ്ചാത്തലം, മേക്കിങ്, ദൃശ്യാവിഷ്കാരം, സംഗീതം, സൗണ്ട് ഡിസൈൻ, കഥാപാത്രങ്ങൾ തുടങ്ങിയ വിഷയങ്ങളിലാണ് പ്രധാനമായും സംവാദം നടന്നത്.
പ്രദർശനത്തിനിടെ ചിത്രത്തിലെ വിവിധ രംഗങ്ങൾക്ക് ലഭിച്ച കൈയടികളും പ്രതികരണങ്ങളും അണിയറപ്രവർത്തകർ പ്രത്യേകം ചൂണ്ടിക്കാട്ടി. വെരി ട്രി യുലിസ്മാൻ ഒരുക്കിയ ആക്ഷൻ കൊറിയോഗ്രഫിക്കും മിഥുൻ മുകുന്ദന്റെ സംഗീതത്തിനും ചിത്രത്തിന്റെ റോ ആയ അവതരണശൈലിക്കും പ്രേക്ഷകശ്രദ്ധ ലഭിച്ചതായി ടീം അറിയിച്ചു.
പാപ്പിനു ഒരുക്കിയ ഛായാഗ്രഹണം, മഹേഷ് ഭുവനേന്ദിന്റെ എഡിറ്റിങ്, വിഷ്ണു ഗോവിന്ദിന്റെ സൗണ്ട് ഡിസൈൻ എന്നിവ ചിത്രത്തിന്റെ ഡാർക്ക് അന്തരീക്ഷത്തെ കൂടുതൽ ശക്തമാക്കിയെന്ന അഭിപ്രായങ്ങളും പ്രദർശനത്തിന് പിന്നാലെ ഉയർന്നതായി അണിയറപ്രവർത്തകർ പറയുന്നു. രഞ്ജിത്ത് സജീവിന്റെയും ഐശ്വര്യ രാജിന്റെയും പ്രകടനങ്ങളും ചോദ്യോത്തര സെഷനിലെ ചർച്ചകളിൽ ഇടം നേടി.
പ്രവീൺ വിശ്വനാഥും സംജാദും ചേർന്നാണ് ‘ഹാഫി’ന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രണ്ട് ഹാഫ്-ബ്ലഡ് വാംപയർമാരെ കേന്ദ്രീകരിച്ച് പ്രതികാരവും ആക്ഷനും ഹൊറർ ഘടകങ്ങളും കോർത്തിണക്കുന്ന വാംപയർ ആക്ഷൻ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ടൊറന്റോയിലെ വേൾഡ് പ്രീമിയറിന് പിന്നാലെ ‘ഹാഫ്’ അന്താരാഷ്ട്ര ചലച്ചിത്രമേളകളിലൂടെയുള്ള യാത്രയും തുടരുകയാണ്. ഫന്റാസ്റ്റിക് ഫെസ്റ്റ്, ബിയോണ്ട് ഫെസ്റ്റ്, സിറ്റ്ജസ് – ഇന്റർനാഷണൽ ഫന്റാസ്റ്റിക് ഫിലിം ഫെസ്റ്റിവൽ ഓഫ് കാറ്റലോണിയ തുടങ്ങിയ വേദികളിലേക്കും ചിത്രം നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ചിത്രത്തിന്റെ ഉത്തരേന്ത്യൻ പ്രദർശനവും വിതരണവും എക്സൽ എന്റർടെയ്ൻമെന്റും എ.എ. ഫിലിംസും ചേർന്നാണ് നിർവഹിക്കുന്നത്. അന്താരാഷ്ട്ര സെയിൽസ് അവകാശം ബെസ്റ്റ് ഫ്രണ്ട് ഫോർഎവർ (BFF) സ്വന്തമാക്കിയിട്ടുണ്ട്.
🔥 #Half makes history at TIFF!The first Malayalam film screened at TIFF Midnight Madness received an enthusiastic response at its world premiere and Q&A, according to the makers.🎬 Directed by Samjad.#TIFF #RanjithSajeev #AishwaryaRaj #MalayalamCinema pic.twitter.com/JGg02exvhk
— CinemaCafe™ Media (@cinemacafemedia) September 19, 2026
ടൊറന്റോ മിഡ്നൈറ്റ് മാഡ്നസിലെ ആദ്യ മലയാള സിനിമ എന്ന നേട്ടത്തിനൊപ്പം വേൾഡ് പ്രീമിയറിന് ലഭിച്ച പ്രേക്ഷക പ്രതികരണവും ‘ഹാഫി’ന്റെ അന്താരാഷ്ട്ര ഫെസ്റ്റിവൽ യാത്രയ്ക്ക് ശ്രദ്ധ നൽകുകയാണ്.
അണിയറ പ്രവർത്തകർ: സംവിധാനം – സംജാദ്; നിർമ്മാണം – ആൻ സജീവ്, സജീവ് പി.കെ.; ബാനർ – ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസ്; തിരക്കഥ – പ്രവീൺ വിശ്വനാഥ്, സംജാദ്; പ്രധാന താരങ്ങൾ – രഞ്ജിത്ത് സജീവ്, ഐശ്വര്യ രാജ്; ഛായാഗ്രഹണം – പാപ്പിനു; എഡിറ്റിംഗ് – മഹേഷ് ഭുവനേന്ദ്; സംഗീതം – മിഥുൻ മുകുന്ദൻ; സൗണ്ട് ഡിസൈൻ – വിഷ്ണു ഗോവിന്ദ്; ആക്ഷൻ – വെരി ട്രി യുലിസ്മാൻ.
Half Makes History at TIFF; Malayalam Film Receives Enthusiastic Response at Midnight Madness Premiere
Samjad’s Half made its world premiere at TIFF Midnight Madness on September 18, receiving an enthusiastic audience response, according to the makers. The vampire action thriller stars Ranjith Sajeev and Aishwarya Raj.