ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ഫാന്റസി ത്രില്ലർ ‘ഐ ആം ഗെയിം’ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഇന്ന് വൈകുന്നേരം 5 മണിക്ക് ബുക്കിംഗ് തുറന്നതിന് പിന്നാലെ കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ബുക്കിംഗ് ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ ചിത്രം ബുക്ക് മൈ ഷോ ട്രെൻഡിങ്ങിലും ഇടം നേടിയതായാണ് വിവരം.
ബുക്ക് മൈ ഷോ, ഡിസ്ട്രിക്ട്, ടിക്കറ്റ് ന്യൂ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ ചിത്രത്തിന്റെ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാം. കൊച്ചി, തിരുവനന്തപുരം ഉൾപ്പെടെ കേരളത്തിലെ പ്രധാന റിലീസ് കേന്ദ്രങ്ങളിൽ അഡ്വാൻസ് ബുക്കിങ്ങിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സെപ്റ്റംബർ 3ന് രാവിലെ 9 മണി മുതൽ കേരളത്തിൽ ചിത്രത്തിന്റെ ഷോകൾ ആരംഭിക്കും.
റിലീസിന് മുന്നോടിയായി സെൻസറിങ് നടപടികളും ചിത്രം പൂർത്തിയാക്കിയിട്ടുണ്ട്. U/A 16+ സർട്ടിഫിക്കറ്റാണ് ‘ഐ ആം ഗെയിമി’ന് ലഭിച്ചിരിക്കുന്നത്. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളിലൊന്നായാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്. കേരളത്തിനൊപ്പം ആഗോള വിപണിയിലും മികച്ച ബോക്സ് ഓഫീസ് ഓപ്പണിങ്ങാണ് ചിത്രം ലക്ഷ്യമിടുന്നത്.
ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്ദു എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരാണ് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്ലർ പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധ നേടിയിരുന്നു. ആക്ഷൻ, ചേസ്, ത്രില്ലിങ് രംഗങ്ങൾക്കൊപ്പം ഫാന്റസി ഘടകങ്ങളും ചേർത്താണ് സിനിമയുടെ ദൃശ്യലോകം ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ട്രെയ്ലർ നൽകിയത്. ദുൽഖർ സൽമാനെ സ്റ്റൈലിഷ് അവതാരത്തിൽ അവതരിപ്പിക്കുന്നതും ട്രെയ്ലറിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു.
ചിത്രത്തിന്റെ സംഗീതവും റിലീസിന് മുമ്പേ ശ്രദ്ധ നേടിയിട്ടുണ്ട്. ‘മഴവില്ലായേ’, ‘ലൂസർ’, ഏറ്റവും പുതിയ പ്രൊമോ ട്രാക്കായ ‘ഹൈ സ്റ്റേക്ക്സ്’ എന്നിവ സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണം നേടി. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് 12.5 കോടി രൂപയ്ക്ക് സീ മ്യൂസിക് സ്വന്തമാക്കിയതായാണ് റിപ്പോർട്ട്.
ദുൽഖർ സൽമാന്റെ 40-ാമത്തെ ചിത്രം കൂടിയായ ‘ഐ ആം ഗെയിം’ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് എത്തുന്നത്. ദുൽഖറിനൊപ്പം ആന്റണി വർഗീസ്, മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ, വിനയ് ഫോർട്ട് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
‘ആർഡിഎക്സ്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം എന്നതും ‘ലോക’യ്ക്ക് ശേഷം വേഫെറർ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച് പുറത്തിറങ്ങുന്ന ചിത്രം എന്നതും ‘ഐ ആം ഗെയിമി’ന്റെ പ്രത്യേകതകളാണ്. അഡ്വാൻസ് ബുക്കിങ്ങിന് ലഭിക്കുന്ന ആദ്യ പ്രതികരണത്തോടെ സെപ്റ്റംബർ 3ലെ ആഗോള റിലീസിനായുള്ള കാത്തിരിപ്പും കൂടുതൽ സജീവമായിരിക്കുകയാണ്.
🎟️ #ImGame advance booking is NOW OPEN!
Dulquer Salmaan’s fantasy thriller has opened to a strong early response across Kerala, according to the makers.
🔥 Worldwide in theatres September 3, 2026.#DulquerSalmaan #NahasHidhayath #WayfarerFilms pic.twitter.com/vnrJouamg1
— CinemaCafe™ Media (@cinemacafemedia) September 1, 2026
അണിയറ പ്രവർത്തകർ: ലൈൻ പ്രൊഡ്യൂസർ – ബിബിൻ പെരുമ്പിള്ളി; ഛായാഗ്രഹണം – ജിംഷി ഖാലിദ്; സംഗീതം – ജേക്സ് ബിജോയ്; എഡിറ്റിംഗ് – ചമൻ ചാക്കോ; ആക്ഷൻ – അൻപറിവ് മാസ്റ്റേഴ്സ്; പ്രൊഡക്ഷൻ ഹെഡ് – സുജയ് ജെയിംസ്, ദേവദേവൻ; പ്രൊഡക്ഷൻ ഡിസൈനർ – അജയൻ ചാലിശ്ശേരി; മേക്കപ്പ് – റോണക്സ് സേവ്യർ; കോസ്റ്റ്യൂം – മഷർ ഹംസ; പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ; അസോസിയേറ്റ് ഡയറക്ടർ – രോഹിത് ചന്ദ്രശേഖർ; ഗാനരചന – മനു മഞ്ജിത്ത്, വിനായക് ശശികുമാർ; VFX – തൗഫീഖ്, എഗ്വൈറ്റ്; പോസ്റ്റർ ഡിസൈൻ – ടെൻ പോയിന്റ്; സൗണ്ട് ഡിസൈൻ – സിങ്ക് സിനിമ; സൗണ്ട് മിക്സ് – കണ്ണൻ ഗണപത്; സ്റ്റിൽസ് – എസ്.ബി.കെ; മാർക്കറ്റിംഗ് ഹെഡ് – വിജിത് വിശ്വനാഥൻ; ❤️ പി.ആർ.ഒ – ശബരി.
I’m Game Advance Booking Opens to Strong Response; Worldwide Release September 3
Advance booking for Dulquer Salmaan’s I’m Game is now open, with the makers reporting a strong early response across Kerala. The Nahas Hidhayath film releases worldwide on September 3, 2026.