നിമിഷ സജയൻ, കരുണാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്കാര ജേതാവ് സജീവ് പാഴൂർ രചനയും സംവിധാനവും നിർവഹിക്കുന്ന പാൻ ഇന്ത്യൻ തമിഴ് ചിത്രം **‘എന്ന വിലൈ’**യിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ‘വാൻ മീര്’ എന്ന പേരിലുള്ള ഗാനത്തിന് കാർത്തിക് നേത വരികൾ രചിച്ചപ്പോൾ ശിവയാണ് ആലപിച്ചിരിക്കുന്നത്. സാം സി.എസ്. ആണ് സംഗീതം ഒരുക്കിയത്. ചിത്രം 2026 സെപ്റ്റംബർ 17ന് ആഗോളതലത്തിൽ തിയറ്ററുകളിലെത്തും.
കേരളത്തിൽ ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ്. കലാമയ സിനിവേഴ്സ്, റോമിയോ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ജിതേഷ് വി, അനുഗോപാൽ വേണുഗോപാലൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്കാരവും കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിയ സജീവ് പാഴൂരാണ് ‘എന്ന വിലൈ’യുടെ രചനയും സംവിധാനവും നിർവഹിക്കുന്നത്.
രാമേശ്വരത്തിന്റെ പശ്ചാത്തലത്തിൽ വികസിക്കുന്ന ചിത്രത്തിന്റെ സാമൂഹിക-രാഷ്ട്രീയ സ്വഭാവത്തിലേക്ക് കൂടുതൽ വെളിച്ചം വീശുന്നതാണ് ‘വാൻ മീര്’ വീഡിയോ ഗാനത്തിലെ ദൃശ്യങ്ങൾ. ഒരു സാധാരണ മനുഷ്യൻ വ്യവസ്ഥിതിയോട് ഏറ്റുമുട്ടേണ്ടിവരുന്ന സാഹചര്യങ്ങളും അതിനിടെ നേരിടുന്ന നിയമപരമായ പ്രതിസന്ധികളും ഗാനത്തിലൂടെ അവതരിപ്പിക്കുന്നു.
കോടതി നടപടികൾ, നിയമവ്യവസ്ഥ, അധികാര കേന്ദ്രങ്ങൾ എന്നിവയ്ക്കിടയിൽ നീതിക്കായി പോരാടുന്ന ഒരു സാധാരണക്കാരന്റെ ജീവിതമാണ് ഗാനത്തിന്റെ പ്രധാന പശ്ചാത്തലം. കോടതിമുറിയിലെ സംഘർഷഭരിതമായ രംഗങ്ങൾക്കൊപ്പം കുടുംബബന്ധങ്ങളും വൈകാരിക മുഹൂർത്തങ്ങളും ഉൾപ്പെടുത്തിയുള്ള ദൃശ്യാവിഷ്കാരം ചിത്രത്തിന്റെ കഥാലോകത്തെക്കുറിച്ചുള്ള കൂടുതൽ സൂചനകൾ നൽകുന്നു.
നിമിഷ സജയനും കരുണാസും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ‘എന്ന വിലൈ’യുടെ കഥയുടെ കേന്ദ്രം. കുടുംബജീവിതത്തിൽ നിന്ന് ആരംഭിക്കുന്ന കഥ പിന്നീട് സങ്കീർണമായ സാമൂഹിക, രാഷ്ട്രീയ, നിയമപരമായ സാഹചര്യങ്ങളിലേക്ക് നീങ്ങുന്നതായാണ് നേരത്തെ പുറത്തിറങ്ങിയ ട്രെയ്ലറും ഇപ്പോഴത്തെ ഗാനവും സൂചിപ്പിക്കുന്നത്.
സാധാരണക്കാരനും സംവിധാനവും തമ്മിലുള്ള സംഘർഷം വൈകാരികമായ തലത്തിൽ അവതരിപ്പിക്കുന്നതോടൊപ്പം ത്രില്ലർ സ്വഭാവവും നിലനിർത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു. സോഷ്യോ-പൊളിറ്റിക്കൽ ഘടകങ്ങളെയും ഫാമിലി ഡ്രാമയെയും കൂട്ടിച്ചേർക്കുന്ന ചിത്രത്തിന് പതിനാറാമത് ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ലഭിച്ചതായും അണിയറപ്രവർത്തകർ അറിയിച്ചു.
നേരത്തെ പുറത്തിറങ്ങിയ ‘കടലാടും സീമയിലെ’ എന്ന ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിന്റെ ഓഡിയോ അവകാശം ജി.വി. പ്രകാശ് കുമാറിന്റെ മ്യൂസിക് ലേബൽ സ്വന്തമാക്കിയിട്ടുണ്ട്. സാം സി.എസ്. ഒരുക്കുന്ന സംഗീതവും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.
രാമേശ്വരം, ചെന്നൈ, പോണ്ടിച്ചേരി, കൊച്ചി എന്നിവിടങ്ങളിലെ 56 ലൊക്കേഷനുകളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. നിമിഷ സജയനും കരുണാസിനുമൊപ്പം വൈ.ജി. മഹേന്ദ്രൻ, പൂർണ്ണിമ ഭാഗ്യരാജ്, മൊട്ട രാജേന്ദ്രൻ, വിജയലക്ഷ്മി, ഷാഷ, പ്രവീണ, കമലേഷ്, ഗോലി സോഡ പാണ്ഡി, ജെ.എസ്. കവി, മോഹൻ റാം, നിഴൽഗൽ രവി, വിവിയാന, ചേതൻ കുമാർ, കവിതാലയ കൃഷ്ണൻ, ടി.എസ്.ആർ. ശ്രീനിവാസ്, ലോള്ളൂ സഭ സ്വാമിനാഥൻ, കൊട്ടച്ചി, ദീപ ശങ്കർ, ചിത്ത ദർശൻ, കവി നക്കലൈറ്റ്സ്, കെ.പി.വൈ. കോദണ്ഡം, പശുപതി രാജ്, സൂപ്പർ ഗുഡ് സുബ്രമണി തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.
തമിഴിനൊപ്പം മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ‘എന്ന വിലൈ’ റിലീസ് ചെയ്യും. മലയാളത്തിൽ നിന്നുള്ള നിരവധി സാങ്കേതിക പ്രവർത്തകർ തമിഴ് ചിത്രത്തിനായി ഒന്നിക്കുന്നതും സിനിമയുടെ പ്രത്യേകതകളിലൊന്നാണ്.
🎵 ‘Vaan Meeru’ video song from #EnnaVilai is OUT NOW!
Starring Nimisha Sajayan & Karunaas, the track is composed by Sam CS, sung by Siva and penned by Karthik Netha.
🎬 Worldwide release: September 17, 2026#NimishaSajayan #Karunaas #SamCS pic.twitter.com/AVkV8sDDZV
— CinemaCafe™ Media (@cinemacafemedia) September 14, 2026
അണിയറ പ്രവർത്തകർ: രചന, സംവിധാനം – സജീവ് പാഴൂർ; നിർമ്മാണം – ജിതേഷ് വി, അനുഗോപാൽ വേണുഗോപാലൻ; ഛായാഗ്രഹണം – ആൽബി ആന്റണി; സംഗീതം – സാം സി.എസ്.; എഡിറ്റിംഗ് – ശ്രീജിത്ത് സാരംഗ്; പ്രൊഡക്ഷൻ കൺട്രോളർ – എം. ശിവകുമാർ; ആർട്ട് ഡയറക്ടർ – കെ. ശിവകൃഷ്ണ; ആക്ഷൻ – പി.സി. സ്റ്റണ്ട്സ്; കോ-ഡയറക്ടർ – രതീഷ്; കോസ്റ്റ്യൂം ഡിസൈനർ – ആർ. മുരുഗാനന്ദം; മേക്കപ്പ് – വി. ദിനേഷ്കുമാർ; എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സൽമാൻ കെ.എം.; സ്റ്റിൽസ് – കാർത്തിക് എ.കെ.; പ്രൊഡക്ഷൻ മാനേജർമാർ – ആർ. രാജീവ് ഗാന്ധി, പി. കാർത്തി; പി.ആർ.ഒ – ശബരി.
Vaan Meeru Video Song Out from Enna Vilai; Nimisha Sajayan–Karunaas Film Releases September 17
Vaan Meeru, the new video song from Nimisha Sajayan and Karunaas-starrer Enna Vilai, is out now. Composed by Sam CS and directed by Sajeev Pazhoor, the film releases worldwide on September 17, 2026.