ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ഫാന്റസി ത്രില്ലർ ‘ഐ ആം ഗെയിം’ ആഗോള റിലീസിന് ഒരുങ്ങുന്നതിനിടെ ചിത്രത്തിലെ പുതിയ പ്രൊമോ സോംഗ് വീഡിയോ ‘ഹൈ സ്റ്റേക്ക്സ്’ പുറത്തിറങ്ങി. ദുൽഖർ സൽമാനും റാപ്പർ ബ്രോധ വിയും ഒരുമിച്ചെത്തുന്ന എനർജറ്റിക് വീഡിയോയാണ് ഗാനത്തിന്റെ പ്രധാന ആകർഷണം. ചിത്രം സെപ്റ്റംബർ 3ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും.
ജേക്സ് ബിജോയ് സംഗീതം ഒരുക്കിയ ‘ഹൈ സ്റ്റേക്ക്സ്’ ബ്രോധ വി, ജേക്സ് ബിജോയ് എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ബ്രോധ വി, ക്ലിന്റ് ലൂയിസ് എന്നിവർ ഇംഗ്ലീഷ് വരികൾ രചിച്ചപ്പോൾ മലയാളം വരികൾ ഒരുക്കിയത് മുത്തുവാണ്. റാപ്പും മാസ് എനർജിയും സമന്വയിപ്പിച്ച ഗാനത്തിൽ ദുൽഖർ സൽമാന്റെ സ്റ്റൈലിഷ് പെർഫോമൻസിനൊപ്പം ബ്രോധ വിയുടെ സാന്നിധ്യവും ശ്രദ്ധ നേടുന്നു.
ചിത്രത്തിന്റെ മൂഡിനോട് ചേർന്നുനിൽക്കുന്ന തരത്തിലാണ് ‘ഹൈ സ്റ്റേക്ക്സ്’ ഒരുക്കിയിരിക്കുന്നത്. വേഗമേറിയ സംഗീതവും ദൃശ്യപരിചരണവും ദുൽഖറിന്റെ സ്ക്രീൻ പ്രസൻസും ചേർന്ന് സിനിമയുടെ ഫാന്റസി-ആക്ഷൻ ലോകത്തിന്റെ മറ്റൊരു സൂചനയാണ് പ്രൊമോ വീഡിയോ നൽകുന്നത്.
ചിത്രത്തിന്റെ സംഗീതാവകാശം 12.5 കോടി രൂപയ്ക്ക് സീ മ്യൂസിക് സ്വന്തമാക്കിയതായാണ് റിപ്പോർട്ട്. നേരത്തെ പുറത്തിറങ്ങിയ ‘മഴവില്ലായേ’, ‘ലൂസർ’ എന്നീ ഗാനങ്ങളും ശ്രദ്ധ നേടിയിരുന്നു. ദുൽഖർ സൽമാൻ തന്നെ ആലപിച്ച ‘ലൂസർ’ സമൂഹമാധ്യമങ്ങളിലും ആരാധകർക്കിടയിലും വലിയ സ്വീകാര്യത നേടി. അതിന് പിന്നാലെയാണ് ബ്രോധ വിയുമായുള്ള ‘ഹൈ സ്റ്റേക്ക്സ്’ എത്തിയിരിക്കുന്നത്.
കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ അടുത്തിടെ സംഘടിപ്പിച്ച ചിത്രത്തിന്റെ പ്രീ റിലീസ്, മ്യൂസിക് ലോഞ്ച് പരിപാടിയും വൻ ആഘോഷമായി മാറിയിരുന്നു. പതിനായിരക്കണക്കിന് ആരാധകരുടെ സാന്നിധ്യത്തിൽ നടന്ന പരിപാടിയിൽ ജേക്സ് ബിജോയ്, വേടൻ, അർമാൻ മാലിക് തുടങ്ങിയവർ സംഗീത പ്രകടനങ്ങളുമായി വേദിയിലെത്തി. ദുൽഖർ സൽമാന്റെ ലൈവ് പെർഫോമൻസും ചടങ്ങിലെ പ്രധാന ആകർഷണമായിരുന്നു.
വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ‘ഐ ആം ഗെയിം’ നിർമ്മിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്ദു എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരാണ് സംഭാഷണങ്ങൾ രചിച്ചത്.
ദുൽഖർ സൽമാന്റെ 40-ാമത്തെ ചിത്രം കൂടിയായ ‘ഐ ആം ഗെയിം’ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് എത്തുന്നത്. ദുൽഖറിനൊപ്പം ആന്റണി വർഗീസ്, മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ, വിനയ് ഫോർട്ട് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്.
നേരത്തെ പുറത്തിറങ്ങിയ ട്രെയ്ലറിലെ വമ്പൻ ദൃശ്യങ്ങളും ത്രസിപ്പിക്കുന്ന ആക്ഷൻ, ചേസ് രംഗങ്ങളും ശ്രദ്ധ നേടിയിരുന്നു. വലിയ കാൻവാസിലുള്ള ഫാന്റസി ത്രില്ലർ അനുഭവമാണ് ചിത്രം ലക്ഷ്യമിടുന്നതെന്ന സൂചനയാണ് ട്രെയ്ലർ നൽകിയത്. ‘ആർഡിഎക്സ്’ എന്ന സൂപ്പർഹിറ്റിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം എന്നതും ‘ലോക’യ്ക്ക് ശേഷം വേഫെറർ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച് പുറത്തിറങ്ങുന്ന ചിത്രം എന്നതും ‘ഐ ആം ഗെയിമി’ന്റെ പ്രത്യേകതകളാണ്.
🔥 ‘High Stakes’ from #ImGame is OUT NOW!
Dulquer Salmaan joins Brodha V in the energetic new promo track composed by Jakes Bejoy. 🎤⚡
🎬 I’m Game hits theatres worldwide September 3, 2026!#HighStakes #DulquerSalmaan #BrodhaV #JakesBejoy pic.twitter.com/o1GWOv4A7a
— CinemaCafe™ Media (@cinemacafemedia) September 1, 2026
അണിയറ പ്രവർത്തകർ: ലൈൻ പ്രൊഡ്യൂസർ – ബിബിൻ പെരുമ്പിള്ളി; ഛായാഗ്രഹണം – ജിംഷി ഖാലിദ്; സംഗീതം – ജേക്സ് ബിജോയ്; എഡിറ്റിംഗ് – ചമൻ ചാക്കോ; ആക്ഷൻ – അൻപറിവ് മാസ്റ്റേഴ്സ്; പ്രൊഡക്ഷൻ ഹെഡ് – സുജയ് ജെയിംസ്, ദേവദേവൻ; പ്രൊഡക്ഷൻ ഡിസൈനർ – അജയൻ ചാലിശ്ശേരി; മേക്കപ്പ് – റോണക്സ് സേവ്യർ; കോസ്റ്റ്യൂം – മഷർ ഹംസ; പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ; അസോസിയേറ്റ് ഡയറക്ടർ – രോഹിത് ചന്ദ്രശേഖർ; ഗാനരചന – മനു മഞ്ജിത്ത്, വിനായക് ശശികുമാർ; VFX – തൗഫീഖ്, എഗ്വൈറ്റ്; പോസ്റ്റർ ഡിസൈൻ – ടെൻ പോയിന്റ്; സൗണ്ട് ഡിസൈൻ – സിങ്ക് സിനിമ; സൗണ്ട് മിക്സ് – കണ്ണൻ ഗണപത്; സ്റ്റിൽസ് – എസ്.ബി.കെ; മാർക്കറ്റിംഗ് ഹെഡ് – വിജിത് വിശ്വനാഥൻ; പി.ആർ.ഒ – ശബരി.
High Stakes from I’m Game Out: Dulquer Salmaan Joins Brodha V in Energetic Promo Song
High Stakes, the energetic promo song from Dulquer Salmaan’s I’m Game, is out now. Composed by Jakes Bejoy, the track features Brodha V alongside Dulquer. The film releases worldwide on September 3, 2026.