മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായ മഞ്ഞുമ്മൽ ബോയ്സ്ക്ക് ശേഷം സംവിധായകൻ ചിദംബരം ഒരുക്കിയ ‘ബാലൻ – ദി ബോയ്’ തിയേറ്ററുകളിൽ മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടി മുന്നേറുകയാണ്. ഈ വർഷത്തെ മികച്ച മലയാള ചിത്രങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന സിനിമയ്ക്ക് ഇപ്പോൾ അഭിനന്ദനവുമായി എത്തിയിരിക്കുന്നത് തമിഴ് സൂപ്പർതാരം സൂര്യയും നടി ജ്യോതികയുമാണ്. “മലയാള സിനിമയിൽ നിന്ന് വീണ്ടും ഒരു അസാധാരണ ചലച്ചിത്രാനുഭവം” എന്നാണ് ഇരുവരും ചിത്രത്തെ വിശേഷിപ്പിച്ചത്.
ജിത്തു മാധവൻ രചന നിർവഹിച്ച ചിത്രം കെ.വി.എൻ. പ്രൊഡക്ഷൻസും തെസ്പിയൻ ഫിലിംസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. വെങ്കട്ട് കെ. നാരായണയും ശൈലജ ദേശായി ഫെനും നിർമ്മാതാക്കളാണ്.
സിനിമ കണ്ട അനുഭവം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച സൂര്യ, മഞ്ഞുമ്മൽ ബോയ്സ് എന്ന വലിയ വിജയത്തിന് പിന്നാലെ അതിൽ നിന്ന് പൂർണമായും വ്യത്യസ്തമായ ഒരു സിനിമ തിരഞ്ഞെടുക്കാൻ ചിദംബരവും സംഘവും കാണിച്ച ധൈര്യത്തെ അഭിനന്ദിച്ചു. മലയാള സിനിമയിൽ നിന്നുള്ള മറ്റൊരു ശ്രദ്ധേയ സൃഷ്ടിയാണ് ‘ബാലൻ – ദി ബോയ്’ എന്നും അദ്ദേഹം കുറിച്ചു.
ജിത്തു മാധവൻ ഒരുക്കിയ ശക്തമായ തിരക്കഥയെ അതേ തീവ്രതയിൽ സ്ക്രീനിലെത്തിച്ച ചിദംബരത്തിന്റെ സംവിധാനത്തെ സൂര്യ പ്രത്യേകം പ്രശംസിച്ചു. പുതുമുഖങ്ങളായ ഫർസാന പാലത്തിങ്കൽ, ആദിശേഷൻ, മുഹമ്മദ് സിനാൻ എന്നിവരിൽ സംവിധായകൻ അർപ്പിച്ച വിശ്വാസവും, ടോവിനോ തോമസിനെ അബ്ബാസ് എന്ന കഥാപാത്രത്തിലൂടെ വ്യത്യസ്തമായി അവതരിപ്പിച്ചതും ചിത്രത്തിന്റെ പ്രധാന ശക്തികളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അഭിനയം മുതൽ തിരക്കഥ, ഛായാഗ്രഹണം, കലാസംവിധാനം, ശബ്ദരൂപകൽപ്പന, സുഷിൻ ശ്യാമിന്റെ സംഗീതം വരെ എല്ലാം ഉയർന്ന നിലവാരം പുലർത്തുന്നുവെന്നും, ഈ പുതുമുഖ താരങ്ങളുടെ പ്രകടനം കണ്ടപ്പോൾ തനിക്ക് പോലും കൂടുതൽ മികവ് കൈവരിക്കാനുള്ള പ്രചോദനം ലഭിച്ചതായും സൂര്യ പറഞ്ഞു.
ജ്യോതികയും ചിത്രത്തെ അഭിനന്ദിച്ച് സാമൂഹ്യമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവച്ചു. ചിദംബരത്തിന്റെ ഏറ്റവും പക്വതയാർന്ന സൃഷ്ടികളിലൊന്നാണ് ബാലൻ എന്നും, സഹാനുഭൂതി, നിഗൂഢത, നിഷ്കളങ്കത, കുറ്റലോകത്തിന്റെ യാഥാർഥ്യം എന്നിവയെ സമന്വയിപ്പിച്ച ജിത്തു മാധവന്റെ തിരക്കഥ ചിത്രത്തെ ഒരു മികച്ച സിനിമാനുഭവമാക്കി മാറ്റിയെന്നും അവർ പറഞ്ഞു.
ഫർസാന പാലത്തിങ്കൽ അവതരിപ്പിച്ച ശക്തമായ സ്ത്രീ കഥാപാത്രത്തെ ജ്യോതിക പ്രത്യേകം അഭിനന്ദിച്ചു. ആദിശേഷൻ, മുഹമ്മദ് സിനാൻ എന്നിവർ തങ്ങളുടെ നിഷ്കളങ്കവും ഹൃദയസ്പർശിയുമായ പ്രകടനങ്ങളിലൂടെ പ്രേക്ഷകരെ ആഴത്തിൽ സ്പർശിച്ചുവെന്നും, അമ്മൂമ്മയുടെ വേഷത്തിലെത്തിയ ഡോളി ജൂൺ സിനിമയ്ക്ക് പുതുമയും കരുത്തും നൽകിയെന്നും അവർ കുറിച്ചു.
🎬 Suriya and Jyothika praise Balan: The Boy, calling it "another extraordinary cinematic experience from Malayalam cinema." Chidambaram's emotional thriller continues to win hearts across audiences and critics.#BalanTheBoy #Suriya #Jyothika #MalayalamCinema #Chidambaram… pic.twitter.com/ROF6wFUAIJ
— CinemaCafe™ Media (@cinemacafemedia) June 26, 2026
ടോവിനോ തോമസ് തന്റെ താരപ്രഭയെ മറന്ന് കഥാപാത്രത്തിനുവേണ്ടി പൂർണമായി സമർപ്പിച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നും, സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതം ആദ്യപകുതിയിൽ ത്രില്ലും രണ്ടാംപകുതിയിൽ വൈകാരിക ആഴവും സമ്മാനിക്കുന്നുവെന്നും ജ്യോതിക വിലയിരുത്തി. ഷൈജു ഖാലിദിന്റെ ഛായാഗ്രഹണം കവിതപോലെ മനോഹരമായ ഫ്രെയിമുകളിലൂടെ സിനിമയെ ദൃശ്യവിസ്മയമാക്കി മാറ്റിയെന്നും അവർ പറഞ്ഞു. മാതൃത്വത്തിന്റെയും നിഷ്കളങ്കതയുടെയും ഹൃദയസ്പർശിയായ കഥ പറയുന്ന ഈ ചിത്രം തിയേറ്ററിൽ തന്നെ അനുഭവിക്കേണ്ട സിനിമയാണെന്നും, മലയാള സിനിമയുടെ മറ്റൊരു അഭിമാന നേട്ടമാണിതെന്നും ജ്യോതിക കൂട്ടിച്ചേർത്തു.
ഒരു അമ്മയുടെയും മകന്റെയും അതിജീവന യാത്രയെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ‘ബാലൻ – ദി ബോയ്’, ഇമോഷണൽ ഡ്രാമയും ക്രൈം ത്രില്ലറും ഒരുമിപ്പിക്കുന്ന ചിത്രമാണ്. ചിദംബരത്തിന്റെ സംവിധാനവും ജിത്തു മാധവന്റെ തിരക്കഥയും സുഷിൻ ശ്യാമിന്റെ സംഗീതവും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളാണ്. കാൻ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി മാർഷേ ഡു ഫിലിം വിഭാഗത്തിൽ പ്രദർശിപ്പിച്ചപ്പോഴും ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു.
ഫർസാന പാലത്തിങ്കൽ, ആദിശേഷൻ, മുഹമ്മദ് സിനാൻ, ടോവിനോ തോമസ്, ഡോളി ജൂൺ, ജീൻ പോൾ ലാൽ, ഗിരീഷ് എ.ഡി., ബീന ആന്റണി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ചിത്രം പ്രദർശനത്തിനെത്തിയിട്ടുണ്ട്.
സാങ്കേതിക പ്രവർത്തകർ:
ഛായാഗ്രഹണം – ഷൈജു ഖാലിദ് | സംഗീതം – സുഷിൻ ശ്യാം | എഡിറ്റിംഗ് – വിവേക് ഹർഷൻ | പ്രൊഡക്ഷൻ ഡിസൈൻ – അജയൻ ചാലിശ്ശേരി | കാസ്റ്റിംഗ് ഡയറക്ടർ & എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഗണപതി | വസ്ത്രാലങ്കാരം – സപ്ന കാജാ റാവുത്തർ | മേക്കപ്പ് – റോണക്സ് സേവ്യർ | ആർട്ട് ഡയറക്ടർ – ഇന്ദുലാൽ കാവീട് | ഓഡിയോഗ്രഫി – ഷിജിൻ മെൽവിൻ ഹട്ടൻ, അഭിഷേക് നായർ | അസോസിയേറ്റ് പ്രൊഡ്യൂസേഴ്സ് – സുപ്രീത്, ധവൽ ജട്ടാനിയ, പൂജ ഷാ | പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ | അസോസിയേറ്റ് ഡയറക്ടർമാർ – ബിനു ബാലൻ, എസ്.കെ. ശ്രീരാഗ് | കളറിസ്റ്റ് – ശ്രീക് വാര്യർ | വി.എഫ്.എക്സ് – എഗ് വൈറ്റ് വി.എഫ്.എക്സ് | സ്റ്റിൽസ് – രോഹിത് കെ. സുരേഷ് | പബ്ലിസിറ്റി ഡിസൈൻ – യെല്ലോ ടൂത്സ് | പിആർഒ – വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.
Suriya & Jyothika Praise Chidambaram’s Balan: The Boy | “Another Extraordinary Malayalam Cinema Experience”
Suriya and Jyothika have heaped praise on Chidambaram’s Balan: The Boy, calling it another extraordinary cinematic experience from Malayalam cinema. The emotional thriller, written by Jithu Madhavan, continues to win widespread critical acclaim.