തമിഴ് സൂപ്പർതാരം സൂര്യയെ നായകനാക്കി മലയാളി സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന ‘സൂര്യ 47’ന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. ‘സീൻ’ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ടൈറ്റിൽ ടീസറിലൂടെയാണ് അണിയറപ്രവർത്തകർ ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പുറത്തുവിട്ടത്. ഴഗരം സ്റ്റുഡിയോസിന്റെ ബാനറിൽ നടി ജ്യോതിക നിർമ്മിക്കുന്ന ചിത്രം 2026 നവംബർ 6ന് ദീപാവലി റിലീസായി ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തും.
സൂര്യയ്ക്കൊപ്പം മലയാളത്തിൽ നിന്ന് ശ്രദ്ധേയമായ താരനിരയും ചിത്രത്തിന്റെ ഭാഗമാകുന്നു. നസ്രിയ നസിം നായികയായി എത്തുമ്പോൾ നസ്ലൻ നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സൂര്യ, നസ്രിയ, നസ്ലൻ എന്നിവർ ഒന്നിക്കുന്നതും ‘സീൻ’ പ്രേക്ഷകർക്കിടയിൽ കൗതുകമുണർത്തുന്ന ഘടകമാണ്.
മാസ് ആക്ഷനും ഹാസ്യത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന സ്റ്റൈലിഷ് എന്റർടെയ്നറായിരിക്കും ‘സീൻ’ എന്നാണ് ടൈറ്റിൽ ടീസർ നൽകുന്ന സൂചന. സൂര്യയുടെ മാസ് അവതരണത്തിനൊപ്പം ആക്ഷൻ രംഗങ്ങളും കോമഡി മുഹൂർത്തങ്ങളും ഉൾപ്പെടുത്തിയ ടീസർ ചിത്രത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള ആദ്യ സൂചനകളും നൽകുന്നു.
വലിയ ബജറ്റിലും വിശാലമായ കാൻവാസിലുമാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രീകരണം പൂർത്തിയായതിന് പിന്നാലെ നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ദീപാവലി റിലീസായി ചിത്രം എത്തുമെന്ന പ്രഖ്യാപനത്തോടെ സൂര്യ ആരാധകർക്കിടയിലും തെന്നിന്ത്യൻ സിനിമാപ്രേമികൾക്കിടയിലും ‘സീൻ’ ഇതിനോടകം പ്രതീക്ഷ ഉയർത്തിയിട്ടുണ്ട്.
ചിത്രത്തിന് സംഗീതം ഒരുക്കുന്നത് മലയാളത്തിലെ ശ്രദ്ധേയ സംഗീത സംവിധായകൻ സുഷിൻ ശ്യാം ആണ്. സുഷിൻ ശ്യാം സ്വതന്ത്ര സംഗീത സംവിധായകനായി തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ‘സീൻ’. ചിത്രത്തിന്റെ മ്യൂസിക് അവകാശങ്ങൾ സോണി മ്യൂസിക് സൗത്ത് സ്വന്തമാക്കിയിട്ടുണ്ട്.
‘രോമാഞ്ചം’, ‘ആവേശം’ എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയനായ ജിത്തു മാധവന്റെ തമിഴ് സംവിധാന അരങ്ങേറ്റം കൂടിയാണ് ‘സീൻ’. മലയാളത്തിൽ സ്വന്തമാക്കിയ വിജയങ്ങൾക്ക് ശേഷം സൂര്യയെ നായകനാക്കി ജിത്തു തമിഴിലേക്ക് എത്തുന്നതും ചിത്രത്തിന്റെ പ്രധാന പ്രത്യേകതകളിലൊന്നാണ്.
🔥 Suriya 47 is officially titled ‘SCENE’!
The title teaser is OUT NOW. Directed by Jithu Madhavan, the stylish action entertainer also stars Nazriya Nazim & Naslen.
🎬 Worldwide in theatres November 6, 2026.#Suriya #Scene #JithuMadhavan pic.twitter.com/pae4BbbdFO
— CinemaCafe™ Media (@cinemacafemedia) September 10, 2026
സൂര്യ, നസ്രിയ നസിം, നസ്ലൻ എന്നിവർക്കൊപ്പം ജോൺ വിജയ്, ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ മറ്റ് താരങ്ങളെയും സാങ്കേതിക പ്രവർത്തകരെയും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ വൈകാതെ പുറത്തുവിടും.
അണിയറ പ്രവർത്തകർ: സംവിധാനം – ജിത്തു മാധവൻ; നിർമ്മാണം – ജ്യോതിക; ബാനർ – ഴഗരം സ്റ്റുഡിയോസ്; സഹനിർമ്മാതാവ് – ജയശ്രീ ദാമോദരൻ; ഛായാഗ്രഹണം – വിനീത് അഗസ്റ്റിൻ; സംഗീതം – സുഷിൻ ശ്യാം; എഡിറ്റിംഗ് – അജ്മൽ സാബു; പ്രൊഡക്ഷൻ ഡിസൈൻ – അശ്വിനി കാലേ; സംഘട്ടനം – ചേതൻ ഡിസൂസ; പി.ആർ.ഒ – ശബരി.
Suriya–Jithu Madhavan Film Titled Scene; Title Teaser Out, Diwali Release on November 6
Suriya 47 is officially titled Scene. Directed by Jithu Madhavan and produced by Jyotika, the stylish action entertainer starring Nazriya Nazim and Naslen releases worldwide on November 6, 2026.