‘ആശാൻ’ മലയാളത്തിന്‍റെ നിധി! കേരളം നേരിടുന്ന വലിയൊരു വിപത്തിനെ തുറന്നുകാട്ടിയ ഇന്ദ്രൻസ് ചിത്രത്തിന് തിയേറ്ററുകള്‍ തോറും ഊഷ്മളമായ വരവേൽപ്പ്, ആദ്യ ദിനത്തേക്കാള്‍ തിരക്കേറി രണ്ടാം ദിനം
പ്രായഭേദമന്യേ പ്രേക്ഷകരേവരും ‘ആശാനെ’ നിറകൺചിരിയോടെ ഏറ്റെടുത്തിരിക്കുകയാണ്. ഹാസ്യവും വൈകാരിക നിമിഷങ്ങളും ഒരുപോലെ കൈകാര്യം ചെയ്യുന്ന ഇന്ദ്രൻസ്, അസാമാന്യ പ്രകടനവുമായി ഏവരുടേയും മനസ്സ് കവർന്നിരിക്കുകയാണ്. ആദ്യ ദിനം തന്നെ ഗംഭീര അഭിപ്രായങ്ങളാണ് ചിത്രത്തിന് റിലീസ് കേന്ദ്രങ്ങളിലെല്ലാം ലഭിച്ചുകൊണ്ടിരിക്കുന്നത്. ചെറുചിരികളും നോവുകളും ഹൃദയം നിറയ്ക്കുന്ന നിമിഷങ്ങളുമൊക്കെയായി ഒരു സിനിമയ്ക്കുള്ളിലെ സിനിമ എന്ന ആഖ്യാനശൈലിയിലൂടെ പ്രേക്ഷകരെ ആകർഷിക്കുന്നതിനൊപ്പം, കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ സാമൂഹിക പ്രശ്നങ്ങളിലൊന്നായ വന്യജീവി-മനുഷ്യ സംഘർഷത്തെ ചിത്രം പച്ചയായി ആവിഷ്കരിച്ചിരിക്കുന്നു എന്നതും എടുത്തുപറയേണ്ടതുണ്ട്. തികഞ്ഞ കൈയ്യടക്കത്തോടെ ഈ വിഷയം സ്ക്രീനിലെത്തിച്ചിരിക്കുകയാണ് തന്‍റെ മൂന്നാമത്തെ സിനിമയിലൂടെ സംവിധായകൻ ജോൺപോൾ ജോർജ്ജ്.
സിനിമ എന്ന മാധ്യമത്തിന്‍റെ നിർമ്മാണ പ്രക്രിയയെ ഒരു പശ്ചാത്തലമാക്കി മാറ്റിക്കൊണ്ട്, കാടിന്‍റേയും നാടിന്‍റേയും ഇടയിലുള്ള അതിർവരമ്പുകൾ മാഞ്ഞുപോകുന്ന അവസ്ഥയെയാണ് ചിത്രം രണ്ടാം പകുതിയിൽ വരച്ചുകാട്ടുന്നത്. ആദ്യ പകുതിയിൽ ഒരു ചലച്ചിത്ര നിർമ്മാണത്തിന്‍റെ പിന്നാമ്പുറ കാഴ്ചകളിലൂടെയാണ് ‘ആശാൻ’ സഞ്ചരിക്കുന്നത്. വെറുമൊരു സാങ്കേതിക പ്രക്രിയ എന്നതിലുപരി, സിനിമ എങ്ങനെയാണ് മനുഷ്യജീവിതത്തിലെ യാഥാർത്ഥ്യങ്ങളുമായി അടുത്തുനിൽക്കുന്നതെന്നും ചിത്രം കാണിച്ചുതരുന്നുണ്ട്.
കഥാപാത്രങ്ങളുടെ വൈകാരിക സംഘർഷങ്ങളും ഷൂട്ടിംഗ് സെറ്റിലെ വെല്ലുവിളികളും കാണിച്ചുകൊണ്ട് റിയാലിറ്റിയും ഫിക്ഷനും തമ്മിലുള്ള വ്യത്യാസം ഇല്ലാതാകുന്നതാണ് ചിത്രം അവതരിപ്പിക്കുന്നത്. കേരളത്തിലെ മലയോര മേഖലകൾ ഇന്ന് ഭീതിയോടെ ചർച്ച ചെയ്യുന്ന വന്യജീവി ആക്രമണങ്ങളെ സിനിമ ഗൗരവമായി സമീപിക്കുന്നുണ്ട്. വന്യജീവികൾ നാട്ടിലിറങ്ങുന്നതും, അത് കൃഷിക്കാരിലും സാധാരണക്കാരിലും ഉണ്ടാക്കുന്ന ആഘാതവും വെറുമൊരു വാർത്താ റിപ്പോർട്ട് പോലെയല്ല, മറിച്ച് മനുഷ്യത്വപരമായ ഒരു കാഴ്ചപ്പാടിലൂടെയാണ് ചിത്രം അവതരിപ്പിക്കുന്നത്. വന്യജീവി ആക്രമണങ്ങൾ സാധാരണക്കാരന്‍റെ ജീവിതത്തെയും അവർ കാണുന്ന സ്വപ്നങ്ങളെയും എങ്ങനെ ബാധിക്കുന്നു എന്നത് വളരെ തന്മയത്വത്തോടെ സിനിമയിൽ അവതരിപ്പിക്കുന്നു.
Aashaan wins hearts across Kerala!
Day 2 footfalls rise as audiences connect deeply with Indrans’ powerful performance and the film’s bold take on human–wildlife conflict. A socially relevant Malayalam cinema experience that truly stays with you. 🎥🌱#Aashaan #Indrans #Malayalam pic.twitter.com/9jHF1g2UyS— CinemaCafe™ Media (@cinemacafemedia) February 6, 2026
വനത്തിന്‍റെ അതിരുകൾ ചുരുങ്ങുന്നതും മനുഷ്യൻ കാട്ടിലേക്ക് കടന്നുകയറുന്നതുമൊക്കെ സംഘർഷത്തിന്‍റെ തീവ്രത വർദ്ധിപ്പിക്കുന്നു. സ്വന്തം മണ്ണിൽ ജീവിക്കാൻ പോരാടുന്ന മനുഷ്യനും, വിശപ്പടക്കാൻ നാട്ടിലിറങ്ങുന്ന മൃഗവും തമ്മിലുള്ള പോരാട്ടം ആരെയും കുറ്റപ്പെടുത്താനില്ലാത്ത അവസ്ഥയിലേക്കാണ് പലപ്പോഴും എത്തിച്ചേരുക. എന്നാൽ ചിത്രത്തിൽ അതൊരു ചോദ്യചിഹ്നമായി കാണിച്ചിരിക്കുകയാണ്. ആ രീതിയിൽ ‘ആശാൻ’ കേവലം ഒരു ഫൺ ഫാമിലി ഫീൽഗുഡ് എന്‍റർടെയ്നർ മാത്രമല്ല, മറിച്ച് നമ്മുടെ പരിസ്ഥിതിയെക്കുറിച്ചും സഹവർത്തിത്വത്തെക്കുറിച്ചുമുള്ള ഒരു പുനർചിന്ത നൽകുന്ന നേച്ചർ സിനിമ കൂടിയാണ്.
‘ഗപ്പി’ക്കും ‘അമ്പിളി’ക്കും ശേഷം ജോൺപോള്‍ ജോര്‍ജ്ജ് കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം, സിനിമ എന്ന കലാരൂപത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് കേരളത്തിന്‍റെ നീറുന്നൊരു പ്രശ്നത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ട് മനുഷ്യ മനസ്സുകളെ ആഴത്തിൽ സ്പർശിക്കുന്നുണ്ട് എന്നത് എടുത്തുപറയേണ്ടതാണ്. ഇന്ദ്രൻസ് എന്ന നടന്‍റെ സമാനതകളില്ലാത്ത പ്രകടനമികവിനൊപ്പം ഷോബി തിലകന്‍റേയും ജോമോൻ ജ്യോതിറിന്‍റേയും അഭിനയവും പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. കൂടാതെ നൂറിലേറെ പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. ഗപ്പി സിനിമാസിന്‍റെ ബാനറിൽ ജോൺപോള്‍ ജോര്‍ജ്ജ്, അന്നം ജോൺപോള്‍, സുരാജ് ഫിലിപ്പ് ജേക്കബ്ബ് എന്നിവരാണ് ചിത്രത്തിന്‍റെ നിർമാതാക്കള്‍. ദുൽഖർ സൽമാന്‍റെ വേഫെറർ ഫിലിംസ് ആണ് ആശാൻ കേരളത്തിൽ പ്രദർശനത്തിനെത്തിച്ചിരിക്കുന്നത്.
Aashaan Wins Hearts Across Kerala | Indrans Film Highlights Human–Wildlife Conflict, Day 2 Footfalls Rise
Aashaan, starring Indrans, receives a warm theatrical response across Kerala as audiences embrace the film’s emotional storytelling and its powerful portrayal of human–wildlife conflict. Directed by John Paul George, the film sees higher footfalls on day two, driven by strong word of mouth.